'നസര്‍ കെ സാമ്‌നേ ജിഗര്‍ കെ പാസ്...' തൊണ്ണൂറുകളില്‍ ചെറുപ്പാക്കാരെ പ്രണയിക്കാന്‍ പഠിപ്പിച്ച ചിത്രമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന 'ആഷിഖി'യിലെ പ്രശസ്തമായ ഗാനമാണിത്. കുമാര്‍ സാനുവിന്റെ പ്രേമാതുരമായ ശബ്ദത്തില്‍ ആ ഗാനം എന്നെന്നേക്കുമായി സംഗീതപ്രേമികളുടെ മനസില്‍ കുടിയേറി. 

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഊബര്‍ ടാക്‌സി ഡ്രൈവറായ വിനോദിന്റെ ജീവിതത്തിലേക്ക് ഇപ്പോള്‍ വലിയൊരു ഭാഗ്യമായി കടന്നുവന്നിരിക്കുകയാണ് ഈ ഗാനം. യാത്രക്കാരനായി കയറിയ ഒരാള്‍ ഓട്ടം കഴിഞ്ഞപ്പോള്‍ വെറുതെ പാടാനാവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാറിലിരുന്ന് തന്നെ വിനോദ് ഈ പാട്ട് പാടുകയായിരുന്നു. 

ഇത് മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരന്‍ പിന്നീടിത്, ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വൈകാതെ വീഡിയോ കേറി ഹിറ്റായി. സംഗീതത്തില്‍ അല്‍പമൊക്കെ വാസനയുള്ളയാളാണ് വിനോദ്. സ്വന്തം യൂട്യൂബ് ചാനലും അദ്ദേഹത്തിനുണ്ട്. എങ്കിലും ഇത്രമാത്രം പുറംലോകം അഭിനന്ദിച്ചിട്ടുള്ള അവസരങ്ങള്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് വിനോദ് പ്രതികരിക്കുന്നത്. 

വിനോദിന്റെ പാട്ടിന് ആരാധകരായതോടെ അദ്ദേഹത്തെ അഭിനന്ദിച്ച് ഊബറും രംഗത്തെത്തിയിട്ടുണ്ട്. ഏതാനും നാളുകള്‍ക്ക് മുമ്പ് റാണാഘട്ടിലെ റെയില്‍വേ സ്റ്റേഷനിലിരുന്ന് റനു മണ്ഡാല്‍ എന്ന സ്ത്രീ പാട്ട് പാടുന്നതിന്റെ വീഡിയോ വൈറലായിരുന്നു. പാട്ട് ക്ലിക്കായതോടെ ഇവര്‍ക്ക് സിനിമയിലും പാടാന്‍ അവസരം കിട്ടി. അതുപോലെ ഒരവസരം വിനോദിനും നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആവശ്യപ്പെടുന്നത്. 

വീഡിയോ കാണാം...