Asianet News MalayalamAsianet News Malayalam

പാളങ്ങള്‍

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അതുല്‍ ഗംഗ എഴുതിയ ചെറുകഥ

chilla amalayalam short story by Athul Ganga
Author
Thiruvananthapuram, First Published Jul 22, 2021, 7:49 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla amalayalam short story by Athul Ganga

 

'അല്ലേലും ഇവമ്മാര്‍ക്ക് ഈ വക കാര്യങ്ങളൊക്കെ നല്ലോണം രസിക്കും. ബേരന്‍ കുഞ്ഞാമന്റെ വിത്തല്ലേ...ഓനും ഉണ്ടായിരുന്നു ഈ വക സൂക്കേട്. ആട്ടക്കാലം കഴിഞ്ഞ് പറമ്പില്‍ പണിക്ക് വന്നാല്‍ വടികൊണ്ട് മൂലത്തിന് നീട്ടിയൊരു തട്ടു കിട്ടണം. ഇല്ലേല്‍ എങ്ങാണ്ടൊരു വണ്ടി പോണത് കണ്ടാ അതും നോക്കി നിന്നോളും അസത്ത്.' 

രാഘവന്‍ നമ്പ്യാര്‍ ഒരിക്കല്‍ കീഴാളരുടെ ഇഷ്ടങ്ങളെക്കുറിച്ച് പറഞ്ഞ പട്ടികയില്‍ തീവണ്ടിയുമുണ്ടായിരുന്നു. ശരിയാണ്. തന്തയെ പോലെ അയാള്‍ക്കും തീവണ്ടിയോടൊരു പ്രത്യേക പ്രണയമുണ്ട്. ഓര്‍മ്മ വീണ നാള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് പാളങ്ങളുടെ സംഗീതം. തീവണ്ടിയാപ്പീസിന് കിഴക്കുമാറിയാണ് ചിതലുകള്‍ എച്ചിലുകളായി ബാക്കിവെച്ച അയാളുടെ കൂര. കുടിയിടപ്പുവക പകുത്തുകിട്ടിയതാണ്.

നമ്പ്യാര്‍ അന്ന് പറഞ്ഞുനിര്‍ത്തി നീട്ടി തുപ്പിയത് ബേരന്‍ ചാവുന്നതുവരെ ഓര്‍ത്തിരുന്നു. ചിലപ്പൊ അങ്ങ് കീഴാരുടെ സ്വര്‍ഗ്ഗത്തീന്ന് മൂപ്പരിപ്പൊഴും ഓര്‍ക്കുന്നുണ്ടാവണം.

'ചോപ്പ് അധികാരത്തില്‍ എത്തിയേപിന്നെയാണ് ഈ നായ്ക്കള്‍ക്കൊക്കെ നാവ് പൊങ്ങിയത്. ഇറവെള്ളം മേലോട്ടാ...തീട്ടം തിന്ന് വളരേണ്ടത് അങ്ങനെതന്നെ വളരണം.'

മുറുക്കിത്തുപ്പി തുളുമ്പിയ കോളാമ്പി ഉമ്മറത്തേക്കെറിഞ്ഞ് നമ്പ്യാര്‍ അങ്ങനെ കലിപൂണ്ട് നിന്നു. തലമുറകളുടെ തുപ്പല്‍കറ കോളാമ്പിയെ സിന്ദൂരം തൊടുവിച്ചിരുന്നു. കടും ചോരയുടെ നിറത്തില്‍ നീട്ടിയെറിഞ്ഞതങ്ങനെ ഒഴുകാതെ,വഴുവഴുപ്പില്‍ ഉമ്മറത്തെ മണ്ണില്‍ തളംകെട്ടിനിന്നു. ആ ചുവന്ന കുഴമ്പില്‍ നിന്ന് അധികാരത്തിന്റെ മണം ഊറിക്കൂടി അവിടാകെ പരന്നു.
ബേരന്‍ ആദ്യം പോയി. വര്‍ഷങ്ങള്‍ക്കപ്പുറം നമ്പ്യാര്‍ തീപ്പെട്ടു. 

പിന്നീട് സൂര്യന്‍ പലതവണ ചക്രവാളങ്ങള്‍ താണ്ടി നീങ്ങിയിട്ടും ആ കൂരയ്ക്ക് മാത്രം വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. പട്ടിണി പങ്കിടാന്‍ ഒരാളെത്തി. പിന്നെ അയാളൊരു തന്തയായി. വാരിയെല്ലുകളുടെ ഭൂപടം തെളിഞ്ഞുകാണുന്ന രണ്ടു കുഞ്ഞുടലുകള്‍ ഇന്ന് അവിടെ അധികമായുണ്ട്. ഒപ്പം ദാരിദ്യം ഒസ്യത്തായി കിട്ടിയ പകലുകളും.

2

സന്ധ്യ മയങ്ങി. കിണറ്റുവെള്ളം ശവംകണക്കെ അനക്കമറ്റു കിടന്നു. നിലാവിന്റെ വെളുത്ത ചിരികള്‍ ശവത്തിനുമീതെ ചിതറിക്കിടന്നു. അയാള്‍ ഏറെ നേരം അതും നോക്കി അവിടെ അനങ്ങാതെ കഴിച്ചുകൂട്ടി. കനലണയാത്ത ശ്മശാനത്തിലെ ചാരപ്പുകപോലെ മനസ്സ് പാറിനടന്നു.

'കാരണോമ്മാര് അലഞ്ഞുതിരിയണ നേരാ... ഇങ്ങോട്ട് കേറി പോന്നോളൂ. അല്ലേ ആട്ടം മുടങ്ങിയോണ്ട് കോപത്തിലാവും. ശാപം പിണഞ്ഞാ കുടി മുടിയും.'

അയാള്‍ ഒരു മാത്ര ഞെട്ടി.

മാതയിയാണ്. അന്നൊരു തുലാമഴയത്ത് കൂടെകൂടിയോള്‍.

- മുടിയാന്‍ ഇവിടിനി എന്താ ഉള്ളത്..

തിരിച്ചു ചോദിക്കാന്‍ ഒരുങ്ങിയെങ്കിലും തൊണ്ടയിലെവിടെയോ അയാളുടെ വാക്കുകള്‍ കുടുങ്ങിക്കിടന്നു. ചാപിള്ളയായത് ചത്തുവീണു. അയാള്‍ അനുസരണയോടെ ഉമ്മറപ്പടി താണ്ടി. അവള്‍ക്ക് മുഖം നല്‍കിയില്ല. തന്റെ കണ്ണുകള്‍ നോക്കി മനസ്സിലുള്ളത് ലാവ കണക്കെ ഉരുക്കിയെടുക്കാന്‍ അവള്‍ക്ക് കഴിയും. അയാള്‍ മുറിയിലെത്തി. കട്ടിലിനോട് ചേര്‍ന്ന് ചടഞ്ഞിരുന്നു. പതിയെ അങ്ങിങ്ങ് പിന്നിയ പുതപ്പിന്റെ മാളത്തിലേക്ക് ഒരു പാമ്പു കണക്കെ ഇഴഞ്ഞുകയറി.
നിലാവ് മൂടി. വിളക്കണഞ്ഞു. മഴക്കോളുണ്ട്. പട്ടിണി ഘനീഭവിച്ചാലും മഴയായി പെയ്യുമെന്നയാള്‍ക്ക് തോന്നി. കൊള്ളിയാനുകള്‍ ഇടയ്ക്കിടെ ജനലിലെ പ്ലാസ്റ്റിക് മറനീക്കി എത്തിനോക്കി തിരിച്ചു പോവുന്നു. ഓര്‍മ്മകളുടെ ഗന്ധവും പേറി ഒരു നനുത്ത കാറ്റ് ദ്രവിച്ച കൂരയെ തൊട്ടുതലോടി. മാതയി അടുത്ത് വന്നു കിടന്നു. അവള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന അയാളുടെ നെഞ്ചിലെ മിടിപ്പുകള്‍ക്ക് തീവണ്ടി പാളങ്ങള്‍ സ്വരം ചേര്‍ക്കുന്ന സംഗീതം. ഉറക്കം അയാളെയും തോളിലിട്ട് കാതങ്ങളോളം നടന്ന് കഴിഞ്ഞിരുന്നു.

3

മഞ്ഞളും നൂറും സമം ചേരുമ്പോള്‍ ദൈവത്തിന്റെ ചുവപ്പ് ഊറിക്കൂടും. വിയര്‍പ്പ് വീണാലും മാറ്റ് കുറയാതെ തിളങ്ങുമത്. ഒരു നാടിനെ നോക്കി 'ഗുണം വരുത്തും പൈതങ്ങളേ' ന്ന് നീട്ടി വിളിച്ച രാത്രികള്‍ അയാളുടെ സ്വപ്നത്തില്‍ വെളിച്ചപ്പെട്ടു.
ഞെട്ടിയുണര്‍ന്നു.

തലപ്പാളിയേന്തി, മഞ്ഞള്‍ മണം കുടിച്ച്, മനയോല ചാര്‍ത്തി, ചാണകം മെഴുകിയ നാട്ടുകാവുകള്‍ക്കിടയിലൂടെ അയാളുടെ ഓര്‍മ്മകള്‍ പാറിനടന്നു. ഗര്‍ഭസ്ഥ ശിശുവിനെ പോലെ അയാള്‍ അതില്‍ ചുരുണ്ടുകൂടി ആണ്ടുകിടന്നു. 

നാട് വീടുകളിലേക്ക് ചുരുങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. കെട്ടിയാട്ടങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കല്‍പ്പിക്കപ്പെട്ടു. മലയനേയും പുലയനേയും കോപ്പാളനേയും ദൈവമായി കണ്ട് ഒരു നാടുമുഴുവന്‍ ക്ഷേമത്തിനായി കാല്‍ക്കല്‍ വന്നുവീഴുന്ന നാളുകള്‍. കയ്യില്‍ വാളേന്തി കാലില്‍ ചിലമ്പണിഞ്ഞ് സ്വയം വെന്തു പൊള്ളി ഉടല്‍ നീറി ഉറഞ്ഞുതുള്ളി മാമൂലുകളുടെ ഉളി മൂര്‍ച്ചയാല്‍ രാകിമിനുക്കിയ അഴിയില്‍ കയറി നാടിനെ കാണും. നീട്ടിവിളിക്കും. ദൈവം അരുളിപ്പെടും. ഗുണം വരുത്തും പൈതങ്ങളേ... പുറത്ത് മഴയോടൊപ്പം ഓര്‍മ്മകളും അയാളില്‍ പെയ്തിറങ്ങി.

4

ഞെട്ടി. സുഷുപ്തി വിട്ടു. സ്മൃതിയുടഞ്ഞു. മുഖത്ത് പരതി. ഇല്ല, ചമയങ്ങളില്ല, ചായങ്ങളില്ല, കണ്മഷിയില്ല. കുഴിഞ്ഞ കണ്ണുകളിലൂടെ ഒട്ടിയ കവിളുകളിലൂടെ അയാളുടെ വിരലുകള്‍ പരതി നടന്നു. അയാള്‍ ഒരു മനുഷ്യനായിരിക്കുന്നു. പച്ചയായ മനുഷ്യന്‍. 

എഴുന്നേറ്റ് അടുത്തുകിടക്കുന്ന രണ്ട് കുഞ്ഞുടലുകളെ ഗാഢമായൊന്ന് ചുംബിച്ചു. മക്കളുടെ കുഞ്ഞു വയറിനു മീതെ ഒരിക്കലും നിവരാത്ത കനംവന്ന മടക്കുകളില്‍ അയാള്‍ ഏറെനേരം നോക്കിനിന്നു, നിസ്സഹായനായി. ആപ്പീസുകള്‍ കയറിനിരങ്ങിയിട്ടും അയാള്‍ക്ക് മാത്രം ലഭിക്കാതിരുന്ന ദാരിദ്ര്യം തെളിയിക്കുന്ന രേഖ അന്ന് ആദ്യമായി ആ കുഞ്ഞു വയറില്‍ തെളിഞ്ഞുവന്നതായി അയാള്‍ കണ്ടു. ഉള്ള് മരവിച്ചു. കുറ്റബോധം നിറഞ്ഞു. അകാരണമായ ഏതോ ശക്തിയുടെ ഉള്‍പ്രേരണയാല്‍ അയാള്‍ ഉമ്മറം കടന്നു. 

മഴ അയാളില്‍ പെയ്തിറങ്ങി. തല തൊട്ടു, ഉടല്‍തൊട്ടു, ഉടഞ്ഞുവീണു. മണ്ണ് കുടിച്ചു. കാലുകള്‍ക്ക് വേഗം കൂടി. കിഴക്കിന്റെ ഇരുട്ടിലേക്ക് അവ നടന്നുകയറി. മണ്ണിന്റെ ദാഹം തീര്‍ന്നു. മഴ ഒഴുക്കിനെ സൃഷ്ടിച്ചു. കനമുള്ള സമാന്തരരേഖകള്‍ക്കിടയില്‍ ഒരു അഭയാര്‍ത്ഥിയെ പോലെ അയാള്‍ വന്നു നിന്നു. കണ്ണുനീരുകളെ മഴത്തുള്ളികള്‍ ദത്തെടുത്തു കഴിഞ്ഞിരുന്നു. പാളങ്ങല്‍ ബാക്കിവെയ്ക്കുന്ന സംഗീതം അങ്ങ് ദൂരെ നിന്നും ഇരുട്ട് താണ്ടി ഒഴുകി വരുന്നുണ്ട്. 

അയാള്‍ പാളത്തില്‍ നീണ്ടുനിവര്‍ന്നു കിടന്നു. ഒട്ടേറെ മുഖങ്ങള്‍ അത്രമേല്‍ വേഗത്തില്‍ മനസ്സില്‍ കൂകിയടുത്തു. ഓര്‍മ്മകളാല്‍ ബന്ധിപ്പിക്കപ്പെട്ട ബോഗികള്‍. ഒരുമാത്ര ആ സംഗീതം അടുത്തുവന്നു. പിന്നെ ശരവേഗം കടന്നുപോയി. മഴയത്ത് നനഞ്ഞു കുതിര്‍ന്ന ഒരു തുണ്ട് കടലാസ് അയാളുടെ കൈകള്‍ക്കൊപ്പം അറ്റുവീണു. കണ്ണീരിനുപ്പ് നുണഞ്ഞ് വിരലുകള്‍ക്കിടയില്‍ പിടഞ്ഞ് വീര്‍പ്പുമുട്ടിയ കടലാസുകഷ്ണം സ്വാതന്ത്ര്യം രുചിച്ചു. അതിലെ അക്ഷരങ്ങളെ മഴത്തുള്ളികള്‍ വെട്ടി വൃണപ്പെടുത്തിയിട്ടുണ്ട്. പാളത്തിനിടയില്‍ ചുവപ്പ് പടര്‍ന്നു. മഞ്ഞളും നൂറും ചേരാത്ത ചുവപ്പ്. 

തെളിയാത്ത പേന മഷികുടഞ്ഞപോലെ അത് അങ്ങിങ്ങ് തെറിച്ചുവീണു. ആ മഴയത്ത് പാളങ്ങള്‍ ക്കിടയില്‍ മുരിക്കിന്‍ പൂവുകള്‍ വാരിയെറിഞ്ഞ് ദൈവം നടന്നകന്നു. ബാക്കി വെച്ച തുണ്ടുകടലാസ് മഴയത്ത് ആ പാളത്തില്‍ പറ്റി നിന്നു. അടുത്ത പകലുകളില്‍ കൂനനുറുമ്പുകള്‍ അവിടാകെ അരിച്ചു നടന്നു.

Follow Us:
Download App:
  • android
  • ios