സമൂഹത്തിൽ ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് നേരെ  ഇപ്പോഴും അതിക്രമങ്ങൾ ഉണ്ടാകുന്നുണ്ട്. അവരെ അം​ഗീകരിക്കാനും ബഹുമാനിക്കാനും പലർക്കും ഇപ്പോഴും കഴിയുന്നില്ല. ട്രാൻസ്ജെൻഡറായി ജനിച്ചതിന്റെ പേരിൽ സമൂഹത്തിൽ നിന്ന് അനുഭവിക്കേണ്ടി വന്ന ദുര:വസ്ഥകളെ കുറിച്ച് തുറന്ന് പറയുകയാണ് മുംബെെ സ്വദേശിയായ ട്രാൻസ്ജെൻഡർ യുവതി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.

 ട്രാൻസ്ജെൻഡറായ യുവതിയുടെ കുറിപ്പ്...

ചെറുപ്പത്തിൽ ഞാൻ സാരികൾ ധരിക്കാറുണ്ടായിരുന്നു. ട്രാൻസ്ജെൻഡറാണെന്ന കാര്യം ഞാൻ നേരത്തെ മനസിലാക്കിയിരുന്നു. വീടിന് സമീപത്തുള്ള ആൺകുട്ടികൾ എന്നെ വെറെ രീതിയിലാണ് കണ്ടിരുന്നത്. അവരിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ എന്നെ ഭീഷണിപ്പെടുത്തി, ഉപദ്രവിച്ചു, ബലാത്സംഗം ചെയ്തു. ആരും എനിക്കുവേണ്ടി നിന്നില്ല. എന്നെ നിയന്ത്രിക്കാൻ പൊലീസ് പോലും മാതാപിതാക്കളോട് പറഞ്ഞു.

 എന്റെ മാതാപിതാക്കൾ എന്നെ അവരുടെ കൂടെ പുറത്ത് കൊണ്ട് പോവുകയോ അവരോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ കൂടെയിരിക്കാനോ ഒന്നും തന്നെ സമ്മതിച്ചിരുന്നില്ല. അച്ഛനും അമ്മയും എന്നെ വെറുക്കുന്നുണ്ടെന്ന് ഞാൻ മനസിലാക്കി. പിന്നീട് അവരുടെ കൂടെ താമസിക്കാൻ പോലും എനിക്ക് പറ്റിലായിരുന്നു.

13 വയസ്സുള്ളപ്പോൾ, അവരെ കൂടുതൽ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ വീട് വിട്ട് ഇറങ്ങാൻ തീരുമാനിച്ചു. എന്റെ പഠനം, എന്റെ കുടുംബം, എനിക്കറിയാവുന്നതെല്ലാം ഞാൻ ഉപേക്ഷിച്ചു. മുംബെെയിലെ തെരുവുകളിൽ ഭിക്ഷ യാചിച്ചാണ് ഓരോ ദിവസങ്ങളും കഴിഞ്ഞ് പോയിരുന്നത്. രണ്ട് നേരത്തെ ഭക്ഷണത്തിനുള്ള കാശ് കിട്ടുമായിരുന്നു.

മുംബെെയിൽ ട്രാൻസ്ജെൻഡറായ കൂറെ സുഹൃത്തുക്കളെ കിട്ടി. അവരോടൊപ്പമാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. ഞാനിപ്പോൾ ഏറെ സന്തോഷത്തിലാണ്. സമൂഹത്തിൽ നിന്ന് ഞാൻ ഒന്ന് മാത്രമേ ആ​ഗ്രഹിക്കുന്നുള്ളൂ.. ട്രാൻസ്ജെൻഡറുകളോട് സ്നേഹത്തോടും ദയയോടും കൂടെയുള്ള പെരുമാറ്റം. ഞങ്ങളും മനുഷ്യരാണ്. അത് ഈ സമൂഹം ഇപ്പോഴും മനസിലാക്കുന്നില്ല.-  ട്രാൻസ്ജെൻഡറായ യുവതി പറയുന്നു.