ആ ചില്ലുപാത്രം കാണുമ്പോള്‍ ഇടക്കിടെ ഉമ്മ ആവര്‍ത്തിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ചില്ലുപാത്രത്തിനും അവര്‍ക്കും ഒരേ ആയുസ്സാണെന്ന്. ചില്ല് പാത്രം ഉടയുമ്പോള്‍ അവരും മരിക്കുമെന്ന്.

 

 

ചിലപ്പോഴെങ്കിലും മനുഷ്യന്‍ സ്വന്തം ജീവിതത്തെ കുറിച്ച് പ്രവചിക്കാന്‍ പ്രാപ്തരാകുമോ? അല്ലെങ്കില്‍ ആവര്‍ത്തനം കൊണ്ട് ഒരുവന്‍ തന്റെ പ്രവചനം ദൈവത്തില്‍ നിന്നും വാങ്ങിച്ചെടുക്കുന്നതാണോ?

പൗലോകൊയ്‌ലയുടെ ആല്‍ക്കമിസ്റ്റ് വായിച്ച് കൊണ്ടിരുന്നപ്പോള്‍ ഈ ചോദ്യങ്ങള്‍ എന്റെയുള്ളില്‍ ആവര്‍ത്തിക്കപ്പെട്ടിരുന്നു.
കഠിനമായി ആഗ്രഹിക്കപ്പെടുന്ന ഒന്നില്‍ മാത്രമല്ല ഒരാള്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഒന്നിലും സംഭവിക്കുന്ന ഒരു തരം മാന്ത്രികത. വേണമെങ്കില്‍,  ഇടക്കെങ്കിലും വന്നു ചേരാന്‍ സാധ്യതയുള്ള ആത്മാവിന്റെ പൂര്‍ണ്ണതയെന്നും പറയാം.

 

ആല്‍ക്കമിസ്റ്റ്

 

ഹസ്രത്ത് ഇനായത്ത് ഖാന്‍ അദ്ദേഹത്തിന്റെ നിത്യധ്യാനത്തില്‍ പറയുന്നത് പോലെ, എല്ലാ ജീവന്റെയും ഉണര്‍ച്ചയുടേതായ ഒരു സമയത്തില്‍ മനുഷ്യന്‍ അവനവനെ കുറിച്ചുള്ള നിഗമനങ്ങളില്‍ എത്തിച്ചേരുന്നതുമാവാം.

ഈ എഴുത്തിനെ ഞാനെന്റെ ജീവിതത്തിന്റെ കാഴ്ചകളിലേക്ക് തിരിച്ചു വിടാന്‍ ആഗ്രഹിക്കുന്നു.

പലവട്ടം വീടുകള്‍ മാറിയിട്ടും, അടുക്കളകള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കെന്ന പോലെ പറിച്ചു മാറ്റിയിട്ടും ഉടഞ്ഞു പോകാത്തൊരു ചില്ല് പാത്രമുണ്ടായിരുന്നു വീട്ടില്‍. സ്ഥിരം ഉപയോഗവസ്തുവായിരുന്നത്. മാത്രല്ല ഉള്ളില്‍ രേഖപ്പെടുത്തിവയ്ക്കാന്‍ പാകത്തിനൊരു ചരിത്രവും അതിനുണ്ടായിരുന്നു.

ഉമ്മാന്റെ വിവാഹം കഴിഞ്ഞ് അവരെ സല്‍ക്കരിക്കാന്‍ വീട്ടില്‍ വാങ്ങിച്ച ആദ്യത്തേയും അവസാനത്തേയും പാത്രമായിരുന്നു അത്. സത്യത്തില്‍ ഉമ്മാന്റെ ജീവിതത്തില്‍ സ്വന്തം വീട്ടുകാരില്‍ നിന്നും കിട്ടുന്ന ആദ്യ പരിഗണന കൂടിയായിരുന്നു ആ ചില്ല് പാത്രം.

എന്തുകൊണ്ട് ആദ്യപരിഗണന? 

എന്ന് ചോദിച്ചാല്‍, ഒരു ടിപ്പിക്കല്‍ അനാഥജീവിതത്തിന്റെ ദുഃഖങ്ങളും വേദനകളും എണ്ണിപ്പെറുക്കേണ്ടി വരും. അതെല്ലാം എഴുത്തിന്റെ ഒഴുക്കിനെ തടസ്സം വരുത്തുമെന്നുള്ളത് കൊണ്ടുമാത്രം വിശദികരിക്കാതെ ഈ ചോദ്യത്തെ അവഗണിക്കുന്നു.

ആ ചില്ലുപാത്രം കാണുമ്പോള്‍ ഇടക്കിടെ ഉമ്മ ആവര്‍ത്തിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ചില്ലുപാത്രത്തിനും അവര്‍ക്കും ഒരേ ആയുസ്സാണെന്ന്. ചില്ല് പാത്രം ഉടയുമ്പോള്‍ അവരും മരിക്കുമെന്ന്.

അവരിത് വെറുതെ പറഞ്ഞിരുന്ന ഒരു കാര്യമാകം. ഒരു മനുഷ്യന് അവന്റെ ഹൃദയത്തില്‍ എന്തെങ്കിലും തരത്തിലുള്ള സംശയമുണ്ടാകുമ്പോള്‍ ആ സംശയം അവനുമായി ബന്ധപ്പെടുന്ന മറ്റെല്ലാ ഹൃദയത്തിലും പ്രതിഫലിക്കുമെന്ന് മുന്‍പെങ്ങോ വായിച്ചിട്ടുണ്ട്. സൂഫികള്‍ പറയും പോലെ ഹൃദയം കണ്ണാടി പോലെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കെന്നപോലെ കാഴ്ച്ചകളെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടാവണം
ഉമ്മാന്റെ ഹൃദയത്തിന്റെ ചിന്തകളില്‍ നിന്നും ആ പ്രവചനത്തിന്റെ ഭയം ഞങ്ങള്‍ മക്കളിലും പ്രതിഫലിച്ചു.

പറഞ്ഞുറപ്പിച്ചതില്‍ കൃത്യത തെറ്റിച്ചില്ല. ആ ചില്ല് പാത്രം ഉടഞ്ഞന്ന് ഉമ്മയും മരിക്കുന്നു.

ഇങ്ങനെ കൃത്യമായി പറഞ്ഞുവെക്കാന്‍ മനുഷ്യന് കഴിവുണ്ടാകുന്ന ഇടം എനിക്ക് അവ്യക്തമാണെന്നിരുന്നാലും ഈ അവ്യക്തതക്കുള്ള ഉത്തരം പ്രതീക്ഷയാകം എന്ന് ഞാന്‍ കരുതുന്നു.

 

ഒ ഹെന്റി

 

ഒ ഹെന്റിയുടെ 'അവസാനത്തെ ഇല' എന്ന കഥയിലെ ഇലകള്‍ പോലെ, മനുഷ്യന്റെ ഹൃദയത്തിലാണ് ഇലകള്‍ കൊഴിയുന്നതും തളിര്‍ക്കുന്നതും.  ചില്ല് പാത്രങ്ങള്‍ ഉടയുന്നതും ചേര്‍ന്നൊട്ടുന്നതും.

കഥയിലെ പെണ്‍കുട്ടി,  കൊഴിയാന്‍ ബാക്കിയുണ്ടായിരുന്ന മൂന്ന് ഇലകള്‍ക്ക് ശേഷം ചിത്രകാരന്‍ വസന്തം കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ മരിച്ചുപോകുമായിരുന്നു എന്നു തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ വിശ്വസിക്കുന്നത്, കാരണം അതവളുടെ പ്രതീക്ഷയായിരുന്നു.
കാത്തിരിക്കാന്‍ സ്വയം നിര്‍ബന്ധിക്കപ്പെടുന്ന പ്രതീക്ഷ. 

ആ ഇലകളുടെ പൂര്‍ണ്ണമായ കൊഴിഞ്ഞുപോകലുകള്‍ക്ക് ശേഷം അവള്‍ മരണം പ്രതീക്ഷിക്കുന്നു. പ്രതീക്ഷകളെ ആകര്‍ഷിച്ചു തന്നിലേക്ക് അടുപ്പിക്കുക എന്നത് ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ ആത്മാവിന്റെ പൂര്‍ണ്ണതയുടെ ഇടപെടലുകള്‍ കൊണ്ടാകാം.

അങ്ങനെ തന്നെയാകണം ഓരോ ഇടത്തും തന്റെ ആഗ്രഹങ്ങളെ, ഭയപ്പെടലുകളെ, തോന്നലുകളെ എല്ലാം തന്നെ മനുഷ്യന്‍ തന്നിലേക്ക് സ്വികരിച്ച് ഇരുത്തുന്നത്.

എന്തോ, ഒരുപാട് ചിന്തകളിലൂടെ സഞ്ചരിച്ച് പുറത്തേക്ക് വന്നതിന് ശേഷം ഞാനിപ്പോള്‍ ഒരു കാര്യം ആഗ്രഹിക്കുന്നുണ്ട്.

ആ ചില്ല് പാത്രം കൂട്ടിചേര്‍ക്കണമായിരുന്നു. എന്നിട്ട് ആ ചിത്രകാരനെ പോലെ ഒരു വസന്തം തീര്‍ക്കണമായിരുന്നു.

ഒരുപക്ഷേ ആ പ്രതീക്ഷയുടെ നാമ്പില്‍ ഉമ്മയും ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നെങ്കിലോ?