ഹാരി രാജകുമാരനും മെഗന്‍ മാര്‍ക്കിളും പുതിയ വീടിനായുള്ള തിരച്ചിലിലാണെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നതാണ്. മകന്‍ ആര്‍ച്ചിയുടെ ജനനത്തോടെ രാജകുടുംബത്തില്‍ നിന്നും ഫ്രോഗ്മോര്‍ കോട്ടേജിലേക്കു താമസം മാറിയ ഹാരി-മെഗന്‍ ദമ്പതികള്‍ ലോസ്ആഞ്ചലീസിലാണ്  വീട് നേക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും  വിന്‍സര്‍ കാസിലില്‍ താമസിക്കാനായിരുന്നു ഇഷ്ടം. എന്നാല്‍ എലിസബത്ത് രാജ്ഞി അനുവാദം നിരസിക്കുകയായിരുന്നു. 

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വീക്കെന്‍ഡുകള്‍ ആഘോഷിക്കാന്‍ എത്തുന്നയിടമാണ് വിന്‍സര്‍ കാസില്‍. രാജകുടുംബത്തിന്റെ നിരവധി ഔദ്യോഗിക വസതികളിലൊന്നായ വിന്‍സര്‍ കാസിലിന് പകരം ഫ്രോഗ്മോര്‍ കോട്ടേജാണ് രാജ്ഞി ദമ്പതികള്‍ക്ക് സമ്മാനിച്ചത്. കോടികള്‍ ചിലവിട്ട് ഫ്രോഗ്മോര്‍ കോട്ടേജ് നവീകരിക്കുമ്പോഴും ഇരുവരുടെയും മനസ്സില്‍ വിന്‍സര്‍ കാസില്‍ തന്നെയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

പത്തോളം ബെഡ്റൂമുകളും കുഞ്ഞിനായുള്ള നഴ്സറിയും ജിമ്മും സ്പായും യോഗാസ്റ്റുഡിയോയും ഉള്‍പ്പെടെ നിരവധി സൗകര്യങ്ങളും ഫ്രോഗ്മോറിലുണ്ട്. മുന്നൂറോളം വര്‍ഷത്തെ പഴക്കമുണ്ട് ഫ്രോഗ്മോര്‍ ഹൗസിന്. രാജ്ഞിയുടെയും മറ്റ് രാജകുടുംബങ്ങളുടെയും പ്രൈവറ്റ്-ഒഫീഷ്യല്‍ ഒത്തുചേരലുകള്‍ക്ക് വേദിയാകുന്നയിടമായിരുന്നു ഇത്.