ടിവി ഷോയ്ക്കിടെ അവതാരകര്‍ക്ക് പരിക്കേല്‍ക്കുന്നതും അപകടത്തിലാകുന്നതുമെല്ലാം പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. മിക്കപ്പോഴും സാഹസികതയെ ഇഷ്ടപ്പെടുന്നവര്‍ തന്നെയായിരിക്കും ഇങ്ങനെയുള്ള ഷോകളുമായി രംഗത്തെത്തുന്നതും.

അത്തരമൊരു ഷോയ്ക്കിടെ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും മറ്റും വൈറലായിക്കൊണ്ടിരിക്കുന്നത്. ഹിസ്റ്ററി ചാനലിലെ 'കിംഗ്‌സ് ഓഫ് പെയിന്‍' എന്ന ഷോയ്ക്ക് വേണ്ടിയായിരുന്നു ഓസ്‌ട്രേലിയക്കാരനായ ആദം തോണും സംഘവും ഇന്തോനേഷ്യയിലെത്തിയത്. 

ഇവിടെ വച്ച് ആറടി നീളമുള്ള കൂറ്റനൊരു പെരുമ്പാമ്പിനെ വച്ച് ഷോ ചെയ്യാനായിരുന്നു തീരുമാനം. എത്രമാത്രം അപകടകാരിയാണ് ഈ പാമ്പെന്ന് അവതാരകന്‍ തന്നെ നേരത്തേ വിശദീകരിക്കുന്നുണ്ട്. ഇതിന്റെ ആക്രമണത്തില്‍ ഒരുപക്ഷേ മരണം വരെ സംഭവിക്കാമെന്ന് അദ്ദേഹം പറയുന്നു. അതിന് ശേഷമാണ് ഒരു സഞ്ചിയില്‍ നിന്ന് വലിയൊരു മേശയുടെ മുകളിലേക്ക് പാമ്പിനെ തുറന്നുവിടുന്നത്. 

ചുറ്റും സഹായത്തിനായി സംഘം കൂടെത്തന്നെയുണ്ട്. മുഖത്ത് കടിയേല്‍ക്കാതിരിക്കാന്‍ ആദം മുന്‍കരുതലെടുത്തിരുന്നു. തുടര്‍ന്ന് മേശപ്പുറത്തിരിക്കുന്ന പാമ്പിനടുത്തേക്ക് ആദം തന്റെ ഇടതുകൈ നീട്ടിച്ചെന്നു. എത്തരത്തിലായിരിക്കും പാമ്പിന്റെ പ്രതികരണമെന്ന് പരീക്ഷിക്കലായിരുന്നു ലക്ഷ്യം. പാമ്പിന്റെ ഒരു കടിയെങ്കിലും ഇവര്‍ ഉറപ്പിച്ചിരുന്നു എന്നത് വ്യക്തമാണ്. എന്നാല്‍ ഇത്രമാത്രം ഭീകരമായൊരു ആക്രമണം ആരും പ്രതീക്ഷിച്ചില്ലെന്നാണ് എല്ലാവരുടേയും പ്രതികരണത്തില്‍ നിന്ന് മനസിലാക്കാനാവുക. 

ഒട്ടും സമയം പാഴാക്കാതെ തന്നെ പാമ്പ് ആദമിന്റെ കയ്യിലേക്ക് കുതിക്കുകയായിരുന്നു. വായ പിളര്‍ത്തിവച്ച് പിന്നീടത് ആദമിന്റെ കയ്യില്‍ കടിച്ചുതൂങ്ങി. വേദന കൊണ്ട് അവതാരകന്‍ നിലവിളിച്ചു. ആ സമയത്ത് സഹ അവതാരകനാണ് പാമ്പിനെ ആദമിന്റെ കയ്യില്‍ നിന്ന് വിടുവിച്ചത്. ഉടന്‍ തന്നെ മുറിവില്‍ നിന്ന് ചോര ചീറ്റുന്നത് കാണാമായിരുന്നു. 

ഏതായാലും സാഹസികമായ ഷോയ്ക്ക് ശേഷം അവതാരകന് കയ്യില്‍ തുന്നലിടേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം വലിയ രീതിയിലുള്ള പ്രചാരമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം സാഹസികതകള്‍ ജീവന് ഭീഷണി ഉയര്‍ത്തുമെന്നും ഇതിനെ അംഗീകരിക്കാനാകില്ലെന്നും വാദിച്ചുകൊണ്ട് ഒരു വിഭാഗവും ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ കാണാം...