ഒട്ടാവ: കാനഡയിലെ ലോറന്‍സ് നദിയില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കണ്ട കാഴ്ച ഒരു തിമിംഗലത്തിന്‍റേതായിരുന്നു. അല്‍പ്പം അമ്പരപ്പുണ്ടാക്കുന്ന കാഴ്ച ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതോടെ സംഭവം വൈറലായി. തന്‍റെ ആവാസവ്യവസ്ഥയില്‍ നിന്ന് കിലോമീറ്ററുകള്‍ കടന്ന് തിമിംഗലം നദിയിലെത്തിയത് ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 

ഹംപ്ബാക്ക് തിമിംഗങ്ങള്‍ പ്രധാനമായും കാണപ്പെടുന്നത് ആര്‍ട്ടിക്, അന്‍റാർട്ടിക് പ്രദേശങ്ങളിലാണ്. 17 മീറ്റര്‍ അഥവാ 55 അടി വരെ ഇവയ്ക്ക് നീളമുണ്ടാകും. 40 ടണ്‍ ഭാരമുണ്ടാകുമെന്നുമാണ് കണക്കാക്കുന്നത്. 

വേനല്‍ക്കാലങ്ങളില്‍ ധ്രുവപ്രദേശത്ത് താമസിക്കുന്ന ഇവ, ശൈത്യകാലത്ത് ഉഷ്‌ണമേഖലകളിലേക്ക് വരികയും പ്രജനനം നടത്തുകയും ചെയ്യും. ലോറന്‍സ് നദിയിലെ അതിഥി രണ്ട് മുതല്‍ മൂന്ന് വയസ്സുവരെ പ്രായമുള്ളതാണെന്നാണ് കരുതുന്നത്. ഇരയെപ്പിടിക്കുന്നതിനിടെ എത്തിയതാകാമെന്നും അല്ലെങ്കില്‍ വഴിതെറ്റിയതാകാമെന്നുമാണ് വിദഗ്ധരുടെ അനുമാനം. 

ചിലപ്പോള്‍ ഈ നഗരത്തിലെ താമസം തിമിംഗലം മാസങ്ങളോളം തുടര്‍ന്നേക്കാം. കപ്പലുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ തിമിംഗലത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ട്. ശുദ്ധജലത്തില്‍ കുറച്ച് കാലം മാത്രമേ ഇവയ്ക്ക് പിടിച്ച് നില്‍ക്കാനാകൂ. 

''തിമിംഗലത്തിന് നല്ല ആരോഗ്യമുണ്ടെന്നും പ്രകൃതി തീരുമാനിക്കട്ടെ എന്നതാണ് മികച്ച തീരുമാനമെന്നും ക്വുബെക്  മറൈന്‍ മാമല്‍ എമര്‍ജന്‍സി നെറ്റ്‍വര്‍ക്കിലെ വിദഗ്ധ മേരീ ഈവ് മുള്ളര്‍ പറഞ്ഞു. മാത്രമല്ല, തിമിംഗലം അതിന് തോന്നുമ്പോള്‍ കടലിലേക്ക് സ്വയം മടങ്ങട്ടേ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.