Asianet News MalayalamAsianet News Malayalam

ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി പൊലീസുകാരന്‍; വീഡിയോ

സിഐഎസ്എഫ് സംഘവും മെട്രോ സ്‌റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് യുവതിയോട് തിരിച്ചുകയറാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ അവര്‍ അതിന് കൂട്ടാക്കിയില്ല. ഈ സമയം സ്ഥലത്തെത്തിയ പൊലീസുകാരില്‍ നിന്ന് ഒരു കോണ്‍സ്റ്റബിള്‍ യുവതിയുടെ ശ്രദ്ധയില്‍ പെടാതെ സൈഡ് വാളിന്റെ വശത്തുകൂടി അവര്‍ക്ക് സമീപത്തേക്ക് നടന്നെത്തി

video in which woman tries to commit suicide but police constable rescued her
Author
Delhi, First Published Jul 25, 2021, 3:33 PM IST

ജീവിതപ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ചിലര്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗം മരണമാണ്. എന്നാല്‍ ഇത് ഒരു സമയത്തിന്റെ മാത്രം ചിന്തയാണെന്നും, അതിനപ്പുറത്തേക്ക് ആ ചിന്തയ്ക്ക് യാതൊരു യുക്തിയില്ലെന്നും ഏവര്‍ക്കുമറിയാം. എങ്കില്‍ പോലും മോശമായ സമയത്തെ അതിജീവിക്കാന്‍ ശ്രമിക്കാതെ, അതിന് വേണ്ട മാര്‍ഗങ്ങള്‍ അന്വേഷിക്കാതെ പെട്ടെന്ന് തന്നെ ജീവിതമവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവരാണ് ആത്മഹത്യയിലെത്തിച്ചേരുന്നത്. 

അത്തരത്തില്‍ കടുത്ത തീരുമാനവുമായി ദില്ലിക്കടുത്ത് ഫരീദാബാദില്‍ സെക്ടര്‍ 28 മെട്രോ സ്‌റ്റേഷനിലെത്തിയതാണ് ഒരു യുവതി. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് അവര്‍ എങ്ങനെയോ മെട്രോ സ്‌റ്റേഷന്റെ സൈഡ് വാളില്‍ കയറിപ്പറ്റി. 

അവിടെ നിന്ന് താഴേക്ക് ചാടാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. എന്നാല്‍ ഇതിനിടെ സെക്യൂരിറ്റി ജീവനക്കാര്‍ ഇത് കാണുകയും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസിലും വിവരമറിയിച്ചു. 

സിഐഎസ്എഫ് സംഘവും മെട്രോ സ്‌റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് യുവതിയോട് തിരിച്ചുകയറാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ അവര്‍ അതിന് കൂട്ടാക്കിയില്ല. ഈ സമയം സ്ഥലത്തെത്തിയ പൊലീസുകാരില്‍ നിന്ന് ഒരു കോണ്‍സ്റ്റബിള്‍ യുവതിയുടെ ശ്രദ്ധയില്‍ പെടാതെ സൈഡ് വാളിന്റെ വശത്തുകൂടി അവര്‍ക്ക് സമീപത്തേക്ക് നടന്നെത്തി. 

പ്രതിരോധിക്കാന്‍ സമയം കൊടുക്കാതെ തന്നെ കോണ്‍സ്റ്റബിളും ഒപ്പം മുകളില്‍ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് ബലമായി യുവതിയെ തിരിച്ചുകയറ്റി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. 

എത്ര സാഹസികമായാണ് കോണ്‍സ്റ്റബിളും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം ഒരു ജീവന് വേണ്ടി കൈ കേര്‍ക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. അത്രമാത്രം വിലപ്പെട്ടതാണ് ഓരോ ജീവനുമെന്ന സന്ദേശം വീഡിയോ നല്‍കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കോണ്‍സ്റ്റബിള്‍ സര്‍ഫറാസിനെ പൊലീസ് കമ്മീഷ്ണര്‍ പ്രത്യേകം അഭിനന്ദിച്ചു.

ജോലിസംബന്ധമായ മാനസിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് താന്‍ ജീവിതമവസാനിപ്പിക്കാന്‍ മെട്രോ സ്‌റ്റേഷനിലെത്തിയതെന്ന് യുവതി പിന്നീട് പൊലീസുകാരെ അറിയിച്ചു. തുടര്‍ന്ന് അവര്‍ക്ക് കൗണ്‍സിലിംഗും നല്‍കിയാണ് തിരികെ വീട്ടുകാരെ ഏല്‍പിച്ചത്. 

ജീവിതം ആകെയും പോരാട്ടങ്ങളായിരിക്കുമെന്നും വിഷമതകളില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കാതെ ജീവിതത്തിന്റെ മൂല്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെ കമ്മീഷ്ണര്‍ ഒ പി സിംഗ് പറഞ്ഞു. 

വീഡിയോ കാണാം...

 

 

Also Read:- മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരോട് പറയരുതാത്ത ചിലത്...

Follow Us:
Download App:
  • android
  • ios