ഇരുപത്തിനാലുകാരി ഷിയോ ജിങ് കാമുകനായ ഷിയോ കിയെ കണ്ടുമുട്ടുന്നത് ഒരു വര്‍ഷം മുന്‍പാണ്. പരിചയം പിന്നീട് പ്രണയമായി മാറി.  പ്രണയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ചൈന സ്വദേശിനിയായ ജിങ് കാമുകനായ കിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. വെറുതെ കൈയും വീശി ചെന്നല്ല യുവതി തന്‍റെ കാമുകനോട്  വിവാഹാഭ്യര്‍ത്ഥന നടത്തിയത്. 

സ്വത്തിന്‍റെ ആധാരവും ബിഎംഡബ്ല്യു കാറിന്‍റെ താക്കോലുമായാണ് ജിങ് കിയെ ഞെട്ടിച്ചത്. പ്രണയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നയാള്‍ക്ക് എന്തെങ്കിലും ഒരു സര്‍പ്രൈസ് നല്‍കണം എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു കാര്യം സംഭവിച്ചത് എന്നും ജിങ് പറയുന്നു. 

 

വധുവിനെ പോലെ ഒരുങ്ങിയാണ് ജിങ് എത്തിയത്. വീട്ടുക്കാരുടെ സഹായത്തോടെ ഹാള്‍ അലങ്കരിച്ചിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ കി അമ്പരന്നുപോയി എന്നും ജിങ് പറയുന്നു. പൂച്ചെണ്ടില്‍ വീടിന്‍റെ ആധാരവും ബിഎംഡബ്ല്യു കാറിന്‍റെ താക്കോലുമായി കിയുടെ മുന്നില്‍ നീട്ടി ജിങ് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുകയായിരുന്നു.

അത്ഭുതവും സന്തോഷവും കൊണ്ട് കിയുടെ കണ്ണുനിറഞ്ഞുവത്രേ. ഒട്ടും വൈകിക്കാതെ ജിങ് വിവാഹാഭ്യര്‍ത്ഥനയോട് സമ്മതം മൂളുകയും ചെയ്തു. യുവതിയുടെ മാതാപിതാക്കളാണ് മകളുടെ സന്തോഷത്തിനായി ഈ സമ്മാനങ്ങള്‍ വാങ്ങി നല്‍കിയത് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.