ചിരി ആരോഗ്യത്തിന് വളരെയധികം നല്ലതാണെന്നല്ലേ പൊതുവേയുള്ള സംസാരം. എത്ര ചിരിക്കുന്നോ അത്രയും ആയുസ് കൂടുമെന്നെല്ലാം പഴമക്കാര്‍ പറയുന്നതും ഒരുപക്ഷേ നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നൊരു ചൊല്ല് കൂടിയുണ്ടല്ലോ. 

അത് ചിരിയുടെ കാര്യത്തിലും സത്യമാണെന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഇനി പറയുന്നത്. ചൈനയിലെ ഗുവാംഗ്‌ദോംഗിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍. സഹയാത്രികരമായി സംസാരിച്ചിരിക്കുകയായിരുന്നു ഒരു യുവതി. എന്തോ പറഞ്ഞ് അവര്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. 

ഏറെ നേരം ചിരിച്ച ശേഷം, വായടയ്ക്കാന്‍ നോക്കിയപ്പോഴാണ് പെട്ടുവെന്ന് മനസിലായത്. വായ അടയ്ക്കാനാകുന്നില്ല. ആദ്യമൊന്നും കൂടെയുണ്ടായിരുന്നവര്‍ക്ക് എന്താണ് സംഗതിയെന്ന് മനസിലായില്ല. വായടയ്ക്കാനോ മിണ്ടാനോ കഴിയാതെ യുവതി ആകെ പരിഭ്രമത്തിലായി. 

എന്നാല്‍ ഭാഗ്യം കൊണ്ട് ട്രെയിനില്‍ ഒരു ഡോക്ടറുണ്ടായിരുന്നു. അദ്ദേഹം വിവരമറിഞ്ഞ ഉടനെത്തന്നെ യുവതിക്കരികിലേക്ക് ഓടിയെത്തി. വായില്‍ നിന്ന് ഉമിനീര്‍ ഇറ്റുവീണുകൊണ്ടിരിക്കുന്നതാണ് ഡോക്ടറാദ്യം കണ്ടത്. അതുകണ്ടപ്പോള്‍ അവര്‍ക്ക് പക്ഷാഘാതം സംഭവിച്ചുന്നാണ് ഡോക്ടര്‍ കരുതിയത്. 

എന്നാല്‍ വൈകാതെ തന്നെ ഡോക്ടര്‍ക്ക് കാര്യം മനസിലായി. അളവിലധികം വാ തുറന്ന് ചിരിച്ചപ്പോള്‍ എവിടെയോ വച്ച് കീഴ്ത്താടിയെല്ല് ഉടക്കിപ്പോയതാണ് സംഗതി. ഡോക്ടര്‍ പണിപ്പെട്ട്, ഉടക്കിയ കീഴ്ത്താടി ശരിയാക്കിക്കൊടുത്തു. 

ചിരിക്കുമ്പോള്‍ മാത്രമല്ല, അലറുകയോ, ഭയങ്കരമായി ഛര്‍ദ്ദിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ ഇത് സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പരിഭ്രമിക്കാതെ പെട്ടെന്ന് ആശുപത്രിയിലേത്തിക്കുകയാണ് ചെയ്യേണ്ടതെന്നും അല്ലാത്തപക്ഷം രക്തസമ്മര്‍ദ്ദമുള്ളവരൊക്കെയാണെങ്കില്‍ പെട്ടെന്ന് പരിഭ്രമിക്കുന്നത് അപകടമാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.