മാസം തികയാത്തത് കൊണ്ടുതന്നെ പ്രസവവേദന വരുമെന്നോ എന്തെങ്കിലും സങ്കീര്‍ണ്ണതകള്‍ നേരിടുമെന്നോ യുവതി പ്രതീക്ഷിച്ചില്ല. എന്നാല്‍ യാത്രയ്ക്കിടെ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരായി ട്രെയിനിനകത്തുണ്ടായിരുന്ന ആര്‍മി ഡോക്ടര്‍മാര്‍ യുവതിയുടെ പ്രസവം ഏറ്റെടുക്കുകയായിരുന്നു

ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് അപ്രതീക്ഷിതമായി പ്രസവവേദന. മുമ്പും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പലപ്പോഴും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച ശേഷം അവിടെ നിന്നും മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ പതിവ്.

എന്നാല്‍ പതിവുകള്‍ക്ക് വിരുദ്ധമായി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനകത്ത് വച്ച് തന്നെ സുഖപ്രസവത്തില്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ഒരു യുവതി. ദില്ലിക്കടുത്ത് ഹൗറാ എക്‌സ്പ്രസില്‍ വച്ചാണ് അപൂര്‍വ്വസംഭവം നടന്നത്.

മാസം തികയാത്തത് കൊണ്ടുതന്നെ പ്രസവവേദന വരുമെന്നോ എന്തെങ്കിലും സങ്കീര്‍ണ്ണതകള്‍ നേരിടുമെന്നോ യുവതി പ്രതീക്ഷിച്ചില്ല. എന്നാല്‍ യാത്രയ്ക്കിടെ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരായി ട്രെയിനിനകത്തുണ്ടായിരുന്ന ആര്‍മി ഡോക്ടര്‍മാര്‍ യുവതിയുടെ പ്രസവം ഏറ്റെടുക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ലളിത, ക്യാപ്റ്റന്‍ അമന്‍ദീപ് എന്നിവരാണ് ട്രെയിനിനകത്തെ പ്രസവത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തത്. പ്രസവശേഷം കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ഇന്ത്യന്‍ ആര്‍മി എഡിജി പിഐ ട്വീറ്റ് ചെയ്തു. ഒപ്പം കുഞ്ഞിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Scroll to load tweet…

നിര്‍ണ്ണായകമായ ഘട്ടത്തില്‍ യുവതിക്ക് സഹായവുമായി ഓടിയെത്തിയ സൈനികഡോക്ടര്‍മാരെ അഭിനന്ദിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ട്വിറ്റര്‍ ഉപഭോക്താക്കള്‍. മാതൃകാപരമായ പ്രവര്‍ത്തിയെന്നും ഇന്ത്യന്‍ ആര്‍മിയുടെ യശസ് അവര്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തു.