പൊണ്ണത്തടിയുള്ള കുട്ടികളെ കണ്ടാൽ പൊതുവേ കളിയാക്കുന്നവരാണ് അധികവും. കുട്ടികളിലെ അമിതവണ്ണത്തിന് കാരണം പ്രധാനമായി ജങ്ക് ഫുഡ് ആണെന്നാണ് പറയാറുള്ളത്. എന്നാൽ വില്ലൻ ജങ്ക് ഫുഡ് മാത്രമല്ല ടിവിയുടെ മുന്നിൽ മണിക്കൂറോളം കുത്തിയിരിക്കുന്ന എത്രയോ കുട്ടികളുണ്ട്. അമിതമായുള്ള ടിവി കാണലാണ് കുട്ടികളിൽ പൊണ്ണത്തടിയ്ക്കുള്ള പ്രധാന കാരണമായി പുതിയ പഠനം പറയുന്നത്.

സ്പെയിനിലെ ഹോസ്പിറ്റൽ ഡെൽ മാർ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. ശാരീരിക പ്രവർത്തനങ്ങൾ, ഉറക്കസമയം, ടെലിവിഷൻ സമയം, ഭക്ഷണ രീതി, അൾട്രാ പ്രോസസ്സ് ചെയ്ത ഭക്ഷണ ഉപഭോഗം എന്നിങ്ങനെ അഞ്ച് ജീവിതശൈലി ശീലങ്ങൾ നിരീക്ഷിച്ചാണ് ഗവേഷകർ വിശകലനം ചെയ്തതു. 1480 കുട്ടികളിലാണ് ​ഗവേഷകർ പഠനം നടത്തിയത്.

കുട്ടികളുടെ ജീവിതശൈലിയെക്കുറിച്ചുള്ള വിവിധ ചോദ്യാവലി തയ്യാറാക്കിയാണ് പഠനം നടത്തിയത്. ഗവേഷകർ കുട്ടികളുടെ ബോഡി മാസ് സൂചിക (ബി‌എം‌ഐ), അര, ചുറ്റളവ്, രക്തസമ്മർദ്ദം എന്നിവ അ‍ളക്കുകയും ചെയ്തു. പ്രവർത്തനക്ഷമത കുറവുള്ളവരും നാലു വയസ്സുള്ളപ്പോൾ ടെലിവിഷന് മുന്നിൽ കൂടുതൽ സമയം ചെലവഴിച്ചവരുമായ കുട്ടികൾക്ക് ഏഴു വയസ്സുള്ളപ്പോൾ അമിതഭാരം, മെറ്റബോളിക് സിൻഡ്രോം എന്നിവ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തിയതായി ​ഗവേഷകൻ റോവീദ് ബാവേക്കഡ് പറഞ്ഞു.

കുട്ടികളിൽ മറ്റ് പ്രവർത്തനങ്ങളായ വായന, ചിത്രരചന, പസിലുകൾ എന്നിവയ്ക്കായി ചെലവഴിച്ച സമയവും ഗവേഷകർ കണക്കാക്കി. എന്നിരുന്നാലും, ഈ പ്രവർത്തനങ്ങൾ അമിതവണ്ണത്തിന് കാരണമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ”കുട്ടികൾ ടെലിവിഷൻ കാണുമ്പോൾ, അനാരോഗ്യകരമായ ഭക്ഷണത്തിന്റെ ധാരാളം പരസ്യങ്ങൾ കാണുന്നുണ്ട്. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചേക്കാം,”- റോവീദ് പറഞ്ഞു.

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളായ പേസ്ട്രികൾ, മധുരപാനീയങ്ങൾ എന്നിവ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ ഉയർന്നതും പോഷകമൂല്യം കുറഞ്ഞതുമാണ്. നാല് വയസ്സുള്ളപ്പോൾ ഈ ഉൽ‌പ്പന്നങ്ങൾ‌ കൂടുതലായി കഴിക്കുന്നത് ഏഴ് വയസ്സിൽ‌ ഉയർന്ന ബി‌എം‌ഐയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. മാത്രമല്ല, ടെലിവിഷൻ കാണുന്നത് "ശാരീരിക പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുകയും ഉറക്കസമയം തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

കുട്ടികൾക്ക് ടിവി കാണാൻ ദിവസവും ക്യത്യമായ സമയം മാറ്റിവയ്ക്കുക, സ്പോർട്സിൽ പങ്കെടുപ്പിക്കുക, ആവശ്യത്തിന് ഉറക്കം, ധാരാളം പച്ചക്കറികൾ കഴിക്കുക, അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക ഇക്കാര്യങ്ങൾ നിർബന്ധമായും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് റോവീദ് പറഞ്ഞു.