സിനിമാനടിമാരെ പോലെ സൗന്ദര്യം വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികളുണ്ട്. മൃദുലമായ ചര്‍മ്മം, മനോഹരമായ ചുണ്ടുകള്‍, മുടി ഇങ്ങനെ പലതും. സിനിമാനടിമാരുടെ  വസ്ത്രധാരണവും മേക്ക്അപ്പും അതുപോലെ തന്നെ അനുകരിക്കുന്ന പെൺകുട്ടികളുമുണ്ട്. സിനിമാനടിമാരുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി.

ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് തന്നെ സുന്ദരികളായിട്ടല്ലെന്നും ഒരുപാട് പേരുടെ പ്രവർത്തികളുടെ ഫലമായാണ് ഇങ്ങനെയിരിക്കുന്നതെന്നുമാണ് വരലക്ഷ്മി പറയുന്നത്. മേക്കപ്പ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.  സിനിമ നടിമാരെ പോലെ ​ആകണമെന്ന് ആ​ഗ്രഹിക്കുന്ന  സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ വീഡിയോ. സുന്ദരികളായല്ല ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് എന്ന് നിങ്ങളെ കാണിക്കാനാണ് ഈ വീഡിയോ. 

ഒരു കൂട്ടം ആളുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇങ്ങനെയാവുന്നത്. അതിനാല്‍ ഞങ്ങള്‍ പെര്‍ഫക്ടാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളെ പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്’ –വരലക്ഷ്മി കുറിച്ചു. ഒരു മണിക്കൂര്‍ നീണ്ട മേക്കപ്പ് വീഡിയോ ചെറുതാക്കിയാണ് വരലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. 

വരലക്ഷ്മിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.നേരത്തേ നടി കാജല്‍ അഗര്‍വാളും സമാനമായ സന്ദേശം പങ്കുവച്ചിരുന്നു. പിഗ്മന്റേഷനുള്ള മുഖം മേക്കപ്പ് ഇല്ലാതെ ചങ്കൂറ്റത്തോടെ കാജള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.