അതിവിചിത്രമായ ഒരു കുറ്റകൃത്യത്തിന്റെ കഥയാണ് ഇക്കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പില്‍ പിടിയിലായിരിക്കുന്നതോ മുപ്പത്തൊമ്പതുകാരിയായ ഒരു സ്ത്രീയും. എന്നാല്‍ ഈ കേസിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം എന്തെന്നാല്‍ മാനസികാസ്വാസ്ഥ്യമുള്ള മകളെ നിര്‍ദ്ദയം ഉപയോഗിച്ചാണ് പ്രതിയായ സ്ത്രീ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ നാടകീയമാണ് പൊലീസ് ഇവരെ കുടുക്കിയത്. കേസിന്റെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.

പ്രതിയായ സ്ത്രീക്ക് ഒരു മകളുണ്ട്. പത്തൊമ്പത് വയസാണ് അവളുടെ പ്രായം. ജന്മനാ മാനസിക പാകതയില്ലാത്ത പെണ്‍കുട്ടിയെ വളര്‍ത്തിയതും അവള്‍ക്കാവശ്യമായ കാര്യങ്ങളെല്ലാം ചെയ്തുവന്നിരുന്നതും എല്ലാം അമ്മയാണ്. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അവളുടേത്. എന്നാല്‍ കാഴ്ചയ്ക്ക് സുന്ദരിയായ പെണ്‍കുട്ടി. മാനസികപ്രശ്‌നങ്ങളുണ്ടെന്ന് ഒറ്റനോട്ടത്തിലോ ഇടപെടലിലോ തിരിച്ചറിയാന്‍ കഴിയാത്ത പ്രകൃതം.

അവളുടെ പേരില്‍ അടുത്തിടെ അമ്മ ഒരു ഡേറ്റിംഗ് ആപ്പില്‍ അക്കൗണ്ട് തുടങ്ങി. തുടര്‍ന്ന് മകളാണെന്ന വ്യാജേന അമ്മ തന്നെ, ഡേറ്റിംഗ് ആപ്പില്‍ തേടിവന്ന പുരുഷന്മാരോട് സംസാരിച്ചു. അവരിലൊരാളെ ഒരു റിസോര്‍ട്ടിലേക്ക് ക്ഷണിച്ചുവരുത്തി. സുന്ദരിയായ പെണ്‍കുട്ടിയിലെ മാനസിക പാകതയില്ലായ്മ അയാള്‍ കണക്കാക്കിയില്ല. അവര്‍ റിസോര്‍ട്ടിലെ മുറിയില്‍ വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വീണ്ടും ആറ് പുരുഷന്മാരെക്കൂടി സമാനമായ രീതിയില്‍ അവര്‍ റിസോര്‍ട്ടിലെത്തിച്ചു.

പിന്നീട് ഇവരെ ഓരോരുത്തരെയായി രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങി. പൊലീസ് വേഷത്തില്‍ ഇവരെ സമീപിച്ച സുഹൃത്തുക്കള്‍ മാനസിക പാകതയില്ലാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു എന്ന കുറ്റത്തിന് നിങ്ങളെ ശിക്ഷിക്കും, അതൊഴിവാക്കാന്‍ പണം നല്‍കണമെന്ന് പറയും. ആദ്യഘട്ടത്തില്‍ പണം നല്‍കിയ ആള്‍ തന്നെയാണ് പിന്നെയാണ് ഇക്കാര്യം പൊലീസില്‍ രഹസ്യമായി അറിയിച്ചത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദഗ്ധമായ തട്ടിപ്പിന്റെ കഥ ചുരുളഴിഞ്ഞുവന്നത്. എന്തായാലും ഇപ്പോള്‍ അറസ്റ്റിലാണ് പ്രതി. സുഹൃത്തുക്കളെ ഉപയോഗിച്ച് പുരുഷന്മാരെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുപയോഗിച്ച വ്യാജ പൊലീസ് വേഷം ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ നിലവില്‍ സംരക്ഷിക്കുന്നത് ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരമുള്ള സംഘമാണ്. ഇത്തരത്തില്‍ അസുഖബാധിതയായ പെണ്‍കുട്ടിയെ വച്ച് തട്ടിപ്പ് നടത്തിയെന്ന ക്രൂരതയാണ് പ്രതിയെ നിയമക്കുരുക്കില്‍ മുറുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവേശം നല്‍കുന്നത്. മാതൃകാപരമായ ശിക്ഷ ഇവര്‍ക്ക് നല്‍കണമെന്ന ആവശ്യം, വാര്‍ത്ത പുറത്തായതോടെ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നിട്ടുമുണ്ട്.