Asianet News MalayalamAsianet News Malayalam

സുമന്‍ യാദവ് , ബിന്ദു പുഷ്പന്‍ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ബിന്ദു പുഷ്പന്‍ എഴുതിയ കഥ

chilla amalayalam short stories by Bindu Pushpan
Author
Thiruvananthapuram, First Published Jul 28, 2021, 9:34 PM IST
  • Facebook
  • Twitter
  • Whatsapp

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla amalayalam short stories by Bindu Pushpan

 

''ബഹൂ....''

''ആയി  മാ..''

''നിന്നോട് നേരത്തെ പറഞ്ഞതല്ലേ.. പപ്പയ്ക്കിന്ന് നേരത്തെ  പോകണമെന്ന്? പെട്ടെന്ന് പ്രാതലെടുക്കൂ...''

അവള്‍ വേഗം പോസ്റ്റ്മാനെയും പറഞ്ഞു വിട്ടിട്ട്,  തലയില്‍ നിന്നും ഊര്‍ന്നു തുടങ്ങിയ ഗുങ്കട്ടെടുത്ത് മുഖം പാതി മറച്ച്  കൊണ്ട് അകത്തേയ്ക്ക് കുതിച്ചു. വേഗം ഒരു താലത്തില്‍ സുഖാറൊട്ടിയും ദാലും, വെണ്ടയ്ക്ക സബ്ജിയും സസുര്‍ജിക്ക് കൊടുത്ത്, ആ പാദങ്ങളില് തൊട്ടു വന്ദിച്ചു.  മാജി തഖത്തിനു താഴെയായി നിലത്തിരുന്ന് കാല്പാദത്തിലും നഖങ്ങളിലും ചുവന്ന ചായം പുരട്ടുന്നു. അവര്‍ 'കര്‍വാചൗത്തി'ന്റെ ഒരുക്കത്തിലാണ്. ഭര്‍ത്താക്കന്മാരുടെ  ദീര്‍ഘായുസ്സിനായി സ്ത്രീകള്‍ അനുഷ്ഠിക്കുന്ന കഠിന വ്രതം. 

വക്കീല്‍ ഗുമസ്തനായ അശോക് പാണ്ഡേജിയുടെ ഇളയ മരുമകളായി അവള്‍ ഇവിടെ എത്തിയിട്ട് വര്‍ഷം ആറ് കഴിഞ്ഞു. ബറേലിയില്‍ നിന്നും നിഖില്‍ കുമാര്‍ പാണ്ഡേ അവളെ വിവാഹം കഴിച്ചുകൊണ്ട് വരുമ്പോള്‍ വെറും പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, അഞ്ചും, മൂന്നും വയസ്സുള്ള മുന്നിക്കും, ഛോട്ടുവിനുശേഷവും മൂന്നാമത് ഒരതിഥി കൂടെ വരവ് അറിയിച്ചിട്ടുണ്ട്. വെളുത്തു കൊലുന്നനെയുള്ള അവളുടെ ഓരോ ചലനങ്ങളും യന്ത്രവേഗത്തിലാണ്. രാപ്പകല്‍ അറിയാതെ വീട് മുഴുവന്‍ ഓടിപ്പാഞ്ഞു നടന്ന് ജോലികള്‍ ചെയ്തും, ആജ്ഞകള് അനുസരിച്ചും കാറ്റ് പിടിച്ചൊരു ഉണക്കമരം പോലെ ആയിട്ടുണ്ട്. അതേത് നിമിഷവും നിലം പൊത്താം. ഉത്തരേന്ത്യയില്, വിവാഹം കഴിഞ്ഞാല് സ്ത്രീകള്‍ക്ക് സര്‍വ്വസവും സസുരലാണ് (ഭര്‍തൃഗൃഹം). 

കഴിഞ്ഞ ആറേഴ് വര്‍ഷത്തിനിടയ്ക്ക് അവള്‍ മൈക്കയില്‍ പോയിട്ടുള്ളത് രണ്ടോ മൂന്നോ തവണയാണ്.   

രെസോയിലെ ഭാരിച്ച ജോലിക്കിടയിലും അവള്‍ ചിന്തിച്ചു.

'സുമന്‍  യാദവ്'   അതാരായിരിക്കും?. ഇതുപോലൊരു പേര് മുമ്പെവിടെയോ കേട്ടിട്ടുണ്ടല്ലോ..?'

 ''ഛോട്ടു കീ മമ്മീ....''     

''ആയി ദിദീ...''

 ഹേമാദിദീയുടെ ശബ്ദം കേട്ടവള്‍  കഴുകിക്കൊണ്ടിരുന്ന പാത്രം  സിങ്കിലേക്കിട്ട് വേഗം മുന്‍വാതിലിലേക്ക് ഓടിച്ചെന്നു. ഇവിടെ എല്ലാവര്‍ക്കും അവള്‍ 'ഛോട്ടു കീ മമ്മിയും', 'പാണ്ഡേജി കീ ബഹുവു'മാണ്. ആരും പേരെടുത്ത് അവളെ വിളിച്ചിട്ടില്ല.   കൈയിലെ പാല്‍ പാത്രം നീട്ടിക്കൊണ്ടവര്‍ പറഞ്ഞു. 

''പാല്‍ക്കാരന്‍ വരുമ്പോള്‍ എന്റെ പാല് മേടിച്ചു വെയ്ക്കണം''

''ജീ ദീദി..'' 
    
പുഞ്ചിരിച്ചു കൊണ്ടവള്‍ തലയാട്ടി.  അഴുക്ക് പുരണ്ട കൈകള്‍  വേഗം നിറം മങ്ങിയ മഞ്ഞസാരിയില്‍ തൂത്തു തുടച്ചുകൊണ്ട് പാത്രം വാങ്ങി ജനല്‍പ്പടിമേല്‍ വെച്ചു.  ഇത് പതിവുള്ളതാണ്.

''അരേ.. യെ.. സുമന്‍യാദവ് കോന്‍ ഹെ ജീ'

''അറിയില്ല ദീദി.. പോസ്റ്റുമാന്‍ ഇവിടെയും വന്നിരുന്നു''
    
''പുതുതായി വന്ന വാടകക്കാര്‍ ആരെങ്കിലുമാവും..''

അതും പറഞ്ഞു ദീദി ട്രാന്‍സ്‌ഫോര്മറിനോട് ചേര്‍ന്നുള്ള  ഇടതുവശത്തെ നീല ചായമടിച്ച  കെട്ടിടത്തിലേക്കു  നോട്ടം  അയച്ചുകൊണ്ട് സഞ്ചിയുമായ് നടന്നു നീങ്ങി.


''എന്താടീ.. നിന്റെ പണികള്‍ ഇതുവരെയും തീര്‍ന്നില്ലേ..?''

കൂര്‍ത്ത ശബ്ദത്തോടൊപ്പം ചോദ്യശരങ്ങളുമായ് നിഖില്‍ ഒരുങ്ങിയിറങ്ങി താഴേക്ക് വന്നു. വെളുത്ത വരയന്‍ സോക്‌സിട്ട കാല്‍പ്പാദങ്ങള്‍ പരുക്കന്‍ തറയില്‍ കണ്ടവള്‍ ഞെട്ടി. 'ഹേ.. രാം...!  ജൂത്ത പോളിഷ് ചെയ്യാന് മറന്നിരിക്കുന്നു..! വേഗമവള്‍ പുറത്തെ റാക്കില്‍ നിന്നും തവിട്ട് നിറത്തിലുള്ള ഷൂവെടുത്ത് തുടച്ചു ചെറി പോളിഷിട്ടു മിനുക്കി അയാള്‍ക്ക് മുന്നില്‍ വെച്ചു. എന്നിട്ടും ആ മുഖം കടന്നല്‍ കുത്തിയപോലെ വീര്‍ത്തിരുന്നു. 

നിഖില്‍ ഒരു  തുണിക്കടയിലെ സെയില്‍സ്മാനാണ്. അധ്വാനം വളരെ കൂടുതലും വരുമാനം തീരെ തുച്ഛവും. 

പാണ്ഡേജിയുടെ മറ്റ് മക്കളെക്കാള്‍ ബുദ്ധിക്കല്‍പം പുറകോട്ടാണെങ്കിലും മാജി പറയുന്നതാണ് അയാള്‍ക്ക് വേദവാക്യം.
അങ്ങ് ദൂരെ ഗ്രാമത്തില്‍ പാണ്ഡേജിക്കു കൃഷിയുള്ളതിനാല്‍ വര്‍ഷം മുഴുവന് അല്ലലില്ലാതെ കഴിയാനുള്ള ഗോതമ്പും, അരിയും, ദാലും, ചനയുമൊക്കെ അവിടെ നിന്ന് കിട്ടും. അദേഹത്തിന്റെ മൂത്ത മകന് ബിസ്സിനസ്സാണ്.  അയാള്‍ കുടുംബവുമൊത്ത് കുറച്ചകലെ നഗരത്തില് താമസിക്കുന്നു. രണ്ടാമത്തെ  മകന് വക്കീലാണ്. അടുത്തയിടെയാണ് അയാളും കുടുംബവും വീടു വെച്ച്  താമസം മാറിപ്പോയത്.  ഇപ്പോള്‍  രണ്ട് കൂട്ടരും പേരിനൊന്ന് വല്ലപ്പോഴും വന്നുപോകും. 

അവള്‍ പെട്ടെന്ന് നിഖിലിനുള്ള നാസ്തയും, ടിഫിനില് ഉച്ചഭക്ഷണവും എടുത്തു വെച്ചു. അതിനിടയില്‍ മുകളില്‍ നിന്നും മാജിയുടെ വിളിയെത്തി. കുളിക്കുന്നതിന് മുന്നേ അവര്‍ക്ക് കടുകെണ്ണ തേച്ച് മാലിഷ് ചെയ്തു കൊടുക്കണം. നിഖിലിനോട് എന്തോ പറയാന്‍ വന്നത് വിഴുങ്ങി,  അവളവനെ ദയനീയമായിട്ടൊന്ന് നോക്കിയിട്ട്, ചൂടാക്കിയ കടുകെണ്ണയുമായ് സ്റ്റെപ്പുകള്‍ കയറി വേഗം മുകളിലേക്ക്  പോയി.

ടെറസിലെ ഇളവെയിലില്, നിറയെ പൂക്കളുമായ് നേര്‍ത്ത കാറ്റിനൊപ്പം ചാഞ്ചാടി നിന്നിരുന്ന നന്ത്യാര്‍വട്ടച്ചെടിക്ക് അരുകിലായി താഴെ വിരിച്ച  ഛട്ടായിലിരുന്ന് ചോട്ടുവും, മുന്നിയും ഏണിയും പാമ്പും കളിക്കുന്നുണ്ട്. കണ്ണുതെറ്റിയാല്‍ രണ്ടും അടിവെയ്ക്കും. മാജി അവര്‍ക്കരുകിലായി ചാര്‍പ്പായില്‍ നീണ്ടു നിവര്‍ന്ന് കിടന്ന് ഇളവെയില് കായുകയാണ്.  ടെറസിലെ ഈ കൊച്ചു പൂന്തോട്ടം പാണ്ഡേജിയുടെ ശ്രമഫലമാണ്. ഹര്‍സിംഗാര്‍ ഇലകളില്‍ പൊടിഞ്ഞു നിന്നിരുന്ന നനുത്ത ഹിമകണങ്ങള്‍ അവളെ  നോക്കി മെല്ലെ പുഞ്ചിരിച്ചു.

പതിയെ ആയാസപ്പെട്ട് നിലത്തിരുന്ന്, മാജിയുടെ  വസ്ത്രങ്ങളൊതുക്കി വെച്ച് കൊണ്ടവള്‍ കടുകെണ്ണയില്‍ വിരല്‍ തൊട്ട് ദൃഢമായ ആ കൈകാലുകളിലും ശരീരത്തും എണ്ണ  നന്നായി തേച്ച് പിടിപ്പിച്ചു. അവരുടെ   ദയാവായ്പാണ് അവളുടെ ജീവിതം. അവരത് ഇടയ്ക്കിടെ മരുമകളെ ഓര്‍മ്മിപ്പിക്കാനും മറക്കാറില്ല.. 'നാല് പെണ്മക്കളുള്ള യാദവ്ജി ഭാഗ്യവാനാണ്, അല്ലെങ്കില് പാണ്ഡേ കുടുംബത്തില് നിന്നൊരു ബന്ധം ഇവര്‍ക്ക് സ്വപ്‌നം കാണാന്‍ പറ്റുമോ?'

അതു കേള്‍ക്കുമ്പോള് അവള് പോലുമറിയാതെ കണ്ണുകളില്‍ നിന്ന് രണ്ടരുവി പിറവിയെടുക്കും. ബന്ധുക്കള്‍ എത്തുമ്പോഴായിരിക്കും ഇത്തരം വിസ്താരങ്ങളേറെയും.. എങ്കിലും അതിഥിതികള്‍ക്ക് ഒരു കുറവും വരുത്താതെ ഒരു ബധിരയെപ്പോലെ എല്ലാം കേട്ടുനിന്ന് അവളവരെ സല്‍ക്കരിക്കും.  

അക്കാലത്തായിരുന്നു താന് ഉപയോഗിക്കുന്ന ഗുങ്കട്ടിന് ഒരുപാട് ഗുണങ്ങളുണ്ടെന്ന് അവള്‍ക്കു മനസ്സിലായി തുടങ്ങിയത്. ആരും കാണാതെ കണ്ണീര്‍മഴ ഒപ്പിയെടുക്കാം. കാറും കോളും നിറഞ്ഞ  അന്തരീക്ഷ വ്യതിയാനങ്ങള്‍ക്കൊത്ത് ഗുഹാമുഖം പോലുള്ള വായിലേക്കത് തിരുകി വെച്ച് അമര്‍ഷമടക്കി ഒരു വിഡ്ഢിയെപ്പോലെ ആജ്ഞാനുവര്‍ത്തിയായി കാത്ത് നില്‍ക്കാം. നേരില്  കാണാന് വൈമനസ്യമുള്ളവരെ ഒരിക്കലും  കാണാതിരിക്കാം. ഇനിയും ഒരുപാട് അത്യവശ്യമെങ്കില്, എന്നന്നേയ്ക്കുമായി ഫാനില് ഊഞ്ഞാലു കെട്ടി തൂങ്ങിയാടാം. ഇതൊക്കെ കാരണമാവാം അച്ഛനമ്മമാര്‍ പെണ്‍മക്കളെ അഞ്ചര മീറ്റര്‍ പുടവയില്‍ തന്നെ വിവാഹം കഴിപ്പിച്ച്  ഭര്‍തൃഗൃഹത്തിലേക്ക് പറഞ്ഞയക്കുന്നത്. 

പത്താം വയസ്സില്  പീലിയ ബാധിച്ച് അമ്മ  മരിച്ചപ്പോള്‍ തൊട്ട് അവള്‍ക്കെല്ലാം പിതാജി ആയിരുന്നു.  സഹോദരിമാരൊക്കെ നേരത്തെ വിവാഹം കഴിഞ്ഞു അവരവരുടെ വീടുകളിലേക്ക് പോയിരുന്നു. നാലഞ്ച് മാസം കൂടുമ്പോള്‍ യാദവ്ജി മകളെ കാണാനെത്തും. രണ്ടു വലിയ തുണിസഞ്ചി നിറയെ ആഹാര സാധനങ്ങളും തുണിത്തരങ്ങളുമായ്.. പത്തുനാല്പതു കിലോമീറ്റര്‍ അകലെ നിന്നും മകളെ കാണാനെത്തുന്ന പിതാജിയെ  വേണ്ടവിധത്തില് സ്വീകരിക്കാനോ, വയറുനിറയെ ഒരുനേരത്തെ ഭക്ഷണം കൊടുക്കാനോ, അവള്‍ക്കാവില്ല. മാജിയുടെ ഒരു കണ്ണെപ്പോഴും അവള്‍ക്ക് മേലുണ്ടാവും.  

പെണ്മക്കളെ വിവാഹം കഴിപ്പിച്ചയച്ച വീട്ടില്‍ നിന്നു ജലപാനം പോലും സ്വീകരിക്കരുതെന്നാ യാദവ്ജിയുടെ ശാസ്ത്രം. നാളെ താന്‍ കാരണം മക്കള്‍ക്കൊരു പഴിദോഷവും കേള്‍ക്കരുതെന്ന് അയാള്‍ക്കാഗ്രഹമുണ്ട്. മകളെയും  കണ്ട് ചെറുമക്കളേയും ലാളിച്ച്  നിറമിഴികളോടെ സന്ധ്യയ്ക്ക് മുമ്പേ യാത്ര പറഞ്ഞിറങ്ങും. പലനാളായി അദ്ദേഹം സ്വരൂക്കൂട്ടി വെച്ചതൊക്കെയാണ് സമ്മാനങ്ങളായി അവിടെയെത്തുന്നത്. മരുമകളറിയാതെ മാജി പാല്‍പേടയും, വറുത്ത ചോളവും, ബജ്‌റയുമൊക്കെ  അയല്‍ക്കാര്‍ക്കായി പങ്കിട്ടു കൊടുക്കും. അതിലൊരു വീതം അവള്‍ക്ക് കിട്ടിയെങ്കിലായി.കുട്ടികള്‍ കേറിയിറങ്ങി നടന്ന് കയ്യില്‍ കിട്ടുന്നൊതൊക്കെയും പെറുക്കി തിന്നും.  അവള്‍ക്കതാവില്ലല്ലോ..?

സമയവും സന്ദര്‍ഭവും നോക്കി  വേണം മാജിയോട് എന്തെങ്കിലും പറയാന്‍. അവള്‍ മെല്ലെ മുരടനക്കി.

''അമ്മാ.. നമുക്കൊന്ന് ആശുപത്രീല്‍ പോയാലോ?''

''ഹായിരേ.. നീയെന്തായീ പറയുന്നേ..??''

അവരുടെ ഒച്ചകേട്ട് പെട്ടെന്നവള്‍ ഞെട്ടി പുറകോട്ട് മാറി.

അവര്‍ അവള്‍ക്കഭിമുഖമായി  ചാര്‍പ്പായിമേല്‍ എണീറ്റിരുന്നു. 

അവളതിശയിച്ചു. ഒരങ്കം നടക്കേണ്ടതാണ്. പ്രതീക്ഷിച്ചതുപോലുള്ള  ബഹളമില്ല. എന്തായിരിക്കും കാരണം?

''(ഉത്സവം വരുന്നു അതിനിടയ്ക്ക് ആശുപത്രിയോ..?''
  
'നഹീ നഹീം.. ബാത്മേ ജായേങ്കെ..!''

''പിന്നെപ്പോകാം..  നീയാ ഗോതമ്പ് കഴുകി വെയിലത്തിട്, ആട്ട തീരാറായി''

അന്നേരമാണ് അവളത് കണ്ടത്, ടെറസിലെ ടാപ്പിന് കീഴിലായി വലിയൊരു ബാള്‍ട്ടി നിറയെ ഗോതമ്പ് വെള്ളത്തില് ഇട്ടു വെച്ചിരിക്കുന്നു.

 

chilla amalayalam short stories by Bindu Pushpan

 

അഞ്ചാം മാസത്തെ അസ്വസ്ഥതകളോടെ, ആജ്ഞകള്‍ക്കൊത്ത് ആ മനുഷ്യയന്ത്രം നിരന്തരം ചലിച്ചു കൊണ്ടേയിരുന്നു.. വല്ലപ്പോഴുമുള്ള ഏക ആശ്വാസം 'ചുട്കീ'ന്നുള്ള ആ വിളി മാത്രമാണ്. അതിനായി അവള്‍ക്കേറെ  കാത്തിരിക്കേണ്ടിയും വരുമായിരുന്നു. ആ വിളി വരും വരെ അല്ലെങ്കില്‍ നിഖിലിന്റെ ഫോണ്‍ കയ്യില് കിട്ടുംവരെ. പിതാജിയുടെ ഊഷ്മളമായ സ്‌നേഹനിറവിലാണ് അവള്‍ വാടാതെ, കരിയാതെ മറ്റുള്ളവര്‍ക്കായി സൗരഭ്യം പരത്തി നില്‍ക്കുന്നത്. കൊഴിഞ്ഞു വീഴാറായ ദല മര്‍മരമ്മങ്ങളില്‍  കാറ്റേറ്റ്  പിടിക്കുമ്പോളത് കണ്ടവള്‍ പലപ്പോഴും ഭയപ്പെട്ടു. ആ കൈകള്‍ മെല്ലെ ഉദരത്തിലൊന്ന്  തലോടും.  

ഒരു പകല് മുഴുവന് തുള്ളി വെള്ളം കുടിക്കാതെയും ആഹാരം കഴിക്കാതെയും പതി-പരമേശ്വരന്റെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനുമായ് അവള്‍  'കര്‍വാചൗത്ത്' വ്രതം നോറ്റു.  വെളുത്ത് മഞ്ഞിച്ച കൈകളില് ഹേമാദീദി  ഇട്ടുകൊടുത്ത മെഹന്ദി ഡിസൈന് കണ്ടവള്‍ വിശപ്പും ദാഹവും ഒക്കെ മറന്നു. സന്ധ്യയ്ക്ക് മാജി കൊടുത്ത പുതിയ വിലക്കുറഞ്ഞ ചുവന്ന സാരി ചുറ്റി ഉടുത്തൊരുങ്ങി. പിതാജി തന്ന ആഭരണങ്ങളൊക്കെയും  ഇതുപോലുള്ള വിശേഷാവസരങ്ങളില്‍ മാത്രമാണ് അവള്‍ക്ക് അണിയാനായി  കിട്ടിയിരുന്നത്.

അന്ന്, നിഖിലും നേരെത്തെ എത്തി. 

ഒക്ടോബറിന്റെ കുളിരില്‍ പൂക്കുന്ന ഹര്‍സിംഗാര്‍ ചില്ലകള്‍ക്ക് ഇടയിലൂടെ ചന്ദ്രബിംബം  പതിയെവളെ തൊട്ടു വിളിച്ചു. വെളുത്ത് നറുമണമേകിയ  കുഞ്ഞിപ്പൂക്കളുമായി പവിഴമല്ലിയും ആ രാവില്‍  നമ്രമുഖിയായി പൂത്തുലഞ്ഞു നിന്നു. ടെറസ്സില് ചെരാത് തെളിയിച്ച് നേര്‍ത്ത അരിപ്പയിലൂടെ പൂര്‍ണ്ണ ചന്ദ്രനെയും കണവനെയും യഥാവിധി പൂജിച്ച് നോക്കി കണ്ടതിന് ശേഷം മാത്രമേ സുംമഗലികള്‍ പതി-പരമേശ്വരന്‍ നല്കുന്ന മധുരവും, ജലപാനവും സ്വീകരിച്ച് അന്നത്തെ കഠിന വത്രം അവസാനിപ്പിക്കുന്നത്. ആഘോഷവും ഒരുക്കങ്ങളുമായി ആ ദിനവും കടന്നുപോയി. 

പിന്നെയും ഒരാഴ്ച്ച വേഗം ഓടിയകന്നു. 

അവള്‍ക്ക് ദേഹാസ്വസ്ഥതകള്‍ പെരുകുകയാണ്. കാല്‍പ്പാദം നീരു വെച്ച്   വീര്‍ത്തിരിക്കുന്നു. കാല്‍ നിലത്തു കുത്താനാവുന്നില്ല. ആശുപത്രിയില് പോകുന്ന കാര്യം നിഖിലിനോട് പറഞ്ഞിട്ടൊരു കാര്യവുമില്ലെന്ന് അവള്‍ക്കറിയാം. അതിന് മാജി  തന്നെ കനിയണം.  പരിഭവങ്ങളേതുമില്ലാതെ, അതിനായവള്‍ കാത്തിരുന്നു. ദിവസം ചെല്ലുന്തോറും അവള്‍ക്ക് അസ്വസ്ഥതകളേറി വന്നു. 

കാത്ത്  കാത്തിരുന്ന് ഒരുനാള്‍ പിതാജി  അവളെ വിളിച്ചു. 

''ചുഡ്കി ബേട്ടാ കെസീ ഹോ?''

''അച്ഛീ ഹും.. പിതാജി''

ഉത്സാഹത്തോടെയവള്‍ പറഞ്ഞു.

മറുഭാഗത്തെ മധുരം കിനിയുന്ന സ്വരത്തിനായവള്‍ കാതോര്‍ത്തു. 

താനിതുവരെ ഡോക്ടറെ കാണാന് പോയില്ലെന്ന് പിതാജിയോട് എങ്ങനെ  പറയും? അവള്‍ സംശയിച്ചു. കടലോളം സ്‌നേഹം ഖനീഭവിച്ചൊരു  പെരുമഴയായി അവളിലേക്ക് പെയ്തിറങ്ങി. നനഞ്ഞൊരു പൂച്ചകുഞ്ഞിനെ പോലെയവള് അരുമയോടെ ആ സ്‌നേഹ വാത്സല്യത്തിനായ് കാതോര്‍ത്തു നിന്നു.

''മോളെന്താ.. സന്തോഷ വാര്‍ത്ത അറിഞ്ഞിട്ട് പിതാജിയെ വിളിക്കാഞ്ഞത്..?''  

അദ്ദേഹം  അവളോട് പരിഭവിച്ചു. 

അവള്‍ സന്ദേഹിച്ചു. സന്തോഷ വാര്‍ത്തയോ..? 

അതെന്താണെന്ന് അവള്‍ സ്വയം ചോദിച്ചു. ഉദരത്തിലുള്ളതല്ലാതെ പുതുതായൊന്നും തന്റെ ജീവിതത്തിലിപ്പോള്‍ സംഭവിച്ചിട്ടില്ല. അതും. സന്തോഷ വാര്‍ത്ത? അതിനിയൊട്ട് ഉണ്ടാവുമെന്നും തോന്നുന്നില്ല. 

അവളുടെ മൗനം പിതാജിയില്‍ ആകാംക്ഷയുളവാക്കി

''എന്താ മോളേ.. അവിടെ കുഴപ്പമൊന്നുമില്ലല്ലോ..? സുഖം തന്നെയല്ലേ?''

'ജീ പിതാജി..''  അവളുടെ സ്വരം നേര്‍ത്തു വന്നു.  

''നിനക്കൊരു സന്തോഷ വാര്‍ത്ത ആകട്ടേന്ന് വിചാരിച്ചാണ് ഞാനാ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ കൈപ്പറ്റാതെ അങ്ങോട്ടത്തെ അഡ്രസ്സിലേക്ക്  അയച്ചത്. പാണ്ഡേജിയോടും വിളിച്ചു വിവരം പറഞ്ഞിരുന്നു...''

അവളുടെ ഉള്ളിലൂടെയൊരു മിന്നല്‍പ്പിണര്‍ പാഞ്ഞുപോയി.

ഹൃദയം അതിവേഗം പെരുമ്പറ കൊട്ടാന്‍ തുടങ്ങി.

''ബേട്ടാ.. നിനക്കോര്‍മ്മയുണ്ടോ? ഇന്റര്‍ മീഡിയറ്റ് കഴിഞ്ഞു നിന്നെയും കൊണ്ട്  ഞാനൊരു പരീക്ഷയെഴുതിക്കാന്‍ പോയത്?.. എന്റെ ബേട്ടിക്ക് പോസ്റ്റോഫീസിലാ ജോലി. മോള് വിഷമിക്കണ്ടാട്ടോ, പിന്നീട് നമുക്ക് സ്ഥലം മാറ്റിയെടുക്കാം..''
ആവേശം  നിറഞ്ഞ പിതാജിയുടെ ശബ്ദം കേട്ടവള്‍ വീണു പോകാതെ ഭിത്തിയരുകിലേക്ക് ചേര്‍ന്ന്  നിന്നു.

''സുമന്‍  യാദവ്!'' 

സ്വത്വം മറന്നവള്‍ എങ്ങനെ ഓര്‍മ്മിക്കാന്‍..?  

താനിവിടെ ബഹുവും ചോട്ടു കീ മമ്മിയുമായി  നിറഞ്ഞാടുകയല്ലേ. അങ്ങനെയൊരു പേര് തനിക്കുണ്ടായിരുന്നോ?

കൈയ്യില്‍ നിന്നെപ്പോഴോ ഫോണ് വഴുതി നിലത്തേക്ക്  വീണു പോയിരുന്നു.

ഉള്ളിലൊരു മഹാസമുദ്രം ആര്‍ത്തിരമ്പുന്നുണ്ട്. അതെവിടെയെങ്കിലും   ചിന്നിച്ചിതറി നാമാവശേഷം  ആയിരുന്നെങ്കില്‍ ..! 
ഉള്ളില്‍  നിന്നുയരുന്ന വിസ്‌ഫോടനങ്ങളമര്‍ത്തി  ഗുങ്കട്ടും  വായിലേക്ക് തിരുകിയവള്‍ ശില പോലെ  ഭിത്തിയിലേക്ക്  ചാരിയിരുന്നു.

Follow Us:
Download App:
  • android
  • ios