കാഴ്ചയില്‍ പൂര്‍ണ്ണഗര്‍ഭിണിയായ യുവതി, ആര്‍ക്കാണ് അതില്‍ സംശയം തോന്നുക! എന്നാല്‍ ഗര്‍ഭത്തിന് പകരം വയറ്റില്‍ മറ്റ് വല്ലതുമാണെങ്കിലോ! ഒരുവിധപ്പെട്ട സ്ത്രീകളാരും പയറ്റാന്‍ സാധ്യതയില്ലാത്തൊരു നമ്പറാണിത്. പക്ഷേ, എന്തുചെയ്യാം പൊലീസ് കയ്യോടെ പൊക്കി, അത്ര തന്നെ. 

അര്‍ജന്റീനയിലാണ് സംഭവം. ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ നേരിയ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്തത്. ഇതിനിടെ അയാളുടെ പക്കലുണ്ടായിരുന്ന കറുത്ത ബാഗില്‍ നിന്ന് രണ്ട് പൊതികള്‍ അവര്‍ക്ക് ലഭിച്ചു. 

തുറന്നുനോക്കിയപ്പോള്‍ ഉഗ്രന്‍ കഞ്ചാവ്. അങ്ങനെ യുവാവിനോട് ഇറങ്ങിക്കോളാന്‍ പറഞ്ഞു. അപ്പോഴാണ് അയാള്‍ക്കൊപ്പമുണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയെയും പൊലീസുകാര്‍ ശ്രദ്ധിച്ചത്. അവരോടും തല്‍ക്കാലം ട്രെയിനില്‍ നിന്നിറങ്ങാന്‍ പറഞ്ഞു. 

തുടര്‍ന്ന് പൊലീസുകാര്‍ യുവതിയേയും ചോദ്യം ചെയ്തു. അപ്പോഴല്ലേ ഗര്‍ഭാവസ്ഥയുടെ യഥാര്‍ത്ഥ കാരണം വെളിവായത്. ഏതാണ്ട് നാല് കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പാക്കറ്റുകളിലാക്കിയ ശേഷം, അവ അര്‍ധവൃത്താകൃതിയിലുള്ള ഒരു പെട്ടിയിലാക്കി വയറില്‍ വച്ചതായിരുന്നു യുവതി. 

ഒരിനം പേസ്റ്റ് ഉപയോഗിച്ചാണത്രേ ഇവര്‍ ചര്‍മ്മത്തിനോട് സാദൃശ്യമുള്ള രീതിയില്‍ പെട്ടിയെ വയറിനോട് ഒട്ടിച്ചുവച്ചിരുന്നത്. ഇതുപോലെ ഒരുപിടി സംഭവങ്ങള്‍ അടുത്തിടെ അര്‍ജന്റീനയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഗര്‍ഭാവസ്ഥ മാത്രമല്ല, സ്തനങ്ങളില്‍ വച്ചും ലഹരിമരുന്നുകള്‍ കടത്താന്‍ മാഫിയകള്‍ സ്ത്രീകളെ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. 

2015ല്‍ കൊളംബിയയില്‍ ഇത്തരത്തില്‍ സ്തനങ്ങളില്‍ ലഹരിമരുന്ന് മറച്ചുവച്ച് കടത്താന്‍ ശ്രമിച്ച യുവതിയെ എയര്‍പോര്‍ട്ടില്‍ വച്ച് പിടികൂടിയിരുന്നു. പിടിയിലാകും മുമ്പ് പലപ്പോഴും സമാനമായ മാര്‍ഗങ്ങളവലംബിച്ച് ലഹരി കടത്തിയവരായിരിക്കും മിക്കവാറും പ്രതികളും. എന്തെങ്കിലും ചെറിയ അശ്രദ്ധയുടെ പുറത്ത് പിടിക്കപ്പെടുമ്പോള്‍ മാത്രം എല്ലാ കള്ളിയും വെളിച്ചത്താകുമെന്ന് മാത്രം.