Asianet News MalayalamAsianet News Malayalam

ന്റെ കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ്, ചൂരലും ശിക്ഷയും വേണ്ട; വൈറല്‍ മാഷ് സംസാരിക്കുന്നു!

സുജിത്ത് മാഷ് അധ്യാപക ജോലി തുടങ്ങിയിട്ട് ഏഴ് വര്‍ഷമായി. ആദ്യകാലത്ത് നമ്മളെല്ലാം കണ്ടുവന്നിരുന്ന തരം അധ്യാപക റോള്‍മോഡല്‍ അനുകരിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നതെന്ന് സുജിത്ത് മാഷ് പറയുന്നു.

viral school teacher sujith kodakkad talks with asianet news nbu
Author
First Published Nov 13, 2023, 5:35 PM IST

യ്യില്‍ ചൂരലുമായി കണ്ണുരുട്ടുന്ന അധ്യാപകര്‍. അവരുടെ പേര് കേട്ടാല്‍ പോലും വിറയ്ക്കുന്ന കുട്ടികള്‍. ഒരു കാലത്ത് ഇങ്ങനെയൊക്കെയായിരുന്ന ക്ലാസ്മുറികള്‍ ഇന്ന് പഴങ്കഥയാകുകയാണ്. ന്യൂജനറേഷന്‍ ക്ലാസ് മുറികള്‍ക്ക് സ്വഭാവം വേറെയാണ്. കുട്ടികള്‍ മാറി, ഒപ്പം അധ്യാപകരും. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ അധ്യാപകന്റെയും വിദ്യാര്‍ത്ഥികളുടെയും വീഡിയോ. കാസര്‍കോട് ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂളിലെ സുജിത്ത് മാഷിന്റെയും കുട്ടികളുടേയും വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

തമാശയും കളിയും ചിരിയും നിറഞ്ഞ ഒരു ക്ലാസ് മുറി. വിദ്യാര്‍ത്ഥികളുടെ ഉത്തര പേപ്പര്‍ നോക്കുന്ന അധ്യാപകന്‍. അടുത്ത കൂട്ടുകാരനോട് എന്ന പോലെ കളിച്ചും ചിരിച്ചും അധ്യാപകനോട് ഇടപെടുന്ന കുട്ടികള്‍. ആരുടെയും  മനസ്സുനിറയ്ക്കുന്ന ഈ വീഡിയോ പെട്ടെന്ന് വൈറലായി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ഷെയര്‍ ചെയ്തു. 'കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍ സെന്‍ട്രല്‍ യു പി സ്‌കൂളിലെ സുജിത്ത് മാഷും കുട്ട്യോളും...' എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചത്.

എന്തൊക്കെയാണ് നമ്മുടെ ക്ലാസ് മുറികളില്‍ സംഭവിക്കുന്നത്? എന്തൊക്കയാണ് പോസിറ്റീവായ മാറ്റങ്ങള്‍? മാഷും കുട്ടികളും തമ്മിലുള്ള ബന്ധം ഇത്ര സൗഹൃദപരമാവുന്നത് എങ്ങനെയാണ്? ആ വീഡിയോ കണ്ട് അതിശയിച്ച് നാടെങ്ങുമുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ച ഇത്തരം ചില ചോദ്യങ്ങള്‍, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ സുജിത്ത് മാഷിനോട് ചോദിച്ചു. മാഷ് അതിനുത്തരം നല്‍കി.  

എന്റെ കുട്ടികള്‍ അങ്ങനെയാണ്...

തന്റെ കുട്ടികളുടെ നിഷ്‌കളങ്കതയാണ് ആ വീഡിയോയില്‍ നിറഞ്ഞ് നില്‍ക്കുന്നതെന്ന് സുജിത്ത് മാഷ് പറയുന്നു. 'ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ പേപ്പര്‍ നോക്കുകയായിരുന്നു ഞാന്‍. അതിനിടെ കുട്ടികള്‍ മേശയുടെ അടുത്തേക്ക് വന്നു. ഉത്തരം വായിച്ച് ഇത് ശരിയാണോ എന്ന് കുട്ടികളോട് ചോദിക്കുകയും കുട്ടികള്‍ അതിന് മറുപടി പറയുകയും ചെയ്യുകയായിരുന്നു. അതിനിടെ, എന്റെ ഫോണില്‍ ഒരു വിദ്യാര്‍ത്ഥി തന്നെയാണ് ആ വീഡിയോ എടുത്തത്.''-സുജിത്ത് മാഷ് പറയുന്നു.

''കുട്ടികളെ പേടിപ്പിച്ച് പഠിപ്പിക്കുന്നതിനെക്കാള്‍ നല്ലത് സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുന്നതാണെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ തന്നെ പറയുന്നത്.'' കുട്ടികളെ പേടിപ്പിച്ച് നിറുത്തിയിരുന്നു ഒരു അധ്യാപകന്‍ തന്നെയായിരുന്നു മുമ്പ് താനുമെന്നും എന്നാല്‍ കാലം അതിനെ മാറ്റിയെന്നും സുജിത്ത് മാഷ് പറയുന്നു. ഇപ്പോഴും പൂര്‍ണമായി മികച്ച അധ്യാപകനായി എന്ന ചിന്ത തനിക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കാലം മാറ്റിയെടുത്തൊരു അധ്യാപകന്‍...

സുജിത്ത് മാഷ് അധ്യാപക ജോലി തുടങ്ങിയിട്ട് ഏഴ് വര്‍ഷമായി. ആദ്യകാലത്ത് നമ്മളെല്ലാം കണ്ടുവന്നിരുന്ന തരം അധ്യാപക റോള്‍മോഡല്‍ അനുകരിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നതെന്നും കുട്ടികളെ പേടിപ്പിച്ച് നിറുത്തണം എന്നാണ് കരുതിയിരുന്നതെന്നും സുജിത്ത് മാഷ് പറയുന്നു. എന്നാല്‍ ഇന്ന് ആ ചിന്ത മാറി. പല അധ്യാപകരുടെ ഇടപെടലും വായനയും സ്വയം പുതുക്കാന്‍ സഹായിച്ചിട്ടുണ്ട്. പഴയ രീതിയല്ല ഇപ്പോള്‍ സ്‌കൂളുകളിലുമുള്ളത്. പുതിയ വിദ്യാഭ്യാസ രീതി അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം വളരെ സൗഹാര്‍ദ്ദപരമായി മാറ്റി. പഴയ കാലത്തെ വെച്ച് താരതമ്യം ചെയ്യുമ്പോഴാണ് ഈ വീഡിയോയില്‍ കൗതുകം തോന്നുന്നതെന്ന് സുജിത്ത് മാഷ് കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ കാര്യവും കുട്ടികള്‍ വന്ന് പറയാറുണ്ട്. നമ്മള്‍ അവരോട് കാണിക്കുന്നതിന്റെ ഇരട്ടി അടുപ്പം അവര്‍ തിരിച്ച് കാണിക്കുമെന്നും സുജിത്ത് പറയുന്നു.

പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റം...

"സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ മേഖലയെ വലിയതോതിൽ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. സ്കൂളുകൾ അടച്ച് പൂട്ടാൻ തീരുമാനിക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്ന്, പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർദ്ധിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് കുട്ടികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് കടന്നുവരുന്നത്. ഇതിന് കാരണം അവിടുത്തെ പഠനാന്തരീക്ഷം കൂടിയാണ്."-സുജിത്ത് മാഷ് പറയുന്നു.

ഇപ്പോൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ വീഡിയോ ഒരു അത്ഭുതമായി തോന്നുന്നില്ലെന്നും സുജിത്ത് പറയുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ മിക്കവാറും എല്ലാ അധ്യാപകരും ഇതുപോലെ തന്നെയാണ് കുട്ടികളോട് ഇടപെടുന്നത്. എന്നെക്കാൾ നന്നായി കുട്ടികളോട് ഇടപെടുന്ന അധ്യാപകർ തന്റെ സ്കൂളിലും കേരളത്തിലെ പല പൊതുവിദ്യാലയങ്ങളിലും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നല്ലൊരു അധ്യാപനത്തിന് ഏറ്റവും ഗുണകരമായി മാറുന്നത് വിദ്യാലയം അന്തരീക്ഷമാണ്. ഉദിനൂർ സെൻട്രൽ യു പി സ്കൂളിനെ നയിക്കുന്നത് ഒരു ജനകീയ കമ്മിറ്റിയാണ്. ഉദിനൂർ എഡ്യൂക്കേഷണൽ സൊസൈറ്റി എന്നാണ് ആ  കമ്മിറ്റിയുടെ പേര്. 2013 കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനം ഏറ്റെടുത്തത് മുതൽ വലിയ മാറ്റങ്ങൾ ഉണ്ടായി. മുമ്പ് പലക കൊണ്ട് ക്ലാസ് മുറികളിൽ നിന്ന് രണ്ട്  നിലയുള്ള കെട്ടിടങ്ങൾ ഉൾപ്പടെ മൂന്ന് കെട്ടിടങ്ങളിലായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു നാടിന്റെ സ്കൂളാണ് ഉദിനൂർ സെൻട്രൽ യു പി സ്കൂളെന്നും സുജിത്ത് പറയുന്നു.

കുട്ടികള്‍ ചരിത്രം അറിഞ്ഞ് പഠിക്കട്ടെ...

സോഷ്യല്‍ സയന്‍സാണ് സുജിത്ത് മാഷിന്റെ വിഷയം. പാഠപുസ്തകത്തില്‍ നിന്ന് ചരിത്രം മാറ്റി നിർത്തുന്ന കാലത്ത് ചരിത്രം രസകരമായി പഠിപ്പിക്കാനാണ് ഇഷ്ടമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കാലഘട്ടവും വാര്‍ത്തകളുമായെല്ലാം ബന്ധപ്പെടുത്തിയാണ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കാതെ അതിന്റെ സത്ത മനസിലാക്കി വേണം പഠിക്കാനും പഠിപ്പിക്കാനുമെന്നും അദ്ദേഹം പറയുന്നു.

കണ്ണൂര്‍- കാസര്‍കോട് ജില്ലകള്‍ക്കിടയിലെ അതിര്‍ത്തി ഗ്രാമമായ കൊടക്കാടാണ് സുജിത്തിന്റെ സ്വദേശം. ഭാര്യ രമ്യ  അധ്യാപികയാണ്. മകന്‍: ഈഥന്‍

Follow Us:
Download App:
  • android
  • ios