ലോക്ഡൗണ്‍ ആയതോടെ ടൗണുകളിലും നിരത്തുകളിലുമെല്ലാം ആള്‍ത്തിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യമാണുള്ളത്. മിക്ക രാജ്യങ്ങളിലേയും അവസ്ഥ ഇതുതന്നെ. മനുഷ്യരുടെ തിരക്കും ബഹളവും കുറഞ്ഞതോടെ പലയിടങ്ങളിലും വന്യമൃഗങ്ങള്‍ സൈ്വര്യ വിഹാരം നടത്തിവരുന്ന കാഴ്ചയും നമ്മള്‍ കണ്ടിരുന്നു. 

ഇക്കൂട്ടത്തിലിതാ ഏറ്റവും ഒടുവിലായി കാലിഫോര്‍ണിയിയല്‍ നിന്നുള്ള ഒരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആളൊഴിഞ്ഞ സ്ട്രീറ്റിലുളള ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് വളരെ ലാഘവത്തോടുകൂടി കയറിപ്പോകുന്ന കരടി. 

അകത്ത് അല്‍പനേരം ചിലവിട്ട ശേഷം ഒരു ചിപ്‌സ് പാക്കറ്റുമെടുത്ത് പുറത്തേക്ക് വരികയാണ് കക്ഷി. ഇതാണ് വീഡിയോ. ഇക്കഴിഞ്ഞ ആഴ്ചയില്‍ ഏതോ രാത്രിയിലാണ് രസകരമായ സംഭവമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന അദീന ബെയ്‌ദോ എന്ന യുവതിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

'രാത്രി ഒരു 9:30 കഴിഞ്ഞുകാണും. ഞാന്‍ ആ സൂപ്പര്‍ മാര്‍ക്കറ്റിന് തൊട്ടടുത്തുള്ള ഒരു സ്റ്റോറില്‍ ഷോപ്പിംഗിലായിരുന്നു. സാധനം വാങ്ങിയ ശേഷം സഞ്ചിയുമായി സ്ട്രീറ്റിലൂടെ നടക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് ആരോ ബഹളം വച്ചപ്പോഴാണ് എനിക്ക് മുമ്പില്‍ കുറച്ചകലെയായി കരടിയെ കണ്ടത്. ആ സമയത്ത് ആദ്യം എനിക്ക് പേടി തന്നെയാണ് തോന്നിയത്. പിന്നീട് അതിന്റെ നടത്തവും രീതികളുമെല്ലാം കണ്ടപ്പോള്‍ കൗതുകമായി. അങ്ങനെയാണ് വീഡിയോ പകര്‍ത്തിയത്..'- അദീന പറയുന്നു. 

അദീനയുടെ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആയിരക്കണക്കിന് പേരാണ് ഏറ്റെടുത്തത്. സമാനമായി, പല സ്ഥലങ്ങളിലും ലോക്ഡൗണ്‍ കാലത്ത് വന്യമൃഗങ്ങള്‍ ആശങ്കയില്ലാതെ സഞ്ചരിക്കുന്നതിന്റെ വീഡിയോകള്‍ പോയ മാസങ്ങളില്‍ പുറത്തുവന്നിരുന്നു.

വീഡിയോ കാണാം...

 

Also Read:- വീടിനുള്ളിൽ കയറാൻ ശ്രമിച്ച കരടിക്കുഞ്ഞിന്റെ ചെവിയ്ക്ക് പിടിച്ച് അമ്മക്കരടി; വെെറലായി വീഡിയോ...