Asianet News MalayalamAsianet News Malayalam

പെണ്‍കുട്ടി

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്രീലേഖ എല്‍ കെ എഴുതിയ മൂന്ന് മിനിക്കഥകള്‍

chilla amalayalam short stories by Sreelekha KL
Author
Thiruvananthapuram, First Published Jul 27, 2021, 5:14 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla amalayalam short stories by Sreelekha KL

 

പെണ്‍കുട്ടി

വെറുതെ ആണെന്നറിഞ്ഞിട്ടും 'ആണുങ്ങളുടെ തിരക്ക് അതി ഭയങ്കരമാണ്' എന്ന് പറഞ്ഞുവത്രെ ഒരാണ്‍കുട്ടി. 

'അങ്ങനണ്ടോ ആവോ അവര്‍ക്കു മാത്രമായൊര് തെരക്ക്?' പെണ്‍കുട്ടി ആശ്ചര്യപ്പെട്ടു 

'പൂ പറിക്കാനും മഴ നനയാനും നിന്നെ ഓര്‍ക്കാനും എനിക്ക് നേരമൊത്തിരിയണല്ലോ അതിനിപ്പോ പ്രത്യേക സമയമൊക്കെ വേണോ' എന്ന് പെണ്‍കുട്ടി കറുത്തിരുണ്ടു. അന്നേരം അവള്‍മഴയില്‍ നനയാതെ നോക്കി വെയിലുള്ളിടങ്ങളിലേക്ക് നടന്നു, ആണ്‍കുട്ടി.

 

ഉലച്ചിലുകള്‍

'സ്റ്റേഹം . മണ്ണാങ്കട്ടയാണ് . അങ്ങനൊരു കുന്തോം ഇല്ല ഭൂമീല്'. 

ഇടക്ക് പെണ്‍കുട്ടി പറഞ്ഞത് ഞാന്‍ മാത്രമേ കേട്ടുള്ളു. 

അല്ലേല്‍ അവള്‍ പറഞ്ഞെന്ന് എനിക്ക് തോന്നിയതാണോ. 

അവര്‍ക്ക് രണ്ടാള്‍ക്കുമിടയിലെ ദൂരം കൂടിയത് ഞാനറിഞ്ഞ പോലെ അവനറിഞ്ഞു കാണില്ല. 

ക്ലാസ്മുറിക്കകത്തെ ചില്ലറ സ്വകാര്യം പറച്ചിലുകള്‍ അവര്‍ നിര്‍ത്തിയതും, ചോദ്യവും ഉത്തരവും ഇടനോട്ടങ്ങളില്‍ കൈമാറിയിരുന്നതും, അവളുടെ മുടിയിഴകളിലെ കാറ്റിനെപ്പോലും അവന്‍ തടഞ്ഞതുമെല്ലാം പണ്ടെന്നോ നടന്ന പോലെ  അവള്‍ക്കുമെനിക്കും തോന്നി. അതിലെ പറയപ്പെടാത്ത യാഥാര്‍ത്ഥ്യം അസ്വസ്ഥത പെടുത്തിയ പനിച്ചൂടില്‍ അവളൊന്നു വിറച്ചു.


ഒരിക്കല്‍ ഞാന്‍ അവളായിരുന്നു

'വേദനിക്കരുത്', ഞാനവളോട് പറഞ്ഞു. അത് ചിലപ്പോള്‍ എന്നോട് തന്നെയുള്ള ഒരു സാന്ത്വനപ്പെടുത്തല്‍ ആയിരുന്നത് കൊണ്ടാവണം അതിനൊരിത്തിരി ആര്‍ദ്രത കൂടുതല്‍ തോന്നിപ്പിച്ചത്.

പെണ്‍കുട്ടി കരയാന്‍ തുടങ്ങിയിരുന്നു.  ആഴ്ചകളോളം സംഭരിച്ച കണ്ണീരു മുഴുവന്‍ ചോര്‍ന്ന് എന്നെ ഒലിപ്പിച്ചു കളയും മുന്‍പ് ഞാനവളെ ചേര്‍ത്തു പിടിച്ചു. വാക്കുകള്‍ ഞങ്ങള്‍ക്കിടയില്‍ അപ്രധാനമായൊന്നു പോലെ ചരിഞ്ഞു കിടന്നു. കാര്യമോ കാരണങ്ങളോ എനിക്കറിയേണ്ടതില്ലായിരുന്നു. കരച്ചില്‍ കേള്‍ക്കാന്‍ അവള്‍ക്ക് ഒരാള്‍ വേണമെന്നത് മാത്രമായിരുന്നു പ്രധാനം. 

കോര്‍ത്തു പിടിച്ച തണുത്ത വിരലുകള്‍ അയഞ്ഞുതീരും വരെക്കും ഞങ്ങള്‍ അതു പോലെ തന്നെയിരുന്നു. ഒരു പക്ഷേ യുഗങ്ങളോളം നീളുന്ന ഒരിരിപ്പു പോലെ.

Follow Us:
Download App:
  • android
  • ios