എല്ലാ ഓണത്തിന് സ്ഥിരമായി സ്വർണാഭരണങ്ങളാണല്ലോ നമ്മൾ അണിഞ്ഞ് വരുന്നത്. എന്നാൽ ഇനിയൊന്ന് മാറ്റി ചിന്തിച്ചൂടെ. വെള്ളി ആഭരണങ്ങൾ ഇപ്പോൾ ട്രെൻഡ് ആണ്. വിലക്കുറവും ട്രെൻഡി ലുക്കും ഈ ആഭരണത്തെ യുവജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കുന്നു. 

 വെള്ളി മുത്തുകൾ കോർത്തിണക്കിയ നെക്‌ലേസുകളാണ് ഇപ്പോഴത്തെ താരം. വെള്ളിയുടെ വകഭേദമായ ജർമൻ സിൽവർ ആണു കേട്ടോ ഇത്രയും പോപ്പുലറാകാൻ സഹായിച്ചത്. സിങ്കും കോപ്പറും, നിക്കലുമെല്ലാം എന്നോടൊപ്പം കൂട്ടിച്ചേർന്നാണ് ന്യൂജെൻ വെള്ളി ആഭരണങ്ങളായി മാറുന്നത്. 

പണ്ടെല്ലാം കാലിലും അരയിലും മാത്രമായി ഒതുങ്ങിയിരുന്ന വെള്ളി ആഭരണങ്ങള്‍ പിന്നീട് മാലയായും കമ്മലായും വളയായും അങ്ങനെ പല വിധത്തിലും പെണ്‍മനസ്സുകള്‍ കീഴടക്കിയിട്ട് നാള്‍ ഏറെയായെങ്കിലും ഇപ്പോഴും ട്രന്‍ഡ് മങ്ങാതെ ഫാഷന്‍ ലോകത്ത് തിളങ്ങി നില്‍ക്കുന്നു.

ബോള്‍ഡ് ആന്‍റ് ടഫ് ലുക്ക് നല്‍കുന്നതില്‍ വെള്ളി ആഭരണങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ഒറ്റകളര്‍ സാരിക്കൊപ്പം അധികം ആര്‍ഭാടമൊന്നുമില്ലാതെ ഒരു ചരടില്‍ വലിയ വെള്ളി ലോക്കറ്റ് ഇട്ട് കാതില്‍ ചെറിയ വെള്ളി സ്റ്റഡും കയ്യില്‍ സിംപിള്‍ വെള്ളി ഒറ്റ വളയും കൂടി ആയാല്‍ ബോള്‍ഡ് ലുക്കോടു കൂടി പുറത്തിറങ്ങാം.

ഫുള്‍ ലെത്ത് കുര്‍ത്തിക്കൊപ്പം വെള്ളി ആഭരണങ്ങള്‍ അണിയുന്നത് ആള്‍ക്കൂട്ടത്തില്‍ നിങ്ങളെ വ്യത്യസ്ഥരാക്കാന്‍ സഹായിക്കുന്നു. ഇന്‍ഡോ വെസ്‌റ്റേണ്‍ വസ്ത്രങ്ങള്‍ തരംഗമായിരിക്കുന്ന ഇക്കാലത്ത് ഇവക്കൊപ്പം മറ്റ് ആഭരണങ്ങളേക്കാള്‍ ഏറെ യോജിച്ച്‌ നില്‍ക്കുന്നതും വെള്ളി ആഭരണങ്ങള്‍ തന്നെ.