ഈ വാർത്ത നിങ്ങൾക്ക് നിറകണ്ണുകളോടെയല്ലാതെ വായിച്ചു മുഴുമിക്കാനാവില്ല. ഇത് വൂ ഹ്വയാൻ എന്ന ഒരു പാവം ചൈനീസ് യുവതിയുടെ കഥയാണ്. നിത്യരോഗിയായ അനുജന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാൻ വേണ്ടി അവനവന്റെ ചെലവുകൾ പരമാവധി വെട്ടിച്ചുരുക്കി, അരവയറോടെ, പലപ്പോഴും പച്ചവെള്ളം മാത്രം കുടിച്ച് കിടന്നുറങ്ങിയിരുന്നു വൂ. ഒരു ദിവസം കഴിഞ്ഞുകിട്ടാൻ അവൾ ആകെ ചെലവിട്ടിരുന്നത് 21 രൂപയാണ്. മൂന്നുനേരത്തെ ഭക്ഷണത്തിനും, മറ്റു ചെലവുകൾക്കും ഒക്കെയായി ആകെ വെറും 21 രൂപ.  

അവളുടെ ഭക്ഷണത്തിന്റെ മെനു എന്നും ഒന്നു തന്നെയായിരുന്നു. ഒരു കപ്പ് ചോറ്, പിന്നെ രണ്ടു കാന്താരി മുളക്. ചോറിൽ മുളക് ഉടച്ചിട്ട് അവൾ എങ്ങനെയും അകത്താക്കും. അങ്ങനെ അവൾ കഴിഞ്ഞത്  ഒന്നും രണ്ടും ദിവസമല്ല അഞ്ചു വർഷത്തേക്കാണ്.

അതിനിടെ അവൾ യൂണിവേഴ്സിറ്റി ബിരുദത്തിന് പഠിക്കുകയും, രണ്ടു ജോലികൾ ചെയ്യുകയും ചെയ്തിരുന്നു. നാലടി അഞ്ചിഞ്ച് ഉയരം മാത്രമായിരുന്നു ആ കുറിയപ്രകൃതക്കാരിക്ക് ഉണ്ടായിരുന്നത്. ഭാരം എത്രയെന്നു പറഞ്ഞാൽ ചിലപ്പോൾ പലരും വിശ്വസിക്കുക പോലുമില്ല, വെറും 21 കിലോ മാത്രം. 

തന്റെ ഇരുപത്തിനാലാം വയസ്സിൽ, തന്റെ കൂട്ടുകാരികളൊക്കെ  നിറയൗവ്വനത്തിന്റെ ആസക്തികളിൽ മുഴുകി ജീവിതാനന്ദങ്ങൾ നുണഞ്ഞിറക്കുന്ന പ്രായത്തിൽ അവൾ മരിച്ചു പോയി. ടോൺഗ്രെൻ പട്ടണത്തിലെ ഗ്വിസൗ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവൺമെന്റ് ആശുപത്രിയിൽ കിടന്നാണ് അവൾ തന്റെ അന്ത്യശ്വാസം വലിച്ചത്. ഒക്ടോബർ മാസം മുതൽ അവൾ അവിടെ കടുത്ത പോഷകാഹാരക്കുറവിന്റെ പേരിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു. 

ചൈനയിൽ, സമ്പന്നതയുടെ പുറം മോടികൾക്കൊക്കെ പുറത്തായി, വികസനം എത്തിനോക്കുകപോലും ചെയ്യാത്ത നിരവധി കുഗ്രാമങ്ങളുള്ള ഒരു പ്രവിശ്യയാണ് ഗ്വിസൗ. അവിടത്തെ ഗ്വിഹ്വാ ഷെൻഗ്വ വൊക്കേഷണൽ ആൻഡ് ടെക്നിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്നു വൂ. ചൈനീസ് സർക്കാരിൽ നിന്ന് ധനസഹായമായി ഏകദേശം 300 യുവാൻ( 3000 രൂപ) കിട്ടിയിരുന്നു അവൾക്ക്.

ഒപ്പം പഠനത്തിനൊപ്പം ചെയ്തിരുന്ന രണ്ടു ജോലികളിൽ നിന്നായി 600 യുവാൻ(6000 രൂപ)  വേറെയും. എന്നാൽ ഈ പൈസയിൽ വലിയൊരു ഭാഗവും, മാനസികാസ്വാസ്ഥ്യമുള്ള  അവളുടെ കുഞ്ഞനുജന്റെ മരുന്നിനും ചികിത്സയ്ക്കുമായി ചെലവാകുമായിരുന്നു. അങ്ങനെ രണ്ടറ്റം മുട്ടിക്കാൻ കിടന്നു പാടുപെടുന്നതിനിടെയാണ് തന്റെ ഭക്ഷണത്തിന്റെ ചെലവ് പരമാവധി കുറച്ചുകൊണ്ട്, സഹോദരന്റെ ചികിത്സയ്ക്ക് വേണ്ടി പണം സ്വരൂപിക്കുക എന്ന വഴി അവൾ ആലോചിച്ചത്. 

എന്നാൽ താൻ ആലോചിച്ച് കണ്ടെത്തിയ ഈ വഴി എത്രമാത്രം ആത്മഹത്യാപരമാണ് എന്ന് അവൾക്കൊന്നു പറഞ്ഞുകൊടുക്കാൻ ആരുമുണ്ടായിരുന്നില്ല. ശാരീരികമായി അവശതകൾ കടന്നുവന്നപ്പോഴൊന്നും അവൾ അതിന്റെ തീവ്രത തിരിച്ചറിഞ്ഞില്ല. അവളുടെ കോളേജിൽ കൂടെ പഠിച്ചിരുന്നവർ പോലും അവളോട്, 'നീയിങ്ങനെ മെലിഞ്ഞൊട്ടി വരുന്നത് എന്തുകൊണ്ടാണ്' എന്ന് ഒന്ന് ചോദിച്ചില്ലെന്നതാണ് വാസ്തവം. 

ഹൈ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ വൂവിന് ശാരീരികമായ വയ്യായ്കകൾ ഏറെ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും അവൾ ആരോടും മിണ്ടിയില്ല. ആരോടും ഒരു പരാതിയും പറഞ്ഞില്ലവൾ. കാരണം, അവൾക്ക് ഭയമായിരുന്നു. തന്റെ അസുഖത്തിന് വേണ്ടി പണം ചെലവായാൽ അതുകാരണം തന്റെ അനുജന്റെ മരുന്ന് വാങ്ങാൻ കഴിയാതെ പോയാലോ? അതുകൊണ്ടുമാത്രം അവൾ തന്റെ അസുഖങ്ങൾ ആരോടും പറഞ്ഞില്ല. ഒക്കെ ഒറ്റയ്ക്ക് സഹിച്ചുകൊണ്ടിരുന്നു. 

അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചുപോയ വൂ തന്റെ അനുജനോട് വല്ലാത്ത മാനസികമായ അടുപ്പം സൂക്ഷിച്ചിരുന്നു. അവന് പൂർണ്ണമായ മാനസിക വളർച്ച ഇല്ലെങ്കിലും, അവർ തമ്മിൽ വല്ലാത്തൊരു ബന്ധമായിരുന്നു. " അച്ഛനും അമ്മയും പോയതില്പിന്നെ, ഈ ലോകത്ത് എനിക്കാകെയുള്ളത് അവനാണ്, അവനെ നഷ്ടപ്പെടുന്നതിനെപ്പറ്റി ഓർക്കാൻ പോലും  വയ്യ..." എന്ന് വൂ തന്റെ സ്നേഹിതരോട് പറഞ്ഞിരുന്നു ഇടക്കൊക്കെ. 

പഠിക്കാൻ മിടുക്കിയായിരുന്നു വൂ. യൂണിവേഴ്സിറ്റിയിൽ എത്തിയപ്പോൾ, അവൾക്ക് സ്‌കോളർഷിപ്പുകൾ കിട്ടിത്തുടങ്ങിയതോടെ കാര്യങ്ങൾ മെച്ചപ്പെട്ടുവന്നതാണ്. എന്നാൽ, ഹൈസ്‌കൂൾ മുതൽ ശീലിച്ച പട്ടിണി, അതിൽ നിന്ന് ഉണ്ടായ പോഷകാഹാരക്കുറവ്, അത് അവളെ കോളേജ് പഠനം പൂർത്തിയാക്കാൻ അനുവദിച്ചില്ല.

അതിനുമുമ്പേ അവൾ ശയ്യാവലംബിയായി. അവളുടെ ഹൃദയം ഏറെ ക്ഷീണിതമായി, മുടി കൊഴിഞ്ഞുതുടങ്ങി, ചെവിക്കുള്ളിൽ വല്ലാത്ത മൂളക്കമായി, ഉറക്കം തീരെ കിട്ടാതെയായി. അവൾ ആകെ വലഞ്ഞു. ഒടുവിൽ ഒരു ദിവസം വൂ ബോധം കെട്ടുവീണ് ആശുപത്രിയിലായി.  

അഡ്മിറ്റായ ശേഷം പൊതുജനങ്ങൾ വൂവിന്റെ ചികിത്സക്കുവേണ്ട പണം പിരിച്ചെടുത്തു നൽകി. എന്നാൽ അപ്പോഴേക്കും ഏറെ വൈകിക്കഴിഞ്ഞിരുന്നു. മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യണം എന്ന അവളുടെ ആഗ്രഹം മാത്രം ചിലപ്പോൾ നിറവേറിയേക്കാം.  ആർക്കുവേണ്ടിയാണോ വൂ ഇത്രയും കാലം പട്ടിണി കിടന്നത്, അവനെ ഒറ്റയ്ക്കാക്കിക്കൊണ്ട് ഒടുവിൽ അവൾ ഈ ലോകം വിട്ട് പോയിക്കഴിഞ്ഞു.

തനിക്കുള്ള മരുന്നുകൾ വാങ്ങാൻ വേണ്ടിയാണ് ചേച്ചി വൂ പട്ടിണി കിടന്നതും, ഒടുവിൽ മരിച്ചുപോയതും എന്ന് അവളുടെ സഹോദരന് ഒരിക്കലും മനസ്സിലായേക്കില്ല. എന്നാൽ, തങ്ങളൊക്കെ നാലുനേരം മൂക്കുമുട്ടെ തിന്ന്, ഒരു ഉൾക്കുത്തുമില്ലാതെ ബാക്കിവന്ന ഭക്ഷണം ചവറ്റുകൂട്ടയിലേക്ക് തട്ടുന്നതിനിടയിലാണ്, രണ്ടുനേരം സമീകൃതമായ ആഹാരം കിട്ടാതെ ഒരു പെൺകുട്ടി തങ്ങളുടെ അയല്പക്കത്ത് മരിച്ചതെന്ന് ഗ്വിസൗവിലെ ജനങ്ങൾ എന്നെങ്കിലും അറിയുമോ? അതുപോലെ നമ്മുടെ അയൽപക്കങ്ങളിൽ നടക്കുന്ന മരണങ്ങളെപ്പറ്റി നമ്മളും..!