സത്യം. ഇത് ഒരു കളിപ്പാട്ടമാണ്. ഒരു പാവക്കുട്ടിയുടെ ഫ്രെയിമിൽ, ലോകത്തിലെ ഏറ്റവും നല്ല ആർട്ടിസ്റ്റുകളിൽ ഒരാൾ പണിചെയ്‌തെടുത്ത ഒരു 'ഹൈപ്പർ റിയൽ' പാവക്കുട്ടി. ഈ പ്രക്രിയക്ക് പറയുന്ന സാങ്കേതിക നാമം 'റീബോർണിങ്' എന്നാണ്. ഇങ്ങനെ പുനർജനിക്കുന്ന കളിപ്പാട്ടങ്ങൾക്ക് പറയുന്ന പേര് 'റീബോർണേഴ്‌സ്' എന്നും. 

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ജീവിച്ചിരിക്കുന്ന, ജീവിച്ചിരുന്ന കുഞ്ഞുങ്ങളുമായി അപാരമായ സാമ്യമുള്ള കുഞ്ഞുപാവക്കുട്ടികളെ സൃഷ്ടിക്കുന്ന പതിവ് തുടങ്ങുന്നത്. അന്നുതൊട്ടിങ്ങോട്ട് ആ വ്യവസായം കൈവരിച്ച വളർച്ച അപാരമാണ്. സംഭവത്തിന് ആവശ്യമായി വന്നിട്ടുള്ള ടെക്‌നോളജിയും കലാചാതുരിയും അനുസരിച്ച് ഏതാനും ആയിരം ഡോളർ മുതൽ, ലക്ഷക്കണക്കിന് ഡോളർ വരെ ഇത്തരത്തിൽ ഒരു പാവക്കുട്ടിക്ക് ചെലവുവന്നേക്കാം. ഏറെ സമയമെടുത്ത് ചെയ്യേണ്ട അതി സങ്കീർണ്ണമായ പല ഘട്ടങ്ങളും ഇതിന്റെ നിർമാണത്തിന് പിന്നിലുണ്ട്. ഒരു റോബോ മോഡലിംഗ് ആർട്ടിസ്റ്റും ഒരു റീബോൺ ആർട്ടിസ്റ്റുമാണ് ഇതിൽ പ്രമുഖ പങ്കുവഹിക്കുന്ന രണ്ടുപേർ. അവരുടെ രണ്ടുപേരുടെയും പേരാണ് പ്രസിദ്ധമായ റീബോൺ പാവക്കുട്ടികളെപ്പറ്റി പറയുമ്പോൾ പരാമർശിക്കുക. 

 

 

ഇങ്ങനെ ഒരു റീബോൺ പാവക്കുട്ടിയെ ഉണ്ടാക്കിയെടുക്കുന്നത് പലപ്പോഴും കുഞ്ഞ് മരിച്ച് സങ്കടത്തിൽ ഇരിക്കുന്ന അമ്മമാരുടെ ആശ്വാസത്തിന് വേണ്ടി കൂടിയാണ്. മറ്റുള്ളവർക്ക് വേണമെങ്കിൽ  ഇവയെ പാവക്കുട്ടി എന്നൊക്കെ വിളിച്ച് നിസ്സാരവത്കരിക്കാം എങ്കിലും, ഉള്ള കുഞ്ഞ് മരിച്ചുപോയ ശേഷം കാണാൻ അതുപോലെ തന്നെയുള്ള ഒരു റീബോൺ പാവക്കുഞ്ഞിനെ പറഞ്ഞുണ്ടാക്കിച്ച് അതിനെ പരിപാലിക്കുന്നവർക്ക് അത് ശരിക്കും ഒരു കുഞ്ഞിനെപ്പോലെ തന്നെയാണ്. അവർ  ദിവസവും കുഞ്ഞിന്റെ ഉടുപ്പുകൾ മാറ്റി ഇടുവിക്കും. നെഞ്ചോട് ചേർത്തുകിടത്തി ചൂടുപകരും, ഉമ്മവെക്കും. പാലൂട്ടുന്നതായും, കാക്കയെയും പൂച്ചയേയും കാട്ടി ഭക്ഷണം കൊടുക്കുന്നതായി അവർ ഭാവിക്കും. കുഞ്ഞ് നഷ്ടപ്പെട്ടു എന്നത് അവർക്ക് നന്നായി അറിവുള്ള കാര്യം തന്നെയാണ്. എന്നാലും, ഇങ്ങനെയെങ്കിലും പരിചരിക്കുന്നതായി ഭാവിക്കുമ്പോൾ ആ നഷ്ടം ഉണ്ടാക്കിയ സങ്കടം ഒന്ന് കുറഞ്ഞുകിട്ടിയാലോ. അതാവും. 

ഈ പാവക്കുട്ടികളുടെ 'ഹൈപ്പർ റിയൽ ലുക്ക്' കാരണം പലപ്പോഴും ഇവ ശരിക്കുള്ള കുഞ്ഞുങ്ങളാണ് എന്നുതന്നെ പലരും കരുതാറുണ്ട്. കാറുകൾക്കുള്ളിലും മറ്റും വെച്ചുപൊയ്ക്കഴിഞ്ഞ്, വഴിയേ പോകുന്നവർ പൊലീസിനെ വിളിച്ചും ചില്ലുപൊളിച്ചും ഒക്കെ ഈ പാവക്കുട്ടികളെ 'രക്ഷിച്ച' കേസുകളും കുറവല്ല. 2016 മെയിൽ ന്യൂ ഹാംഷെയർ പൊലീസ് ഇത്തരത്തിൽ ഒരു പാവക്കുഞ്ഞിനെ രക്ഷിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പുറത്ത് നല്ല ചൂടുള്ള സമയത്ത് ആ കാറിനുള്ളിൽ ഒരു പുതപ്പിൽ പൊതിഞ്ഞുവെച്ച്, വായിൽ ഒരു പാൽക്കുപ്പിയും ഫിറ്റ് ചെയ്ത അവസ്ഥയിൽ ആയിരുന്നു ആ പാവക്കുട്ടി. ആരോ കാറിൽ നിന്ന് എടുക്കാൻ മറന്നിട്ടുപോയതാണ് എന്നുതന്നെ അതുവഴിവന്ന പോലീസുകാരൻ ധരിച്ചുപോയി. പുറമേ നിന്ന് നോക്കുമ്പോൾ കാണാൻ ഒരു കുഞ്ഞിനെപ്പോലെത്തനെയുണ്ടായിരുന്നു അത്. 

അമേരിക്കയിലെ ആഷ്ടൺ ഡ്രെയ്ക്ക് ഗാലറീസ്, പാരഡൈസ് ഗാലറീസ്തുടങ്ങിയ പല കമ്പനികളും ഇത്തരത്തിലുള്ള റീബോൺ പാവക്കുട്ടികളെ നിർമിച്ചു വിൽക്കുന്നുണ്ട്. നിരവധി ചലച്ചിത്രങ്ങളിലും വെബ് സീരീസുകളിലും ഇപ്പോൾ ഈ പ്രക്രിയ തിരക്കഥയുടെ ഭാഗമായി കടന്നുവന്നു കഴിഞ്ഞു. ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ  വെച്ച് പല തട്ടിപ്പുകളും അരങ്ങേറുകയും ചെയ്തിട്ടുണ്ട്. എന്തായാലും, ഇനി എവിടെയെങ്കിലും എന്തെങ്കിലും അസ്വാഭാവിക സാഹചര്യങ്ങളിൽ കുഞ്ഞുങ്ങൾ ഒറ്റയ്ക്ക് കണ്ടുകിട്ടിയാൽ അത് ഒറിജിനലാണോ എന്ന് ആദ്യം ആലോചിക്കേണ്ടി വരുന്നഅവസ്ഥയാകും എന്നാണ് തോന്നുന്നത്.