പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് നവവധുവിന്റെ നാണവുമായി കല്യാണപ്പന്തലിലേക്കിറങ്ങുന്ന പെണ്‍കുട്ടികളുടെ കാലമൊക്കെ കടന്നുപോയി. വിവാഹമെന്നത് വീട്ടുകാരില്‍ നിന്ന് വേര്‍പെട്ടുകൊണ്ട് പുതിയൊരു ലോകത്തേക്കുള്ള പറിച്ചുനടലാണെന്ന ചിന്തയില്‍ ആധി കയറി, അതേ ആശങ്കയില്‍ നിന്നുകൊണ്ട് ആഘോഷങ്ങളിലൊന്നും മനസുകൊണ്ട് പങ്കെടുക്കാതെ മാറിനില്‍ക്കുന്ന പെണ്‍കുട്ടികളും ഇന്ന് കുറവാണ്. 

വിവാഹം, ജീവിതത്തിലെ പുതിയ ഘട്ടമാണ്. അതിനെ പരമാവധി സന്തോഷത്തോടെയും ആരവങ്ങളോടെയും എതിരേല്‍ക്കാമെന്ന കാഴ്ചപ്പാടിലേക്കൊക്കെ പെണ്‍കുട്ടികള്‍ എത്തിത്തുടങ്ങി. അതിനൊരു ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. 

കണ്ണൂരില്‍ നടന്ന ഒരു വിവാഹാഘോഷത്തിനിടെ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ഈ വീഡിയോ. പട്ടുസാരിയും ആഭരണങ്ങളുമെല്ലാം അണിഞ്ഞ കല്യാണപ്പെണ്ണിന്റെ കലക്കന്‍ ഡാന്‍സാണ് വീഡിയോയിലുള്ളത്. കൂട്ടുകാരികള്‍ക്കും സഹോദരികള്‍ക്കുമൊപ്പം വളരെ സന്തോഷത്തോടെ ഒരു തമിഴ് ഗാനത്തിന് ചുവടുവയ്ക്കുന്ന ഈ ആധുനിക വധുവിനെ നാടാകെ ഏറ്റെടുത്തുകഴിഞ്ഞു.

സ്‌റ്റേജിലിരിക്കുന്ന വരനും വിവാഹത്തിനെത്തിയ ബന്ധുക്കളും നാട്ടുകാരുമെല്ലാം അമ്പരന്നുകാണും, ഇല്ലേ? ഏതായാലും സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ കണ്ടവരെല്ലാം കയ്യടിയോടെ ഇത് സ്വീകരിച്ചിരിക്കുകയാണ്. 

അമ്പതിനായിരത്തിലധികം പേരാണ് ട്വിറ്ററില്‍ മാത്രം ഈ വീഡിയോ കണ്ടത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 

വീഡിയോ കാണാം...