രണ്ടെണ്ണം അകത്തുചെന്നാല്‍ സ്ഥലകാലബോധം നഷ്ടപ്പെടുന്ന എത്രയോ മദ്യപാനികളെ നമ്മള്‍ കണ്ടിട്ടുണ്ട്, അല്ലേ? പൊതുവഴിയില്‍ നിന്ന് ഉറക്കെ ആരോടെന്നില്ലാതെ വഴക്കുണ്ടാക്കുകയും, അടിപിടി കൂടുകയും ഒക്കെ ചെയ്യുന്നവരെ കണ്ടിട്ടില്ലേ?

എന്നാല്‍ ഇത് അതൊന്നുമല്ല സംഗതി, അടിച്ച് ഫിറ്റായി കാഴ്ച ബംഗ്ലാവില്‍ പോയി. അങ്ങനെ നടന്ന് മൃഗങ്ങളെ കാണുന്നതിനിടയില്‍ ഒരു ജിറാഫിനെ കണ്ടു. കണ്ട ഉടനേ, അതിന്റെ പുറത്ത് കയറി ഒരു സവാരിയായാലെന്താ എന്നൊരു തോന്നല്‍. 

പിന്നെ ചിന്തിച്ച് നേരം കളഞ്ഞില്ല. സന്ദര്‍ശകരെ നിയന്ത്രിക്കാനുള്ള ബാരിക്കേഡും, ഇരുമ്പ് വേലിയും ചാടിക്കടന്ന് നേരെ ജിറാഫിന്റെ കൂട്ടിലേക്ക്. ജിറാഫ് നല്ല ബോധത്തിലായിരുന്നത് കൊണ്ട്, അത് അഹിതമായൊന്നും തിരിച്ചുചെയ്തില്ല. എന്ന് മാത്രമല്ല, മദ്യപാനിയായ സന്ദര്‍ശകന്റെ ആശ അത് നിറവേറ്റുകയും ചെയ്തു. 

അങ്ങനെ അജ്ഞാതനായ മദ്യപാനി, കുതിരയുടെ മേല്‍ സവാരി നടത്തും പോലെ, ജിറാഫിന് മുകളിലും ഒരു റൗണ്ട് സവാരി നടത്തി. സവാരി കഴിഞ്ഞ് തിരിച്ച് കൂട്ടില്‍ നിന്നിറങ്ങാന്‍ ഇത്തിരി പാടുപെട്ടെങ്കിലും സുരക്ഷിതനായി അയാള്‍ തിരിച്ചിറങ്ങി. 

ഈ സമയം കാഴ്ചബംഗ്ലാവിലുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'turkestan today' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സംഭവം നടന്നത് ഖസാക്കിസ്ഥാനിലെ ഒരു മൃഗശാലയിലാണ്. എന്നാല്‍ വീഡിയോ വൈറലായതോടെ സംഭവത്തില്‍ അജ്ഞാതനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

മദ്യപിച്ച് മൃഗശാലയിലെത്തുകയും ചട്ടവിരുദ്ധമായി മൃഗങ്ങളുടെ കൂട്ടിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തതിനാണത്രേ കേസ്. രണ്ടെണ്ണം അടിച്ച്, ജിറാഫിനെ കണ്ടപ്പോള്‍ കുതിരയാണെന്ന് തോന്നിയത്- ഒരു തെറ്റ് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയിലും പലരും അഭിപ്രായപ്പെടുന്നത്. 

രസകരമായ വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Туркестан | Түркістан (@turkestan_today) on Jul 27, 2019 at 4:47am PDT