ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ചൈനയിലെ ഹോങ്കോങ്ങാണ്. ജീവിതച്ചെലവിനെ ആധാരമാക്കി അമേരിക്കൻ കൺസൾട്ടിംഗ് സ്ഥാപനമായ മെർസറാണ് ഈ വർഷവും പട്ടിക തയാറാക്കിയത്.

തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തും ജപ്പാനിലെ ടോക്കിയോയും, സ്വിറ്റ്സർലൻഡിലെ സൂറിക്കും, സിംഗപ്പൂരുമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.  ലോകത്തിലെ ഏറ്റവും ചെലവേറിയ പത്ത് നഗരങ്ങളിൽ മൂന്നെണ്ണവും സ്വിറ്റ്സർലൻഡിലാണ് എന്നാണ് മെര്‍സര്‍ പുറത്തുവിട്ട പട്ടിക പറയുന്നത്. സൂറിക്(4), ബേൺ(8), ജനീവ(9) എന്നിവയാണ് സ്വിസ്സ് നഗരങ്ങൾ. 

യൂറോപ്പിൽ നിന്നും ആദ്യ 20 സ്ഥാനങ്ങളിൽ ഉള്ള ഏക യൂറോപ്യൻ നഗരം ലണ്ടനാണ്. പത്തൊന്‍പതാം സ്ഥാനത്താണുള്ളത്.  കറൻസി വിനിമയനിരക്ക്, ഭക്ഷണം, പാർപ്പിടം, ഗതാഗതം, വിനോദം, വസ്ത്രം, ഗാർഹികോപകരണങ്ങളുടെ ചിലവ് തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് വിവിധ ലോക നഗരങ്ങളിലെ ജീവിതച്ചെലവ് നിർണ്ണയിച്ചത്. 

ന്യൂയോർക്ക് സിറ്റി(6), ഷാങ്ഹായ്(7), ബീജിംഗ്(10) എന്നീ നഗരങ്ങളും ആദ്യ പത്തിലുണ്ട്. കൊവിഡ് കാലത്ത് ശുചീകരണ ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവും വില കൂടുതല്‍ ന്യൂയോർക്കിലാണെന്നും മെർസറിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Also Read: ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ മൂന്ന് നഗരങ്ങള്‍ ഇന്ത്യയില്‍; സര്‍വ്വേ ഫലം പുറത്ത്...