ഫോട്ടോ എടുക്കാന്‍ മുഖത്ത് വെച്ച നീരാളി യുവതിയെ ആക്രമിച്ചു. വാഷിങ്ടണ്‍ സ്വദേശിനിയായ ജെയിം ബിസെഗില്ല എന്ന യുവതിയെയാണ് ഒരു ഫോട്ടോഗ്രാഫി മത്സരത്തിന് വേണ്ടി ഫോട്ടോ എടുക്കുന്നതിനിടെ നീരാളി ആക്രമിച്ചത്. ഈ മാസം രണ്ടിനായിരുന്നു സംഭവം. വാഷിങ്ടണ്ണിലെ മീന്‍പിടുത്തക്കാരില്‍ നിന്നാണ് യുവതിക്ക് നീരാളിയെ ലഭിച്ചത്.

ഇംഗ്ലണ്ടില്‍ എല്ലാ വര്‍ഷവും നടക്കുന്ന കുതിരകളുടെ ഓട്ടപ്പന്തയത്തിന്‍റെ ഭാഗമായാണ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഈ മത്സരത്തില്‍ വിജയിക്കാനായിരുന്നു ജെയിം അല്‍പ്പം അപകടം പിടിച്ച രീതിയില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് മുഖത്ത് നീരാളിയെ വെച്ച് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആദ്യം നീരാളി  യുവതിയുടെ മുഖത്തും കഴുത്തിലും ഇഴഞ്ഞു നടന്നു. എന്നാല്‍ വളരെ പെട്ടന്ന് നീരാളി ഇവരെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ താടിയില്‍ ശക്തമായി കടിച്ച നീരാളി തുടരെ തുടരെ ഇവരെ ആക്രമിച്ചു. 

നീരാളിയുടെ ആക്രമണത്തില്‍ ഇവര്‍ക്ക് ശക്തമായ വേദനയും രക്തസ്രാവവും ഉണ്ടായി. രണ്ട് ദിവസം  അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നീരാളിയുടെ ആക്രമണത്തെ തുടര്‍ന്ന് ഇവരുടെ കഴുത്തും മുഖവും നീരുവെച്ച് വീങ്ങി. തന്നെ കടിച്ച നീരാളിയെ പാകം ചെയ്ത് കഴിച്ചാണ് താന്‍ പ്രതികാരം ചെയ്തത് എന്ന് യുവതി പറയുന്നു.