കവി സച്ചിദാനന്ദന്റ എഴുപത്തഞ്ചാം പിറന്നാളിന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ സ്‌നേഹാദരം

 

 

ചെമ്പരത്തിയുടെ മൊട്ട് വളരുകയും വിരിയുകയും ചെയ്യുന്നത് ഒരു മാന്ത്രികപ്പവിഴം പോലെയാണെന്ന് പറയുന്ന സച്ചിദാനന്ദന്‍ കവിതയുണ്ട്. വളരുന്ന മാന്ത്രികപ്പവിഴം എന്ന കല്പനയെ സച്ചിദാനന്ദന്റെ കവിത്വത്തോടും ചേര്‍ത്തുവയ്ക്കാം. 

സ്വപ്നാത്മകമായ വിചിത്രകല്പനകളിലൂടെ നമ്മുടെ കവിതയെയും കാവ്യഭാഷയെയും, ലോകകവിതയുടെ സമകാലത്തിലേയ്ക്കുയര്‍ത്തിയ കവിയാണ് സച്ചിദാനന്ദന്‍. ഉപമകളുടെയും ഉല്‍പ്രേക്ഷകളുടെയും കാലത്തുനിന്ന് ബിംബഭാഷയുടെ വിചിത്രോദ്യാനമെന്ന നിലയിലേയ്ക്ക് നമ്മുടെ കവിത പരിണമിച്ചെത്തിയതിന്റെ  മുഖ്യചാലകം ഈ കവിയും അദ്ദേഹത്തിന്റെ കവിതയുമായിരുന്നു. 

എഴുത്തച്ഛനെ സര്‍റിയലിസ്റ്റ് ബിംബാവലിയുപയോഗിച്ച് മാറ്റിയെഴുതി, സച്ചിദാനന്ദന്‍.

'പനയോലയെല്ലില്‍നിന്നും
നടന്നടുക്കുന്നു
ശൂര്‍പ്പണഖയുടെ നഖങ്ങള്‍,
താടകാകാമക്കരിംകണ്‍കള്‍
....' എന്നും

'പനയോലക്കടലിലെ-
യിരുട്ടിനു തലപത്തും
തളിര്‍ക്കുന്നു, എഴുത്താണി-
മുനയിലൂടൊരു പൊന്മാന്‍
കളിക്കുന്നു, അനുസ്വാരം
വിതുമ്പിപ്പോം വെളിച്ചത്തെ
സ്വരങ്ങള്‍തന്‍ ചിറകുകള്‍
പറത്തുന്നു, വ്യഞ്ജനങ്ങ-
ളശോകമായ് കിളിര്‍ക്കുന്നു
അശോകത്തിന്‍ കീഴില്‍
ചില്ലക്ഷരങ്ങളില്‍
ശോകം നിന്നു പുകയുന്നു'
എന്നും

'വിരാമചിഹ്നത്തിനു വാല്‍
മുളയ്ക്കുന്നു, കടല്‍ ചാടി
പ്രണയദൗത്യവുമായി-
പ്പറക്കുന്നു, ചോദ്യചിഹ്നം
വിനയത്താല്‍ സുഗ്രീവനായി
കുനിയുന്നു, കടലിന്നു
ചിറയായാശ്ചര്യചിഹ്നം
കുറുകുന്നു
...' എന്നും 

ഈ കവിതയില്‍ നമ്മള്‍ വായിക്കുന്നു. 

മലയാളഭാഷയുടെ പളുങ്കിലൂടെ മാന്ത്രികഭാവന സംക്രമിച്ചുണ്ടായ മഴവില്ലാണ് ഇക്കവിത. ദാലിയോ പിക്കാസോയോ വരയ്ക്കുമ്പോള്‍ ക്യാന്‍വാസില്‍ സംഭവിക്കുന്നത്, അതോടെ, കവിതയിലും സംഭവിക്കുന്നു. അതുവഴി, മലയാളകവിതയിലെ ആധുനികതയുടെ എഴുത്തച്ഛന്‍മാരിലൊരാളായി മാറുകയായിരുന്നു സച്ചിദാനന്ദന്‍. 

.....................................

Read more: പെണ്‍പോരാട്ടങ്ങളുടെ പുതിയ കാലത്ത്  ഭക്തമീരയെ വായിക്കുമ്പോള്‍
 

 

ചിത്രകാരനായ ജോണ്‍ മീറോവിനെക്കുറിച്ച് ഒക്‌ടോവ്യോപാസിന്റെ കവിതയുണ്ട്.

'മീറോ ഏഴുകൈകളുള്ള
മൃഗതൃഷ്ണയായിരുന്നു
ഒന്നാമത്തെ കൈകൊണ്ട് അയാള്‍
ചന്ദ്രന്റെ ചെണ്ട കൊട്ടി.
രണ്ടാമത്തേതുകൊണ്ട്
കാറ്റിന്റെ പൂന്തോട്ടത്തിലെ
പറവകളെ ചിതറിച്ചു.
മൂന്നാമത്തേതുകൊണ്ട്
നക്ഷത്രങ്ങളുടെ പകിടപ്പാത്രം കിലുക്കി.
നാലാമത്തേതുകൊണ്ട്
'ഒച്ചുകളുടെ നൂറ്റാണ്ടുകളുടെ
പുരാവൃത്തം' എഴുതി.
അഞ്ചാമത്തേതുകൊണ്ട് പച്ചയുടെ നെഞ്ചില്‍ ദ്വീപുകള്‍ നട്ടു.
ആറാമത്തേതുകൊണ്ട്
രാത്രിയും ജലവും സംഗീതവും വൈദ്യുതിയും
കൂട്ടിക്കലര്‍ത്തി ഒരു പെണ്ണിനെ പടച്ചു.
ഏഴാമത്തേതുകൊണ്ട് അയാള്‍
താനുണ്ടാക്കിയതെല്ലാം
മായ്ച്ചുകളഞ്ഞ് വീണ്ടും
വരച്ചുതുടങ്ങി.'

പാസിന്റെ മീറോയെപ്പോലെയാണ് സച്ചിദാനന്ദനിലെ കവി പ്രവര്‍ത്തിക്കുന്നത്. ബഹുരൂപമായ കവിത്വം അയാള്‍ക്ക് ഏഴും എഴുപതും കൈകള്‍ നല്‍കുന്നു. ആ കൈകള്‍കൊണ്ട് അയാള്‍ എഴുതുകയും മായ്ക്കുകയും വീണ്ടും എഴുതുകയും ചെയ്യുന്നു. 

എഴുപതുകളിലെ സച്ചിദാനന്ദനെ മായ്ച്ചുകളഞ്ഞ് എണ്‍പതുകളിലെ സച്ചിദാനന്ദന്‍ എഴുതുന്നു. എണ്‍പതുകളിലെ സച്ചിദാനന്ദനെ തൊണ്ണൂറുകളിലെയും  പുതുസഹസ്രാബ്ദത്തിലെയും സച്ചിദാനന്ദന്‍ മായ്ച്ചുവരയ്ക്കുന്നു; ഏഴുകൈകളുള്ള മരീചികയാണ് സച്ചിദാനന്ദന്‍ എന്നു പറയാന്‍ പ്രേരിപ്പിക്കുന്ന  ധൈഷണികവേഗത്തോടും ഭാവുകത്വപരമായ ചടുലതയോടുംകൂടി. 

മലയാളകവിതയില്‍ ഗദ്യം നടപ്പിലായതിനു പിന്നില്‍ കവി എന്ന നിലയിലുള്ള സച്ചിദാനന്ദന്റെ പ്രവര്‍ത്തനവുമുണ്ട്. നമ്മുടെ കവിതയില്‍, ആദ്യമായി അകൃത്രിമമായ കാവ്യഗദ്യം കൊണ്ടുവന്ന കവികളിലൊരാള്‍ സച്ചിദാനന്ദനാണ്. 'പീഡനകാലം' പോലുള്ള സമാഹാരങ്ങളില്‍ അതു കാണാം. 

ഉദാഹരണമായി 'മുലപ്പാല്‍' എന്ന, മുഴുത്ത രാഷ്ട്രീയപ്രമേയങ്ങളൊന്നുമില്ലാത്ത ഈ കവിത നോക്കൂ. ഒരു ഗാര്‍ഹികസന്ദര്‍ഭത്തെ അത്രമേല്‍ ഋജുവായും സരളമായും പദ്യപ്പകിട്ടേതുമില്ലാതെ അതു കാവ്യവല്‍ക്കരിക്കുന്നു.

'വേനല്‍ക്കാലമായതിനാല്‍
വീട്ടിലേയ്ക്കു മടങ്ങുമ്പോള്‍
ഞാന്‍ കുട്ടികള്‍ക്കു കുറച്ചു
സബര്‍ജില്‍ വാങ്ങി.
ബസ്സു പകുതിദൂരം പിന്നിട്ടപ്പോള്‍
പൊതിക്ക് ഇളം ചൂടുള്ളതായി തോന്നി
സാവധാനം അതെന്റെ കയ്യിലിരുന്ന് മിടിച്ചുതുടങ്ങി
ഞാനതു ചെവിയിലുയര്‍ത്തിവെച്ചു നോക്കി.
ലബ്ഡപ്, ലബ്ഡപ്; അതെ,
അതു മിടിക്കുകയായിരുന്നു.
ബസ്സില്‍നിന്നു ഞാനിറങ്ങുംമുമ്പേ
ആ പഴങ്ങള്‍ കൂട്ടത്തോടെ പുറത്തുചാടി
പച്ച ഹൃദയങ്ങളുടെ ഒരു നിര.
അവ തുടിക്കുകയും
തുള്ളിച്ചാടുകയുമായിരുന്നു
ചിലപ്പോള്‍ ഒരമ്മാനമാട്ടക്കാരനെപ്പോലെ,
ചിലപ്പോളൊരു
കുരങ്ങുകളിക്കാരനെപ്പോലെ,
ഞാനവയുമായി വീട്ടിലേയ്ക്ക് നടന്നു.
ബിന്ദു വന്നു കതകുതുറന്നയുടന്‍ അവ
സരിതയുടെയും സബിതയുടെയും
കൊച്ചുകൈകളിലേയ്‌ക്കെടുത്തുചാടി
അവരുടെ ദേഹമാസകലം
അവ ഓടിനടന്നു
പച്ചഞെട്ടുകളുടെ കൊച്ചുവാലുരസി
ഇക്കിളിയാക്കിക്കൊണ്ട്
അണ്ണാന്‍കുഞ്ഞുങ്ങളെപ്പോലെ.' 

ഒടുവില്‍ അവ ഒരു ഡസന്‍ പച്ചമുലകളായി മാറി കുട്ടികളുറങ്ങുന്ന മുറിയെ 'സ്വപ്നവും വാത്സല്യവും സംഗീതവുംകൊണ്ട് ' നനച്ചുകൊണ്ടിരുന്നു എന്നാണ് കവിത അവസാനിക്കുന്നത്. 

 

.........................................

Read more: തമിഴ് കവി ചേരന്റെ രണ്ട് കവിതകള്‍,  വിവര്‍ത്തനം: സച്ചിദാനന്ദന്‍

നെരൂദ

 

പച്ചവെള്ളം വീഞ്ഞായിമാറുന്നതുപോലെ, ഗദ്യം കവിതയാകുന്ന മാന്ത്രികപരിണാമത്തിനു വിധേയമായി മലയാളം, ഇത്തരം സച്ചിദാനന്ദന്‍ രചനകളിലൂടെ . ഇത് പൂര്‍ണമായും ഒരു 'അകം' കവിതയാണെങ്കില്‍ അതേ സമാഹാരത്തില്‍ത്തന്നെ ഉള്‍പ്പെടുന്ന 'ആതിഥേയന്‍' ഒരു 'പുറം' കവിതയാണ്. അഥവാ അകം പുറത്തെയും പുറം അകത്തെയും സ്വാംശീകരിക്കുന്ന ലയത്തെക്കുറിച്ചുള്ള കവിത. പെട്ടെന്നു പൊട്ടിവീണ വയനാടന്‍ മഴയില്‍ മലഞ്ചെരിവിലെ മണ്‍കുടിലില്‍ അഭയമിരന്നുചെന്ന രാഷ്ട്രീയബുദ്ധിജീവികള്‍ക്കു കൈവന്ന ഗ്രാമീണസല്‍ക്കാരത്തിന്റെ ഉദാരതയെയും ഊഷ്മളതയെയും വാഴ്ത്തുകയാണ് 
കവി.

'കുന്നിന്‍ചെരുവില്‍ പടര്‍ന്ന
മധുരക്കിഴങ്ങുവള്ളികള്‍ക്കിടയില്‍
ഒരു മധുരക്കിഴങ്ങായിരുന്നു ആ കുടില്‍.
കളിമണ്‍ചുവരിലെ
പുണ്യവാളന്മാര്‍ക്കിടയില്‍നിന്ന്
ഒരു ചെറുപ്പക്കാരന്‍ എണീറ്റുവന്നു.
അദ്ധ്വാനത്താല്‍ ഉറച്ച കറുത്ത ഉടലും
നാടന്‍ കര്‍ഷകര്‍ക്കു മാത്രം നല്‍കപ്പെട്ട
നെല്ലോലയുടെ വക്കുകളുള്ള
കണ്ണുകളുമായി ഒരാള്‍.
അയാള്‍ ഞങ്ങളോട് കുശലം തിരക്കി,
ഔപചാരികത്വം സ്പര്‍ശിക്കാത്ത
ചൊടിവിടാത്ത മണ്ണിന്റെ ഭാഷയില്‍.
പിന്നീടയാള്‍ ഞങ്ങളെ സല്‍ക്കരിച്ചു,
കണ്ണുകളിലെ ചോളക്കുലകള്‍ കൊണ്ട് ,
പിന്നെ കരിങ്കാപ്പിയും ബീഡിയുംകൊണ്ട്.'

ഗദ്യംപോലെ സര്‍വസാധാരണമായ ഒരനുഭവത്തെ കവിതയിലേക്കാനയിക്കുന്നതിലെ അനാര്‍ഭാടത തന്നെയാണ് ഇവിടെയും സച്ചിദാനന്ദന്റെ കാവ്യമുദ്ര. മലയാളകവിതയിലെ നടപ്പുഗദ്യത്തോട് അതു തോളുരുമ്മി, തോളൊപ്പം എന്നും പറയാം, നില്‍ക്കുന്നു (ഉദാ- എസ്.ജോസഫിന്റെ 'ഊണ് ' പോലുള്ള കവിതകള്‍). 

ഇതേ കാവ്യഗദ്യത്തിന് വീറുറ്റ രാഷ്ട്രീയം പറയാനും മനുഷ്യാവസ്ഥയെക്കുറിച്ചുള്ള സൂക്ഷ്മധ്യാനമായി മാറാനും കഴിയുമെന്ന് 'പനി', 'വൈരുദ്ധ്യം' തുടങ്ങിയ കവിതകള്‍ വായിച്ചാലറിയാം. 

 

.........................................

Read more: 'പ്രണയബുദ്ധൻ' സച്ചിദാനന്ദൻ എഴുതിയ അഞ്ച് കവിതകൾ വായിക്കാം

 

'പനി' സച്ചിദാനന്ദന്റെ ഏറെ പ്രചാരം നേടിയ കവിതകളിലൊന്നാണ്, 'വൈരുദ്ധ്യ'മാകട്ടെ, മറിച്ചും.

'എന്തുകൊണ്ട് നമ്മുടെ കവിതയും
പൊട്ടിത്തെറിക്കുന്ന കൃഷ്ണമണികളെപ്പോലെ
കറുത്തിരിക്കുന്നില്ല ?
മെരുങ്ങാത്ത നയാഗ്രയെപ്പോലെ
വനത്തിന്റെ ആഴങ്ങളില്‍
സിംഹഗാനങ്ങളാലപിക്കുന്നില്ല ?
മഴക്കാലത്തെ ആമസോണിനെപ്പോലെ
ഉറക്കമില്ലാത്ത ചുവന്നുവീര്‍ത്ത മുഖവുമായി കുത്തിയൊലിക്കുന്നില്ല?' 

(പനി).

'വൈകുന്നേരം ഞാന്‍
ഓറഞ്ചുമായി വരുന്ന
ഭാര്യയെ കാത്തിരിക്കുന്നു
ഇരുണ്ട ഏകാന്തത ഒച്ച കേള്‍പ്പിക്കാതെ
മുറിയിലെത്തുന്നു
സന്ധ്യയ്ക്ക് ഞാന്‍ ദൈവത്തെ
കാത്തിരിക്കുന്നു
വഴക്കിട്ട് തലപൊട്ടിച്ച ഒരു കുടിയന്‍
തെറിപറഞ്ഞു കടന്നുവരുന്നു.
രാത്രി ഞാന്‍ മരണത്തെക്കാത്തിരിക്കുന്നു
കൊച്ചുമകള്‍ എനിക്കൊരു
ആപ്പിള്‍ക്കഷ്ണം നീട്ടുന്നു.'

(വൈരുദ്ധ്യം)

വൈലോപ്പിള്ളിയുടെ 'ആശുപത്രിയില്‍' എന്ന കവിതയുടെ നിര്‍വഹണത്തെ ഓര്‍മിപ്പിക്കുന്ന, എന്നാല്‍ അതിനേക്കാള്‍ സാന്ദ്രമായ, പര്യവസാനമാണ് രണ്ടാമത്തെ കവിതയുടേത് ('എന്റെ സച്ചിദാനന്ദന്‍ കവിതകള്‍' എന്നൊരു സമാഹാരം എഡിറ്റുചെയ്യാന്‍ എനിക്കും അവസരം ലഭിച്ചാല്‍ ഞാനതില്‍ ചേര്‍ക്കുന്ന ആദ്യത്തെ കവിത ഇതായിരിക്കും).

'ഇവനെക്കൂടി' പോലെയുള്ള കവിതകളെഴുതി മലയാളകവിതയുടെ ദ്രാവിഡവൃത്തത്തനിമ വീണ്ടെടുക്കുന്നുമുണ്ട് എണ്‍പതുകളില്‍, ഇതേ സച്ചിദാനന്ദന്‍. ആ കവിതയിലെ അവസാന ഖണ്ഡമെഴുതിയപ്പോഴാണ് ഈ കവി തികച്ചുമൊരു മലയാളിയായതെന്നും വൈലോപ്പിള്ളി എന്ന മാതുലന്റെ ഭാഗിനേയസ്ഥാനത്തിന് സ്വയം അര്‍ഹനായിത്തീര്‍ന്നതെന്നു പറയാം.

'മിടിപ്പു താഴുന്നതെന്‍
ഭാഷതന്‍ നെഞ്ചിന്നല്ലോ
ഇറക്കിക്കിടത്തിയ-
തെന്റെ യൗവനമല്ലോ
തിരുമ്മിയടച്ചതു
നീതിതന്‍ മിഴിയല്ലോ...' 

എന്നതുപോലുള്ള ഈരടികള്‍ തീരെ വിവര്‍ത്തനക്ഷമമല്ല; എഴുത്തച്ഛനും കുഞ്ചന്‍നമ്പ്യാരും കുമാരനാശാനും കുഞ്ഞിരാമന്‍ നായരും വിവര്‍ത്തനത്തിനു വഴങ്ങാത്തതുപോലെ. ഈ വിവര്‍ത്തനക്ഷമതയില്ലായ്മയാണ് ഒരു മഴുമലയാളകവിതയുടെ ലിറ്റ്മസ് ടെസ്റ്റ്-ആ ടെസ്റ്റില്‍ സച്ചിദാനന്ദന്‍ നേടിയ അനായാസവിജയത്തിന്റെ തിളങ്ങുന്ന രേഖയാണ് 'ഇവനെക്കൂടി'.

കേരളീയവും ഭാരതീയവും സാര്‍വദേശീയവുമായ മൂന്നുനിലകളുള്ള എടുപ്പുപോലെയാണ് സച്ചിദാനന്ദന്റെ കവിത. മഞ്ഞളിനെ 'മണ്ണിനടിയിലെ  ഉണ്ണിയാര്‍ച്ച'യാക്കുമ്പോള്‍ അത് തനിക്കേരളീയമാകുന്നു; ബസവണ്ണയും ലാല്‍ ദെദും അക്കമഹാദേവിയും ആണ്ടാളും പാടുമ്പോള്‍ ഇന്ത്യന്‍; അല്ലാത്തപ്പോള്‍  ലോകമെമ്പാടും വേരോട്ടമുള്ള ഒരു കാവ്യവൃക്ഷത്തഴപ്പ്. 

നെരൂദയെ മലയാളിയാക്കിയത് സച്ചിദാനന്ദനാണ്. ആധുനികതയുടെ കാലയളവിലെ മലയാളകവിതയുടെ മറ്റൊരെഴുത്തച്ഛന്‍ നെരൂദയാണ്; നെരൂദയെ ആ പദവിയിലേക്കാനയിച്ചത് സച്ചിദാനന്ദനും.

ലുബ്ധകവികളുടേതും ധൂര്‍ത്തകവികളുടേതുമായി രണ്ട് ഗോത്രപരമ്പരകളുണ്ട് നമ്മുടെ കവിതയില്‍. ഉദാരവും അലുബ്ധവുമാണ് സച്ചിദാനന്ദന്റെ കാവ്യഹസ്തം. ഉണ്ണുന്നവര്‍ വിലക്കിലായും വീണ്ടും വിളമ്പിക്കൊണ്ടേയിരിക്കും. എന്നാല്‍ ഏതാനും ചില മുഴുത്ത വറ്റുകള്‍ മാത്രം മതി നിത്യതൃപ്തരാവാന്‍ എന്നുള്ള വായനക്കാരെ, 'മേഘങ്ങളുടെ പിളരുന്ന പളുങ്കുമേല്‍ക്കൂരയ്ക്കുതാഴെ വയലിനുകളുടെ താഴ്വര'യാകുന്ന പുതുമഴയോ 'ചേമ്പിലയിലിരുന്ന് കുഞ്ഞിരാമന്‍ നായരെ ധ്യാനിച്ച് മരതകമാകുന്ന  മഴത്തുള്ളി'യോ 'ചിപ്പിക്കുള്ളിലെ കുയിലുക'ളോ 'ഇടശ്ശേരി'യോ 'ഇവനെക്കൂടി'യോ ഊട്ടിനിറച്ചേക്കാം.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona