എന്റെ വീട്ടില്‍ 'പണം കായ്ക്കുന്ന മരം' ഒന്നുമില്ല- എന്ന ഡയലോഗ് ഒരു പ്രാവശ്യമെങ്കിലും അടിക്കാത്ത ആരെങ്കിലും കാണുമോ? സംശയമാണ്. സത്യത്തില്‍ പണം കായ്ക്കുന്ന മരം ലോകത്തെവിടെയും ഉണ്ടാകില്ലെന്ന് നമ്മുടെ യുക്തിക്ക് അറിയാം, എങ്കിലും ഒരു സങ്കല്‍പകഥയില്‍ നിന്നുണ്ടായി വന്ന പ്രയോഗം പോലെ എപ്പോഴും നമ്മളത് കൊണ്ടുനടക്കുകയാണ്. 

എന്നാല്‍ ശരിക്കും, അങ്ങനെ പണം കായ്ക്കുന്ന ഒരു മരം കണ്‍മുന്നില്‍ കണ്ടാലോ? വിശ്വസിക്കുമോ?

ആ കാഴ്ച കാണണമെങ്കില്‍ ഇംഗ്ലണ്ടിലെ പോര്‍ട്ട്‌മോറിയോണ്‍ എന്ന ടൂറിസ്റ്റ് ഗ്രാമത്തിലേക്ക് വച്ചുപിടിച്ചാല്‍ മതി. തടി നിറയെ നാണയങ്ങള്‍ പൂത്തുനില്‍ക്കുന്ന മരങ്ങള്‍ ഇവിടെ ഇഷ്ടം പോലെയുണ്ട്. 

അമ്പരക്കേണ്ട, യഥാര്‍ത്ഥത്തില്‍ ഈ 'പണം കായ്ക്കുന്ന മര'ങ്ങള്‍ക്ക് പിന്നിലൊരു കഥയുണ്ട്. ഇവിടങ്ങളിലെ പുരാതന താമസക്കാരുടെ വിശ്വാസവുമായി ബന്ധപ്പെട്ടാണ് ഈ കഥ നില്‍ക്കുന്നത്. അസുഖങ്ങള്‍ മാറാനും മറ്റുമായി നേര്‍ച്ച നേരും പോലെ ഇവര്‍ നാണയങ്ങള്‍ മരങ്ങള്‍ക്ക് സമര്‍പ്പിക്കും. തടികളിലേക്ക് നാണയങ്ങള്‍ അടിച്ചുറപ്പിക്കും. അതാണ് രീതി. 

ഈ നാണയങ്ങള്‍ ആരും മോഷ്ടിക്കാറില്ല, അതും വിശ്വാസത്തിന്റെ ഭാഗം തന്നെ. ഇതാരെങ്കിലും മോഷ്ടിക്കാന്‍ ശ്രമിച്ചാല്‍അവര്‍ കടുത്ത രോഗങ്ങള്‍ക്കിരയാകുമെന്നാണ് ഐതിഹ്യം. എന്നാല്‍ ഇപ്പോള്‍ ആരും നേര്‍ച്ചയായി മരങ്ങളില്‍ നാണയങ്ങള്‍ നിക്ഷേപിക്കാന്‍ വരാറില്ലെന്നാണ് സൂചന. സന്ദര്‍ശകരായി ദിവസവും നിരവധി പേരെത്തുന്നുണ്ട്.