ടോയ്‌ലറ്റ് ഫ്‌ളഷ് പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് ഫ്‌ളഷ് ടാങ്കിന്റെ അടപ്പ് തുറന്നുനോക്കിയ യുവതി കണ്ട ഞെട്ടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വാര്‍ത്ത. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം. 

ഇരുപത്തിയഞ്ചുകാരിയായ സോഫി പിയേഴ്‌സണ്‍ തന്റെ ഫാം ഹൗസില്‍ തനിയെ ആണ് താമസം. ഏതാനും ദിവസങ്ങളായി ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം ഫ്‌ളഷ് ചെയ്യുമ്പോള്‍ അത് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഒരു ദിവസം ഫ്‌ളഷ് ടാങ്ക് തുറന്നുനോക്കാന്‍ സോഫി തീരുമാനിക്കുന്നത്. 

പ്രത്യക്ഷമായി കാണാന്‍ കഴിയുന്ന വല്ല കേടുപാടും ആണെങ്കില്‍ ശരിയാക്കാന്‍ ശ്രമിക്കാമെന്ന പ്രതീക്ഷയോടെയാണ് ടാങ്കിന്റെ അടപ്പ് തുറന്നത്. പക്ഷേ അതിനകത്ത് കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ സോഫിയെ ഞെട്ടിച്ചു. നാല് പാമ്പുകള്‍!

സാധാരണയായി പറമ്പിലും മറ്റും കാണപ്പെടുന്ന ഇനത്തിലുള്ളവ തന്നെ. എങ്കിലും വിഷമുള്ളവയാണ്. എപ്പോഴോ ടാങ്കിനകത്ത് കയറിക്കൂടിയതാകാം. തുടര്‍ന്ന് കുടുംബമായി താമസിക്കാനുള്ള വാസസ്ഥലമായി അതിനെ തെരഞ്ഞെടുത്തു. എന്തായാലും സോഫി ഉടന്‍ തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരമറിയിച്ചു. 

അയാളെത്തിയാണ് പാമ്പുകളെ അവിടെ നിന്ന് മാറ്റിയത്. 50 സെന്റിമീറ്റര്‍ മുതല്‍ മൂന്നടി വരെ നീളമുള്ള പാമ്പുകളായിരുന്നു അതിലുണ്ടായിരുന്നത്. ഭാഗ്യം കൊണ്ടാണ് തനിക്ക് അപകടമൊന്നും സംഭവിക്കാതിരുന്നതെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് സോഫി തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് പിന്നീട് വാര്‍ത്തയായത്.

Also Read:- സ്ത്രീയുടെ വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ !...