എല്ലാവര്‍ക്കും തടി കുറയ്ക്കണം. പക്ഷേ എങ്ങനെ എന്നാണ്  പലരും ചിന്തിക്കുന്നത്. തടി കുറയ്ക്കാനായി പട്ടിണി കിടന്നിട്ട് യാതൊരു കാര്യവും ഇല്ല. ജിമ്മില്‍ പോകാന്‍ മടിയുള്ളവരുണ്ടാകാം. ജിമ്മില്‍ പോകുന്നത് ബോറടിക്കുന്നവരുണ്ടാകാം.  അത്തരക്കാര്‍ക്ക് വേണ്ടിയുളളതാണ് സൂംബ. സൂംബ ഒരു എയറോബിക്ക് വ്യായാമമാണ് അല്ലെങ്കില്‍ ഒരു ഡാന്‍സ് ഫിറ്റ്നസാണ് സൂംബ എന്നും പറയാം. 

ലാറ്റിന്‍ ഡാന്‍സില്‍ നിന്ന് പ്രചോദനം കൊണ്ടുളള കാര്‍ഡിയോ വ്യായാമമാണ് സൂംബ. ശരീരത്തിലെ കലോറി കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ് സൂംബ ഡാന്‍സ്. വളരെ രസകരമായ വ്യായാമരീതിയാണ് ഇത്. നൃത്തത്തിനൊപ്പം ചുവടുകള്‍വെച്ചാണ് ഇവിടെ ശരീരഭാരം കുറയ്ക്കുന്നത്. മണികൂറില്‍ 600 കലോറി വരെ ഇതുവഴി കുറയ്ക്കാം. വീട്ടില്‍ ഇരുന്ന് തന്നെ നിങ്ങള്‍ക്കിത് ചെയ്യാം. 

കലോറി പെട്ടെന്ന് കുറയ്ക്കാന്‍ സൂംബയിലൂടെ  കഴിയും. ഒരു മാസം കൊണ്ട് ഏകദേശം 300 മുതല്‍ 900 കലോറിവരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് തവണ വരെ സൂംബ വ്യായാമം ചെയ്താല്‍ നല്ല രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും.  സൂംബ ചെയ്യുമ്പോള്‍ ഓരോ മിനിറ്റിലും 18 മുതല്‍ 22 കലോറി വരെ എരിയുമെന്നാണ്  2012ല്‍ നടത്തിയ ഒരു പഠനം പറയുന്നത്. 18നും 25നും ഇടയില്‍ പ്രായമുളള സ്ത്രീകളിലാണ് പഠനം നടത്തിയത്. നാല്‍പത് മിനിറ്റ് ചെയ്യുമ്പോള്‍ 369 കലോറി കുറഞ്ഞുകിട്ടും. 

മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും സൂംബ സഹായിക്കും. അതുപോലെ തന്നെ മുഖത്തിനും ശരീരത്തിനും സൗന്ദര്യമുണ്ടാകും. ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച വ്യായാമമാണ് സൂംബ.  

വീഡിയോ

ഇതൊടൊപ്പം നല്ല രീതിയിലൊരു ഡയറ്റ് കൂടി പരീക്ഷിച്ചാല്‍ അമിതവണ്ണം പെട്ടെന്ന് കുറയും. ഓട്സ്, പാസ്ത,  ബ്രഡ് , മത്സ്യം , മുട്ടയുടെ വെള്ള , ചിക്കന്‍ , പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

സൂംബ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 

1. വിയര്‍പ്പ് വലിച്ചെടുക്കുന്ന വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കണം. 

2. ഷൂസ് ധരിക്കണം. 

3. കൈയില്‍ വെള്ളം കരുതുക.