വീട്ടിനകത്ത് 97 പട്ടികളോ? കേള്‍ക്കുമ്പോള്‍ ഇതെന്ത് അതിശയമെന്ന് ആര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഇതിന് പിന്നിലെ കഥയറിയുമ്പോള്‍ ആ അതിശയം, സ്‌നേഹമായും ആദരവായും മാറുമെന്നത് തീര്‍ച്ച. 

ഇപ്പോള്‍ ഡോറിയാന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ബഹാമസില്‍ നിന്നാണ് ഈ കഥ പുറത്തെത്തുന്നത്. നാല് വര്‍ഷം മുമ്പ് ഇതുപോലൊരു സെപ്തംബറിലാണ് കെല്ല ഫിലിപ്‌സ് എന്ന സ്ത്രീ അനാഥരായ തെരുവുപട്ടികളെ സംരക്ഷിക്കാനായി ഒരു സ്ഥാപനം തുടങ്ങുന്നത്. 

പട്ടികള്‍ക്ക് പിന്നാലെ അലഞ്ഞുനടക്കുന്ന ഭ്രാന്തിയെന്നാണ് പലരും കെല്ലയെ വിശേഷിപ്പിക്കാറ്. എന്നാല്‍ ആ വിശേഷണം കേള്‍ക്കാന്‍ തനിക്കിഷ്ടമാണെന്നാണ് കെല്ലയുടെ വാദം. നാല് വര്‍ഷത്തോളമായി സ്ഥാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു കെല്ല. ഇതിനിടെയാണ് ബഹാമസിലെ രണ്ട് ദ്വീപുകളെ പിടിച്ചുലച്ചുകൊണ്ട് 'ഡോറിയാന്‍' ആഞ്ഞടിച്ചത്.

അറ്റ്‌ലാന്റിക് മേഖലയില്‍ ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും ശക്തമായ ചുഴലിക്കാറ്റില്‍ ബഹാമസിലെ ജനം ദുരിതത്തിലായി. പതിനായിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. കടല്‍ക്ഷോഭത്തില്‍ മാത്രം തകര്‍ന്നത് ആയിരക്കണക്കിന് വീടുകളാണ്. വൈദ്യുതിയില്ല, ഗതാഗതം താറുമാറായി, ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യമുണ്ടായി. 

ജനങ്ങളെല്ലാം കുടിയൊഴിഞ്ഞുപോയ ഇടങ്ങളില്‍ ഭയത്തോടെ നൂറുകണക്കിന് പട്ടികള്‍ ജീവനുവേണ്ടി കേണ്, അലഞ്ഞുനടക്കുന്നു. മനുഷ്യരെപ്പോലെ തന്നെ അവയ്ക്കും സ്വന്തം ജീവനോട് കരുതലുണ്ടാകുമല്ലോ. പേടിച്ചോടിപ്പോരുന്ന പട്ടികള്‍ക്കായി, അങ്ങനെ കെല്ല തന്റെ വീടിന്റെ വാതില്‍ തുറന്നുകൊടുത്തു. ഒന്നും രണ്ടുമല്ല, 97 പട്ടികളാണ് ഇപ്പോള്‍ കെല്ലയുടെ വീട്ടിലുള്ളത്. 

'ഈ 97 പട്ടികളില്‍ 79 എണ്ണവും ഇപ്പോള്‍ കഴിയുന്നത് എന്റെ ബെഡ്‌റൂമിലാണ്. എന്നിട്ടും എന്റെ കിടക്കയെ അവര്‍ ബഹുമാനിക്കുന്നു. അതിലേക്കൊന്ന് ചാടിക്കയറാന്‍ പോലും അവരാരും ശ്രമിക്കുന്നില്ല. ഞാന്‍ വീട്ടിലാകെ കേള്‍ക്കാന്‍ പാകത്തില്‍ പാട്ടുവയ്ക്കും ഇപ്പോള്‍. അവര്‍ പേടിക്കാതിരിക്കാന്‍. എസിയും ഓണ്‍ ചെയ്ത് ഇടും...' അഭയാര്‍ത്ഥികളായി എത്തിയ പട്ടികളുടെ വിശേഷം കെല്ല ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു. 

തന്നെക്കൊണ്ട് കഴിയുന്നത് താന്‍ ചെയ്യുന്നുവെന്നും ആര്‍ക്കെങ്കിലും സഹായമെത്തിക്കാന്‍ സാധിക്കുമെങ്കില്‍ അത് ചെയ്യണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. കെല്ലയുടെ നന്മയ്ക്ക് ആദരവും അഭിനന്ദനവും അറിയിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരിക്കുന്നത്. ഇതുവരെ 45,000 പേര്‍ കെല്ലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 65,000 പേര്‍ അവരുടെ പ്രതികരണം അറിയിച്ചിരിക്കുന്നു. ഇപ്പോള്‍ പലരും സഹായങ്ങളുമായി കെല്ലയെ സമീപിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.