തികച്ചും അപ്രതീക്ഷിതമായാണ് കൊവിഡ് 19 എന്ന വില്ലന്റെ പിടിയിലേക്ക് ലോകമാകെ അമര്‍ന്നത്. നേരത്തേ കൂട്ടി നമ്മള്‍ തയ്യാറാക്കി വച്ച പല പദ്ധതികളും കണക്കുകൂട്ടലുകളുമെല്ലാം ഇത് മൂലം മുടങ്ങിപ്പോയ അവസ്ഥയാണിപ്പോഴുള്ളത്. ഒത്തുകൂടലുകളും ആഘോഷങ്ങളുമെല്ലാം നമുക്ക് പാടെ ഉപേക്ഷിക്കേണ്ടിവന്നു. അതുകൊണ്ട് തന്നെ എത്രയോ വിവാഹങ്ങളാണ് മാറ്റിവച്ചത്. പിറന്നാളാഘോഷങ്ങള്‍, വിവാഹവാര്‍ഷികങ്ങള്‍ എന്ന് തുടങ്ങി എല്ലാ പരിപാടികളും വേണ്ടെന്നുവയ്‌ക്കേണ്ടി വന്നവര്‍ നിരവധിയാണ്. 

മുമ്പേ തീരുമാനിച്ചുവച്ച ചടങ്ങുകള്‍ ആളും ബഹളവുമില്ലാതെ ലളിതമായി നടത്തിയവരും ഇതിനിടെയുണ്ട്. അത്തരത്തില്‍ യുകെയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത രസകരമായൊരു വിവാഹത്തെപ്പറ്റിയാണ് ഇനി പറയുന്നത്. 

ആദം വുഡ്‌സും ലോറ ആക്ടണും വിവാഹിതരാകാന്‍ തീരുമാനിച്ചവരായിരുന്നു. എന്നാല്‍ കൊവിഡ് 19 ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ച യുകെയില്‍ കനത്ത നിയന്ത്രണങ്ങളാണ് നിലവില്‍ വന്നത്. ഇതെത്തുടര്‍ന്ന് ഇവര്‍ വിവാഹം വേണ്ടെന്ന് വച്ചു. എങ്കിലും ചടങ്ങ് മാറ്റിവയ്ക്കുന്നതെങ്ങനെ. അങ്ങനെ ഇരുവരും ചേര്‍ന്ന് ഒരു ബര്‍ഗര്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയ 'ഒനിയന്‍ റിംഗ്‌സ്' പരസ്പരം വിരലുകളില്‍ അണിയിച്ചു. ഇതാണ് നമ്മുടെ വിവാഹമെന്ന് പരസ്പരം പറഞ്ഞു, ചിരിച്ചു. 

തുടര്‍ന്ന് നേരെ ഹണിമൂണാഘോഷിക്കാന്‍ ലിവര്‍പൂളിലേക്കും പോയി. ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഈ 'രഹസ്യവിവാഹം' ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വൈറലാവുകയായിരുന്നു. സംഗതി അല്‍പം തമാശയുള്ളതാണെങ്കിലും ഇങ്ങനെയും വിവാഹം നടത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയര്‍ന്ന പ്രധാന അഭിപ്രായം. ഏതായാലും സാമൂഹികാകലം പാലിക്കാന്‍ പ്രിയപ്പെട്ട സമയങ്ങള്‍ മാറ്റിവയ്ക്കുന്നതിന് പകരം ഇത്തരത്തില്‍ രസകരമായ തരത്തിലും അതിനോട് ചേര്‍ന്നുനില്‍ക്കാവുന്നതാണ്, അല്ലേ?