തൃശ്ശൂര്‍:  അക്ഷരങ്ങളിലൂടെ വിജയരാജമല്ലിക വസന്തസേനനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. എന്നോ വന്നു ചേരാനുള്ള വസന്തസേനനുവേണ്ടി കാത്തിരിപ്പും തുടര്‍ന്നു. സ്വപ്നങ്ങളിലൂടെ മാത്രം കണ്ടറിഞ്ഞ വസന്തസേനന്‍ ഒടുവില്‍ അവള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടു, സുഹൃത്ത് ജാഷിമിന്‍റെ രൂപത്തില്‍.  വളരെനാള്‍ നീണ്ട സൗഹൃദത്തിനിടയില്‍ ഇരുവരും തിരിച്ചറിഞ്ഞു, തങ്ങള്‍ പരസ്പരം തേടിക്കൊണ്ടിരിക്കുകയായിരുന്നു. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് അവര്‍ ഇന്ന് വിവാഹജീവിതത്തിലേക്ക് കടന്നു. ആ വിവാഹനിമിഷങ്ങള്‍  വെറും പ്രണയസാഫല്യത്തിന്‍റേത് മാത്രമല്ല,വിജയരാജ മല്ലികയുടെ ജന്മസാഫല്യത്തിന്‍റേത് കൂടിയാണ്.

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ കവയിത്രിയായ വിജയരാജമല്ലികയും തൃശൂർ മണ്ണുത്തി സ്വദേശി ജാഷിമും  തമ്മിലുള്ള വിവാഹം തൃശൂർ ശാസ്ത്ര സാഹിത്യ പരിഷത്ത് ഹാളിലാണ് നടന്നത്. ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ വിജയരാജമല്ലിക വാഹിതയാകണമെന്നുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. പിന്നീടെപ്പോഴോ ആണ്  മണ്ണുത്തി സ്വദേശിയായ ജാഷിം എന്ന യുവാവ് മല്ലികയുടെ ജീവിതത്തിന്റെ ഭാഗമായത്.  

പ്രണയം അറിഞ്ഞതോടെ ജാഷിമിന്‍റെ വീട്ടുകാരുടെ ഭാഗത്തുനിന്നടക്കം ശക്തമായ എതിര്‍പ്പുണ്ടായി. നിരവധി ഭീഷണികളെയും എതിർപ്പുകളെയും മറികടന്നാണ്  ഇവര്‍ ഇന്ന് വിവാഹിതരായത്. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് ജാഷിം. താനാണ് വിജയരാജമല്ലികയുടെ വസന്തസേനനെന്ന് കഴിഞ്ഞ മാസമാണ് ജാഷിം വെളിപ്പെടുത്തിയത്. നവദമ്പതികൾക്ക് ആശംസകളുമായി നിരവധിപേർ വിവാഹവേദിയിലെത്തിയിരുന്നു.