ട്രെന്‍ഡുകള്‍ മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ലോകത്താണ് നാം ജീവിക്കുന്നത്. സ്ത്രീകളുടെ വസ്ത്രത്തില്‍ മാത്രമല്ല, പുരുഷന്മാരുടെ വസ്ത്രത്തിലുമുണ്ട് ട്രെന്‍ഡുകള്‍. ഏറ്റവും കൂടുതല്‍ ട്രെന്‍ഡി വസ്ത്രങ്ങള്‍ ഇറങ്ങുന്നത് ഓണത്തിനാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഓണക്കാലത്ത് സില്‍ക്ക്, കോട്ടണ്‍ കുര്‍ത്തികള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ട്.

സാരികളോടുളള സ്ത്രീകളുടെ ഇഷ്ടത്തിലും മാറ്റം വന്നിട്ടുണ്ട്. പട്ടുസാരികളോടുളള ഇഷ്ടം മാറി ഇപ്പോള്‍ കോട്ടണ്‍ സാരികളോടാണ് എല്ലാവര്‍ക്കും പ്രിയം. ഓണം അല്ലേ..അപ്പോള്‍ സെറ്റ് സാരിയോട് പ്രേമം കൂടുതലുമാണ്. സെറ്റ് സാരിയില്‍ തന്നെ കസവ് മാത്രമല്ല, പ്രിന്‍റഡ്  വരുന്ന സാരികളോട് പ്രത്യേക സ്നേഹമാണ്. കോളേജ് പെണ്‍കുട്ടികളാണ് ഇതിന്‍റെ ആളുകള്‍. ഓരോ ഓണക്കാലത്തും ഓരോ നിറം ട്രെന്‍ഡ് ആകാറുണ്ട്. ഈ വര്‍ഷത്തെ ട്രെന്‍ഡി നിറം പച്ചയാണ്. പച്ച നിറത്തിലുളള ബ്ലൌസാണ് ഈ ഓണത്തിന് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ വാങ്ങുന്നത്.

മാറിയ ഫാഷന്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ജീന്‍സ്- സാരി കോമ്പോയിലാണ്. ന്യു ജെന്‍ കോളേജ് പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ജീന്‍സിനോടൊപ്പം സാരിയുടുത്ത് പുതിയ ട്രെന്‍ഡും കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ചിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പെണ്‍കുട്ടികള്‍ ഷര്‍ട്ടും മുണ്ടും ഉടുത്ത് വരുന്നതും ഓണത്തിന് കാണാന്‍ കഴിയുന്ന ഒരു ഫാഷനാണ്.  ദാവണിയും പട്ടുപാവടയുമൊക്കെ പ്രിന്‍ഡ് വര്‍ക്കില്‍ കൂടുതല്‍ ഭംഗിയായിരിക്കുകയാണ്.