സസെക്‌സ്: അറുപതുകാരിയായ ഡെബ്ര ഒലിവർ ഭർത്താവ് മാർട്ടിനുമൊത്ത് സസെക്‌സിനടുത്തുള്ള വിഞ്ചെൽസിയിലെ ബീച്ച് റിസോർട്ടിൽ തങ്ങളുടെ സന്തുഷ്ട ദാമ്പത്യത്തിന്റെ നാല്പത്തി രണ്ടാം വാർഷികം ആഘോഷിക്കാൻപോയതായിരുന്നു. അന്ന് ഭർത്താവുമൊത്ത് കടൽത്തീരത്തുകൂടി നടത്തിയ സായാഹ്‌ന സവാരിക്കിടെ അവർക്ക് ഒരു കക്ക വീണുകിട്ടി. കണ്ടപ്പോൾ ഏറെ കൗതുകം തോന്നി അത് ആ അവധിക്കാലത്തിന്റെ ഓർമയെന്നോണം കൂടെക്കരുതി അവർ. 

കൗതുകത്തിന്റെ കാരണമെന്തെന്നോ..?  ആ ഷെല്ലിന് വിശ്വപ്രസിദ്ധനായ, അല്ല ഏറെ കുപ്രസിദ്ധനായ ഒരു വ്യക്തിയുടെ അസാമാന്യമായ മുഖച്ഛായയുണ്ടായിരുന്നു.  മറ്റാരുടേയുമല്ല, ഒസാമ ബിൻ ലാദൻ എന്ന ആഗോള തീവ്രവാദിയുടെ. ആ കക്കയ്ക്കും ലാദനും തമ്മിൽ ഒരു സാമ്യം കൂടി ഉണ്ടായിരുന്നു. ഇരുവരുടെയും വിധി കടലിൽ അടക്കപ്പെടാനായിരുന്നു, സമുദ്രസമാധി..! 

മനുഷ്യന്റെ ഛായയുള്ള കക്ക കിട്ടുന്നത് തന്നെ ഏറെ യാദൃച്ഛികമാണ് എന്നിരിക്കെ ഒസാമ ബിൻ ലാദന്റെ ഛായയുള്ള ഒരെണ്ണം കിട്ടിയതിൽ ഏറെ സന്തോഷവതിയാണ് ഡെബ്ര. ബീച്ചിൽ പരന്നു കിടന്നിരുന്ന പരശ്ശതം ചിപ്പികൾക്കും, കക്കകൾക്കും ഇടയിൽ കൃത്യമായി ഈ  'ഒസാമ'ക്കക്കയിൽ തന്നെ തന്റെ കണ്ണുപെട്ടല്ലോ എന്നും അവർ ഓർക്കുന്നു. എന്തായാലും ഡെബ്രയുടെ ഈ 'കണ്ടുപിടുത്ത'ത്തിൽ അവർക്കൊപ്പം മൂക്കത്ത് വിരലുവെച്ചിരിക്കുകയാണ് സൈബർ ലോകവും.