പാമ്പുകളില്‍ത്തന്നെ അപൂര്‍വ്വമാണ് ഇരട്ടത്തലയുള്ളവ. കാട്ടില്‍പ്പോലും ഇത്തരം പാമ്പുകളെ അങ്ങനെ സാധാരണഗതിയില്‍ കാണാന്‍ സാധിക്കാറില്ലത്രേ. എന്നാല്‍ ഇരട്ടത്തലയുള്ള ഒരു പാമ്പിനെ നാട്ടില്‍ കണ്ടെത്തിയതിന്റെ കൗതുകത്തിലാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നാട്ടുകാര്‍. 

ബാലിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തി, ബൈക്ക് പാര്‍ക്ക് ചെയ്യവേയാണ് ഗസ്തി എന്നയാള്‍ അപൂര്‍വ്വയിനം പാമ്പിനെ കണ്ടത്. ഒരു കൈപ്പിടിയിലൊതുങ്ങുന്നയത്രയും മാത്രമായിരുന്നത്രേ ഇതിന്റെ വലിപ്പം. 

ആദ്യം എന്ത് ജീവിയാണെന്ന് തനിക്ക് മനസിലായില്ലെന്ന് ഗസ്തി പറയുന്നു. പിന്നീട് സൂക്ഷിച്ച് നോക്കിയപ്പോഴാണ് പാമ്പാണെന്ന് മനസിലായത്. അപ്പോഴും ഇതിന്റെ ഇരട്ടത്തല ഗസ്തിയില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് ഒരു വാഴയില അടര്‍ത്തിയെടുത്ത് പാമ്പിനെ അതിലേക്ക് മാറ്റി. 

ഗസ്തി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് ഏതിനത്തില്‍പ്പെടുന്ന പാമ്പാണെന്നോ, വിഷമുള്ളതാണെന്നോ എന്നൊന്നും ഇതുവരെ അറിവായിട്ടില്ല. എന്തായാലും ഇരട്ടത്തലയുള്ള പാമ്പിനെ കണ്ടെത്തുന്നത് തന്നെ അപൂര്‍വ്വ സംഭവമാണെന്നിരിക്കേ, ബാലിയില്‍ കണ്ടെത്തിയ പാമ്പ് വാര്‍ത്തകളിലും വ്യാപകമായി ഇടം നേടിക്കഴിഞ്ഞു. 

കഴിഞ്ഞ ദിവസം ഉഗ്രവിഷമുള്ള ഒരു ഇരട്ടത്തലയന്‍ പാമ്പിലെ യഎസില്‍ കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു. സാധാരണഗതിയില്‍ ഇരട്ടത്തലയന്‍ പാമ്പുകള്‍ക്ക് ആയുസ് കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇവയില്‍ ചിലതിനെങ്കിലും ദീര്‍ഘനാളത്തെ ആയുസും ഉണ്ടാകാറുണ്ട്. 20 വര്‍ഷം വരെ ജീവിച്ച ഇരട്ടത്തലയന്‍ പാമ്പും ചരിത്രത്തിലുണ്ടായിട്ടുണ്ട്.