ലോറയുടെ 20 പാമ്പുകള്‍ ഈ വീട്ടിലാണുള്ളത്. അതുകൊണ്ടുതന്നെ ആഴ്ചയില്‍ രണ്ടുതവണ ലോറ ഇവിടെ വരാറുണ്ട്. 

ഇന്ത്യാന: 140 പാമ്പുകളുള്ള വീട്ടിനുള്ളില്‍ പാമ്പ് കഴുത്തില്‍ കുടുങ്ങി ശ്വാസം മുട്ടി 36 കാരി മരിച്ചു. ലോറ ഹര്‍സ്റ്റ് എന്ന യുവതിയാണ് പാമ്പ് കഴുത്തില്‍ വലിഞ്ഞ് മുറുകിയതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ മരിച്ചത്. 140 പാമ്പുകളാണ് ലോറയുടെ വീട്ടിലുള്ളത്. റെപ്റ്റൈല്‍ ഹോം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഈ വീട്ടില്‍ പാമ്പ് കഴുത്തില്‍ കുടുങ്ങിയ നിലയിലാണ് ലോറയെ കണ്ടെത്തിയത്. 

ഇന്ത്യാനയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ബെന്‍സ്റ്റണ്‍ കൗണ്ടി ഷെരീഫ് ഡോണ്‍ മണ്‍സണിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. പാമ്പുകളെ സൂക്ഷിക്കുന്നതിനാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ലോറയുടെ 20 പാമ്പുകള്‍ ഈ വീട്ടിലാണുള്ളത്. അതുകൊണ്ടുതന്നെ ആഴ്ചയില്‍ രണ്ടുതവണ ലോറ ഇവിടെ വരാറുണ്ട്. 

റെപ്റ്റൈല്‍ ഹൗസിന് തൊട്ടടുത്താണ് ഷെരീഫ് ഡോണ്‍ മണ്‍സണും താമസിക്കുന്നത്. ബുധനാഴ്ച വൈകീട്ട് റെപ്റ്റൈല്‍ ഹൗസില്‍ ലോറയെ മണ്‍സണ്‍ കണ്ടിരുന്നു. എന്നാല്‍ രാത്രിയോടെ ലോറയെ വീടുനിള്ളില്‍ പാമ്പുചുറ്റിയ നിലയില്‍ ഒരാള്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ പാമ്പിനെ കഴുത്തില്‍ നിന്ന് എടുത്തുമാറ്റാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ലോറയുടെ ബന്ധുക്കള്‍ പറഞ്ഞത്. ലോറയ്ക്ക് രണ്ട് കുട്ടികളുണ്ട്.