കറങ്ങുന്ന വാഷിങ് മെഷീനിന് അകത്ത് തുണികളോടൊപ്പം സ്വന്തം കുഞ്ഞിന്‍റെ മുഖം കണ്ടയൊരു അച്ഛന്‍റെ മാനസികാവസ്ഥ എന്തായിരിക്കും? കുറച്ച് ദിവസമായി ട്വിറ്ററില്‍ ശ്രദ്ധ നേടുന്ന ഒരു ചിത്രമാണ് ഈ കഥയുടെ അടിസ്ഥാനം. വാഷിങ് മെഷീനിന് അകത്ത് തുണികളോടൊപ്പം ഒരു കുഞ്ഞ് കരയുന്നതാണ് ചിത്രം. പെട്ടെന്ന് കണ്ടാല്‍ ആരും ഒന്ന് ഭയക്കും.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മെഷീനിന് അകത്ത് കുട്ടിയുടെ മുഖമുള്ള ഒരു ടീഷര്‍ട്ടായിരുന്നു. ഭാര്യ വാഷിങ് മെഷീനില്‍ തുണികള്‍ കഴകുന്ന സമയത്ത് കയറിവന്നപ്പോള്‍  ആദ്യമൊന്ന് അമ്പരന്നുവെന്നാണ് പിതാവ് പറയുന്നത്. സ്വന്തം കുഞ്ഞാണ് ഈ സ്ഥാനത്ത് എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി എന്നും 'ARussianAndHisBike' എന്ന ട്വിറ്റര്‍ പേരുളളയാള്‍ പറയുന്നു. 
 
ഹൃദയാഘാതം വരുന്നതിന് മുന്‍പ് തന്നെ ഇത് തന്‍റെ ടീ ഷര്‍ട്ടാണല്ലോ എന്ന് മനസ്സിലായി എന്നും അയാള്‍ പറയുന്നു. 'ദയവായി നിങ്ങളുടെ കുഞ്ഞിന്‍റെ ചിത്രമുളള ടീഷര്‍ട്ട് വാഷിങ് മെഷീനിലിട്ട് കഴുകുമ്പോള്‍ ഒരു മുന്നറിയിപ്പ്‌ കൂടി എഴുതി വെയ്ക്കുക'- എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. 

 

ചിത്രം പെട്ടെന്ന് തന്നെ വൈറലാവുകയും  100,000 കൂടുതല്‍ ലൈക്കുകള്‍ ലഭിക്കുകയും ചെയ്തു. ചിലര്‍ പേടിച്ചുപോയെന്നും ചിലര്‍ ഇതു കൊള്ളാലോ എന്നുമൊക്കെ കമന്‍റുകളുമിട്ടു.