വില്‍മിംഗ്ട്ടണ്‍: ഭക്ഷണവുമായി ഒരു വീട്ടിലെത്തിയപ്പോള്‍ കഴിക്കാനും കുടിക്കാനും സ്നാക്സും സോഫ്റ്റ് ഡ്രിങ്ക്സും ലഭിച്ചതില്‍ സന്തോഷംകൊണ്ട് നൃത്തം ചെയ്യുന്ന ഡെലിവറി സ്റ്റാഫിന്‍റെ വീഡിയോയാണ് ഫേസ്ബുക്കില്‍ വൈറല്‍. ഒരു കോടിയിലേറെ പേരാണ് വീഡിയോ കണ്ടത്. 

അമേരിക്കയിലെ വില്‍മിംഗ്ടണിലെ ഒരു വീട്ടില്‍ പാര്‍സലുമായെത്തിയപ്പോഴാണ് അയാള്‍ വീടിന് മുന്നില്‍ ഒരു ബോക്സില്‍ വെള്ളവും സ്നാക്ക്സും ഇരിക്കുന്നത് കണ്ടത്. ഇത് ഡെലിവറി സ്റ്റാഫിനായി ആ വീട്ടുകാര്‍ കരുതി വച്ചിരിക്കുന്നതാണ്. ഇത് കയ്യിലെടുത്ത് അയാള്‍ നൃത്തം ചെയ്തുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ആമസോണില്‍ നിന്നുളള പാര്‍സലുമായി എത്തിയതായിരുന്നു കരീം അഹമ്മദ് റീഡ്സ് എന്ന ഡെലിവറി ഓഫീസര്‍. 

ഔമ എന്ന സ്ത്രീയാണ് വീഡിയോ പങ്കുവച്ചത്. താന്‍ ഇപ്പോഴും ഔമയുമായി സൗഹൃദം തുടരുന്നുണ്ടെന്നും അവര്‍ ഒരു നല്ല മനുഷ്യനാണെന്നും റീഡ് പറഞ്ഞു. ''  അവളൊരു രത്മാണ്. നല്ല മനുഷ്യനും. അവള്‍ക്ക് നല്‍കാനാകുന്ന സന്തോഷം എനിക്ക് നല്‍കി, അതിലെനിക്ക് അവളോട് നന്ദിയുണ്ട്. ഈ ലോകത്തിന് ഇനിയും ഏറെ സ്നേഹം ആവശ്യമുണ്ട്'' - റീഡ് പറഞ്ഞു.