ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവരുടെ അസ്ഥിത്വം തുറന്നുപറയാനും ജീവിക്കാനും ഉള്ള സാഹചര്യം ഉരുത്തിരിയുന്നതിലേക്ക് സമൂഹം ചുവടുവച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും അവരെ അംഗീകരിക്കാന്‍ ഇന്നും ഒരു വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. ട്രാന്‍സ്ജെന്‍ഡറുകള്‍ അവരുടെ ചെറുപ്പകാലത്ത് നേരിട്ട അനുഭവങ്ങള്‍ പലപ്പോഴും അവര്‍ സമൂഹത്തോട് വിളിച്ചുപറയാറുണ്ട്. അത്തരത്തില്‍ ഗംഗ എന്ന ട്രാന്‍സ്ജെന്‍ഡറും തന്റെ ജീവിത കഥ ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.  

'കുട്ടിക്കാലം തൊട്ടേ പെണ്ണത്തം എന്റെ മനസ്സില്‍ ഉറച്ചിരുന്നു. അമ്മ വീട്ടിലില്ലാത്തപ്പോള്‍ അമ്മയുടെ സാരി ഉടുത്ത് നോക്കും. ആണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിച്ച് നടക്കുമ്പോള്‍ ഞാന്‍ അടുത്ത വീട്ടിലെ പെണ്‍കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കൂടും. എന്റെ സഹോദരിയുടെ വസ്ത്രങ്ങളോടായിരുന്നു എനിക്ക് ഇഷ്ടം'-ഗംഗ കുറിച്ചു. 

പെണ്ണിനെപ്പോലെ നടക്കുന്നു എന്ന് പറഞ്ഞ് സ്‌കൂളില്‍ കുട്ടികള്‍ കളിയാക്കിയിരുന്നു. അവരെന്നെ ആണുംപെണ്ണും കെട്ടവനെന്നൊക്കെ വിളിച്ച് പരിഹസിക്കുമായിരുന്നു. കളിയാക്കല്‍ ഭയന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടാനായി പിന്നീട് എന്‍റെ ശ്രമം. എന്നാല്‍ അതൊക്കെ അപമാനത്തിലാണ് എത്തിച്ചത്. അവര്‍ക്കൊപ്പം കളിക്കാന്‍ പോകുമ്പോഴായിരുന്നു കൂടുതല്‍ അപമാനം നേരിട്ടത്. അവരുടെ രഹസ്യഭാഗത്ത് സ്പര്‍ശിക്കാനും മറ്റും അവര്‍ ആവശ്യപ്പെടുമായിരുന്നു. ഇക്കാര്യം വീട്ടില്‍ പരാതിപ്പെട്ടപ്പോള്‍ അവര്‍ എന്നെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. ആണ്‍കുട്ടിയെപ്പോലെ പെരുമാറൂ എന്നാണ് അവര്‍ ആവശ്യപ്പെട്ടത്.

ഞാന്‍ ഏറ്റവും കൂടുതല്‍ തകര്‍ന്നത് എന്റെ അധ്യാപികയുടെ ചോദ്യത്തിന് മുന്നിലായിരുന്നു. 'നീ ആണാണോ അതോ പെണ്ണാണോ' ടീച്ചര്‍ ചോദിച്ചു. അതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട പോലെ തോന്നി. ആരോട് ഇതിനെ പറ്റി സംസാരിക്കണമെന്നോ എന്ത് ചെയ്യണമെന്നോ എനിക്കറിയില്ലായിരുന്നു. ജീവിതം തന്നെ മടുത്തപോലെയായിരുന്നു. പിന്നീട് 2015 ല്‍ മുംബൈയില്‍ നടന്ന ക്വീര്‍ പ്രൈഡ് പരേഡില്‍ പങ്കെടുത്തു. മനോഹരമായ നിറങ്ങളുള്ള ഒരു സാരിയാണ് ഞാന്‍ ഉടുത്തിരുന്നത്. എനിക്കറിയാത്ത ഒരുപാട് ആളുകള്‍ അടുത്ത് വന്ന് സാരി മനോഹരമാണെന്ന് പറഞ്ഞു.

'പരേഡിനിടെ ഗായകനായ വിശാല്‍ ശ്രീവാസ്തവയെ കണ്ടുമുട്ടിയതാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. വാജൂദ് എന്ന സിനിമയില്‍ ഒരു റോള്‍  ഉണ്ട് താല്‍പര്യം ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.  ജീവിതത്തിലെ ടേണിങ് പോയിന്റായിരുന്നു അത്. സിനിമ ഇറങ്ങിയപ്പോള്‍ ധാരാളം പേര്‍ അഭിനന്ദനവുമായി എത്തി. ഇന്ന് ഞാനൊരു ഡാന്‍സ് റിയാലിറ്റി ഷോ ഹോസ്റ്റാണ്. സങ്കടങ്ങളുടെ ദിനങ്ങള്‍എനിക്കുമുണ്ടാകാറുണ്ട്. അതിനെയെല്ലാം മറികടന്ന ഞാന്‍ എന്നിലെ സൗന്ദര്യത്തെ തിരിച്ചറിയുന്നു'- ഗംഗ പറഞ്ഞു.