ഒന്നും ചെയ്യാതെ ഒരു യുവാവ് വെറുതെ രണ്ട് മണിക്കൂര്‍ ഇരിക്കുന്ന വീഡിയോ കണ്ടത് 20 ലക്ഷത്തിലധികം ആളുകള്‍. ഇന്തോനേഷ്യൻ യുട്യൂബർ മുഹമ്മദ് ദിദിത് ആണ് വ്യത്യസ്ത  വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ക്യാമറയിലേക്ക് തുറിച്ച് നോക്കികൊണ്ട് ദിദിത് ഇരിക്കുന്ന വീഡിയോയുടെ  തലക്കെട്ടും 'ഒന്നും ചെയ്യാതെ 2 മണിക്കൂർ' എന്നാണ്. 

ജൂലൈ 10ന് ആണ് ദിദിത് വീഡിയോ പങ്കുവച്ചത്. ഇതുവരെ  2042059 പേരാണ് വീഡിയോ കണ്ടത്. ഈ രണ്ട് മണിക്കൂറിനിടയില്‍ ദിദിതിന്‍റെ കണ്ണുകള്‍ എത്ര തവണ ചിമ്മിയെന്നും ആളുകള്‍ വീക്ഷിച്ചു. ദിദിത് എത്ര തവണ ശ്വാസം വലിച്ചു എന്നും ചിലർ കമന്‍റ് ചെയ്തു. 

യുവാക്കള്‍ക്ക് അറിവ് പകരുന്ന ഒരു വീഡിയോ ചെയ്യാൻ സമൂഹത്തിൽ നിന്ന് ആവശ്യം ഉയർന്നതിനെ തുടർന്നാണ് ഇത് ചെയ്തത് എന്നാണ് ദിദിത് പറയുന്നത്. പക്ഷേ, എന്താണ് ഇതിന്റെ പ്രയോജനമെന്ന് കാഴ്ചക്കാരെ ആശ്രയിച്ച് ഇരിക്കുമെന്നും വീഡിയോയ്ക്കൊപ്പമുള്ള വിവരണത്തില്‍ ദിദിത് കൊടുത്തിട്ടുണ്ട്. 

വീഡിയോ വൈറലായതോടെ മാധ്യമങ്ങൾക്ക് അഭിമുഖം കൊടുക്കുന്ന തിരക്കിലാണ് ദിദിത് ഇപ്പോള്‍. 10 മിനിറ്റ് ചെയ്യാം എന്നു കരുതിയാണ് റെക്കോർഡ് തുടങ്ങിയതെന്നും എന്നാൽ അങ്ങനെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടതോടെ 2 മണിക്കൂർ 20 മിനിറ്റ് വരെ വീഡിയോ നീണ്ടു പോവുകയായിരുന്നു എന്നും ദിദിത് മാധ്യമങ്ങളോട്  പറഞ്ഞു. മാതാപിതാക്കള്‍ വിളിച്ചപ്പോഴാണ് ദിദിത്  വീഡിയോ അവസാനിപ്പിച്ചത്.

 

 

വീഡിയോ ഇത്രയും വൈറലാകുമെന്ന് കരുതിയില്ല എന്നും കൂടുതൽ രസകരമായ വീഡ‍ിയോകളുമായി എത്താനാണ് ശ്രമമെന്നും ദിദിത് പ്രതികരിച്ചു. ഒപ്പം ദിദിത് പിന്തുണച്ചവരോട് നന്ദി പറയുകയും ചെയ്തു. 28500 സബ്സ്ക്രൈബേഴ്സ് ആണ് ദിദിതിന്‍റെ യുട്യൂബ് ചാനലിനുള്ളത്. 

Also Read: ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന നായ്ക്കുട്ടിയെ പെട്ടെന്ന് കണ്ടെത്താമോ?...