ദൈനംദിന ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ മറികടക്കാന്‍ ലഘുവായ ഉപായങ്ങള്‍ തേടാത്ത മനുഷ്യരില്ല. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ തങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ തന്നെ കണ്ടെത്തുന്ന ഉപായങ്ങളുടെ മൂല്യമോ വലിപ്പമോ ഒന്നും സാധാരണക്കാര്‍ തിരിച്ചറിയാറില്ല എന്നതാണ് സത്യം. 

ഇവിടെയിതാ അങ്ങനെയൊരു സാധാരണക്കാരന്റെ ഉപായത്തിന് ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം ലഭിച്ചുകൊണ്ടിരിക്കുകയാണ്. തെരുവില്‍ പഴക്കച്ചവടം നടത്തുന്നൊരു യുവാവാണ് താരം. കൂട്ടിയിട്ടിരിക്കുന്ന മാതളങ്ങളെ 'സൈസ്' അനുസരിച്ച് നാല് കുട്ടകളിലേക്ക് മാറ്റുകയാണ് അദ്ദേഹം. 

ഇതിനായി 'സൈസ്' അളന്ന് പഴങ്ങളെ വേര്‍തിരിച്ചിടാന്‍ അദ്ദേഹം സ്ഥാപിച്ചിരിക്കുന്ന ഉപകരണമാണ് ശ്രദ്ധേയമാകുന്നത്. രണ്ട് ഇരുമ്പ് കമ്പികള്‍ പരസ്പരം അകന്നിരിക്കത്ത വിധത്തില്‍ ഒരു സ്റ്റാന്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇരു കമ്പികള്‍ക്കുമിടയിലുള്ള അകലം ആദ്യം ചെറുതും പിന്നീട് വലുതുമായി വരുന്ന രീതിയിലാണ്. പഴങ്ങള്‍ ഓരോന്നായി ഇതിലേക്ക് എടുത്തുവയ്ക്കുന്നതോടെ സൈസിന് അനുസരിച്ച് ഇവ ഓരോ കുട്ടകളിലേക്കായി വീഴുന്നു. 

 

 

ഇതാണ് ഈ യുവാവ് കണ്ടെത്തിയ 'ടെക്‌നോളജി'. സൈസിന് അനുസരിച്ച് സാധനങ്ങളെ വേര്‍തിരിച്ച് പാക്ക് ചെയ്യാന്‍ ലോകത്തില്‍ ഇത്രയും ലളിതമായ ഒരു ഉപായമില്ലെന്ന തലക്കെട്ടോടുകൂടി വലാ അഫ്ഷാര്‍ എന്നയാളാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. 'മൊമന്റോസ് വൈറേല്‍സ്' എന്ന പേജിലാണത്രേ ആദ്യമായി ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

എന്തായാലും ട്വിറ്ററില്‍ ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. കച്ചവടക്കാരന്റെ ബുദ്ധിയെ പ്രകീര്‍ത്തിച്ച് ധാരാളം പേര്‍ കമന്റുകളുമിട്ടിട്ടുണ്ട്. 

Also Read:- 'അദ്ദേഹത്തെ മറക്കാനാകില്ല'; കൊവിഡ് ബാധിച്ച് മരിച്ച തെരുവുകച്ചവടക്കാരന്റെ കുടുംബത്തിന് താങ്ങായി നാട്ടുകാർ...