നായക്കുട്ടിയെ ചുംബിച്ച യുവതിക്ക് കൈകാലുകള്‍ നഷ്ടപ്പെട്ടു. നായക്കുട്ടിയില്‍ നിന്നുണ്ടായ അണുബാധയാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഡോമിനിക്കന്‍ റിപ്പബ്ലിക്കിലെ പുല്‍ട്ട കോനയിലാണ് നായക്കുട്ടിയെ ചുംബിച്ചതിനെ തുടര്‍ന്ന് മരിയ ട്രെയ്‌നര്‍ എന്ന യുവതിക്ക് അണുബാധയുണ്ടായത്. 

മൃഗങ്ങളില്‍ നിന്നും ബാധിക്കുന്ന കപ്‌നോസൈറ്റോഫഗ (capnocytophaga ) എന്ന് അപൂര്‍വ അണുബാധതയാണ് യുവതിയെ ബാധിച്ചത്. മരിയ വളര്‍ത്തുന്ന ജെര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പെട്ട നായക്കുട്ടിയില്‍ നിന്നാണ് അണുബാധയുണ്ടായത്. 

അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആദ്യം ഇവരുടെ  ബോധം നഷ്ടപ്പെടുകയായിരുന്നു. ബോധം നഷ്ട്ടപ്പെട്ടതിനു പിന്നാലെ ഇവരുടെ ചര്‍മ്മം ചുവപ്പും പിങ്കും കലര്‍ന്ന നിറത്തിലേയ്ക്ക് മാറി. പിന്നീട് ചര്‍മ്മം മരവിച്ച അവസ്ഥയിലായി. വൈകാതെ മരിയയുടെ കൈകാലുകളില്‍ രക്തം കട്ടപിടിക്കുകയായിരുന്നു. മരിയയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം കണ്ടുപിടിക്കുവാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏഴ് ദിവസത്തിന് ശേഷമാണ് മരിയയെ ബാധിച്ച അണുബാധ എന്താണെന്ന് തിരിച്ചറിയാന്‍ സാധിച്ചത്.  പക്ഷേ അപ്പോഴേക്കും മരിയയുടെ മൂക്കിലും ചെവിയിലും കാലുകളിലും മുഖത്തും അണുബാധ വ്യാപിച്ചിരുന്നു. തുടര്‍ന്ന് എട്ട് ശസ്ത്രക്രിയകള്‍ക്ക് ഇവര്‍ വിധേയമാവുകയായിരുന്നു. മരണം പോലും സംഭവിക്കാം എന്ന അവസ്ഥയിലേക്ക് അവര്‍ എത്തിയിരുന്നു. ജീവന്‍ രക്ഷിക്കാനാണ് കൈകാലുകള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്തത്  എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സിഎന്‍എന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പൂച്ചകളെയും നായകളെയും ആളുകള്‍ വീട്ടില്‍ വളര്‍ത്താറുണ്ടെങ്കിലും capnocytophaga എന്ന അണുബാധ മനുഷ്യരിലേയ്ക്ക് പടരുന്നത് വളരെ അപൂര്‍വമാണ്. പൂച്ചകളും പട്ടികളുമായി വളരെ അടുത്ത് പെരുമാറുമ്പോള്‍, അവ കടിക്കുകയോ അവയുടെ നഖങ്ങള്‍ കൊണ്ട് പോറലേല്‍ക്കുകയോ ചെയ്യുമ്പോഴാണ് ഈ അണുബാധയുണ്ടാകുന്നത്.