കുട്ടികള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാതാപിതാക്കള്‍ ശാസിക്കുകയും, ചിലപ്പോഴൊക്കെ ചെറിയ ശിക്ഷകള്‍ നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ശാസനയും ശിക്ഷയുമൊന്നും പലപ്പോഴും തന്റെ തെറ്റ് മനസിലാക്കാന്‍ കുട്ടിയെ സഹായിച്ചെന്ന് വരില്ല. 

സ്‌നേഹപൂര്‍വ്വം കുട്ടികളോട് തെറ്റിനെക്കുറിച്ച് വിശദീകരിക്കാനും അതിന്റെ മോശം വശങ്ങളെക്കുറിച്ച് പറഞ്ഞ്, അവരെ തിരുത്താനും മാതാപിതാക്കള്‍ക്കാകണം. ഇതിന് ഉത്തമ ഉദാഹരണമാവുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. 

ക്ലാസ്‌മേറ്റിന്റെ ജാക്കറ്റുമായി വീട്ടിലെത്തിയ നഴ്‌സറിക്കുട്ടിയും അവളുടെ അച്ഛനും തമ്മിലുള്ള സംഭാഷണമാണ് വീഡിയോ. ജാക്കറ്റ് എവിടെ നിന്ന് കിട്ടിയെന്നാണ് ആദ്യം അച്ഛന്‍ ചോദിക്കുന്നത്. തെറ്റ് പിടിക്കപ്പെടുമോ എന്ന ആശങ്കയില്‍ കൊച്ചു പെണ്‍കുട്ടി സ്വതസിദ്ധമായ ശൈലിയില്‍ കള്ളങ്ങള്‍ പറയുന്നു. 

അഞ്ച് രൂപയ്ക്ക് കടയില്‍ നിന്ന് വാങ്ങിയതാണ് ജാക്കറ്റെന്ന അവളുടെ മറുപടി ആരെയും ചിരിപ്പിക്കും. ഏത് കടയില്‍ നിന്നെന്ന് ചോദിക്കുമ്പോള്‍ 'ജാക്കറ്റ്' എന്ന കടയില്‍ നിന്നാണെന്ന് മറുപടി. തുടര്‍ന്ന് അച്ഛന്‍ പതിയെ കാര്യത്തിലേക്ക് കടക്കുന്നു. 

ക്ലാസിലാര്‍ക്കെങ്കിലും ഇതുപോലുള്ള ജാക്കറ്റുണ്ടോയെന്നായിരുന്നു അച്ഛന്റെ അടുത്ത ചോദ്യം. ആ ചോദ്യത്തിന് മുന്നില്‍ കുഞ്ഞിന് പിടിച്ചുനില്‍ക്കാനാകുന്നില്ല. അവള്‍ നിഷ്‌കളങ്കമായി മറുപടി പറയും. ക്ലാസ്‌മേറ്റിന് ഇതുപോലൊരു ജാക്കറ്റുണ്ട്. 

പിന്നീട്, ഈ ജാക്കറ്റ് നമുക്ക് തിരിച്ചുകൊടുക്കണം, ഇത് നമ്മളെടുക്കാന്‍ പാടില്ലെന്ന് സ്‌നേഹപൂര്‍വ്വം അവളോട് പറയുകയാണ് അച്ഛന്‍. മില എന്ന പെണ്‍കുട്ടിയാണ് വീഡിയോയിലെ താരം. അവളുടെ ആന്റിയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

കോടിയിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ലക്ഷക്കണക്കിന് ഷെയറും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ നോക്കേണ്ടത് ഇതുപോലെയാണെന്നും മുതിര്‍ന്നവര്‍ക്ക് മാതൃകയാക്കാവുന്ന ശിക്ഷണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് നിരവധി പേര്‍ കുറിച്ചത്.

വീഡിയോ കാണാം...