ഐസ് ബക്കറ്റ് ചലഞ്ച്, കീ കീ ചലഞ്ച്, ബോട്ടില്‍ ചലഞ്ച് തുടങ്ങി നിരവധി ചലഞ്ചുകള്‍ കടന്നുപോയെങ്കിലും സ്കള്‍ ബ്രേക്കര്‍ ചലഞ്ചാണ് പുതിയതായി ട്രെന്‍റാകുന്നത്. ടിക് ടോക്കിലൂടെ തരംഗമാകുന്ന സ്കള്‍ ബ്രേക്കര്‍ ചലഞ്ച് എന്നാല്‍ വലിയ അപകടം ക്ഷണിച്ചുവരുത്തലാണെന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ്. ഒരാള്‍ക്ക് അപ്പുറവും ഇപ്പുറവുമായി രണ്ട് പേര്‍ നില്‍ക്കുന്നു. നടുവില്‍ നില്‍ക്കുന്ന ആള്‍ ചാടുന്നതിനിടയില്‍ മറ്റ് രണ്ടുപേരും കാലുകൊണ്ട് തട്ടി വീഴ്ത്തുന്നു. ഇതോടെ ഇയാള്‍ തലയിടിച്ച് താഴെ വീഴുന്നു. ഇതാണ് സ്കള്‍ ബ്രേക്ക് ചലഞ്ച്. 

പുറം ഇടിച്ചുവീഴുകയാണ് ഈ ചലഞ്ചിന്‍റെ ഉദ്ദേശം. ഈ വീഴ്ചയില്‍ വലിയ അപകടം തന്നെ സംഭവിച്ചേക്കാം. തലയ്ക്ക് സാരമായ പരിക്കേല്‍ക്കാമെന്നുമാണ് വിദഗ്ധാഭിപ്രായം.  നിരവധി കൗമാരക്കാരാണ് ഈ ചലഞ്ച് ഏറ്റെടുക്കുന്നത്. ഒരുപാട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കൗമാരക്കാരയ മക്കളുള്ള രക്ഷിതാക്കള്‍ ഭീതിയിലാണ്. മക്കളുടെ ചലഞ്ച് അവരുടെ ആരോഗ്യത്തെത്തന്നെ ബാധിച്ചേക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. 

ഇത് പിന്തുടരരുതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ ആവശ്യപ്പെടുന്നുമുണ്ട്. ഇതില്‍ ഒരു വീഡിയോയില്‍ താഴെ വീഴുന്നയാള്‍ക്ക് ബോധം നഷ്ടപ്പെടുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലുമാണ് ഈ ചലഞ്ച് മൂലമുള്ള അപകടം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റായ കീ കീ കീ ചലഞ്ച് ഏറെ അപകടം നിറഞ്ഞ ഒന്നായിരുന്നു. വാഹനങ്ങളില്‍ നിന്ന് ചാടിയിറങ്ങി ചലഞ്ച് നടത്തുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് വരെ നല്‍കിയിരുന്നു.