Asianet News MalayalamAsianet News Malayalam

ഫേക്ക്, ജസീന ബഷീര്‍ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ജസീന ബഷീര്‍ എഴുതിയ കഥ

chilla amalayalam short story by jasna basheer
Author
Thiruvananthapuram, First Published Aug 9, 2021, 8:30 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


chilla amalayalam short story by jasna basheer

 

അയാള്‍ കണ്ണാടിയില്‍ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.  ഉറക്കവും വിഷാദവും ചേര്‍ന്ന് കണ്ണുകള്‍ക്ക്  ചുറ്റും കറുപ്പ് പടര്‍ത്തിയിരിക്കുന്നു. എന്നിട്ടും പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് കണ്ണാടിയില്‍ നോക്കുമ്പോള്‍ അയാള്‍ നിവേദയെയാണ് ഓര്‍ത്തത്. ഇപ്പോള്‍ അയാളുടെ കാഴ്ചകളില്‍ മുഴുവന്‍ അവളാണ് നിറഞ്ഞു നില്‍ക്കുന്നത്. 

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ കണ്ണാടിയില്‍ നോക്കുമ്പോള്‍ വേറെ ആരൊക്കെയോ കണ്ണാടിയില്‍ നിന്നും തിരിച്ചു ചിരിക്കുന്നതായാണ് അയാള്‍ക്ക് തോന്നിയിരുന്നത്. ആമി, അയ്ഷ, അച്ചു, ഷാഹിന, യമന്‍, അസുരന്‍, മഴ, ഷിഫ... അങ്ങനെ ഒരുപാട് പേരുകള്‍ ഓരോ മുഖപുസ്തക താളുകളായി അയാളുടെ മനസ്സിലൂടെ കടന്നുപോയി. ഓരോ പേരിനും വെവ്വേറെ മുഖമുണ്ട്. പക്ഷെ എല്ലാ മുഖങ്ങള്‍ക്കും പിറകില്‍ മുഖം മറച്ചു നിന്നത് അയാള്‍ തന്നെയായിരുന്നു. 

സുന്ദരനും സുമുഖനുമായ വിമല്‍ മാധവ്..! 

പേരുകേട്ട കമ്പനിയിലെ ബിസിനസ് അഡ്മിനിസ്‌ട്രേറ്ററായിരുന്നു വിമല്‍. വെളുത്ത് നീണ്ട് മുപ്പത്തിയഞ്ചിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന അവിവാഹിതന്‍. കഴുത്തോളം നീണ്ടു നില്‍ക്കുന്ന മുടിയും മനോഹരമായ താടിയും ഇടക്കിടെ കൈകള്‍ കൊണ്ട്  ഉഴിഞ്ഞുകൊണ്ട്, പൂച്ചക്കണ്ണുകളാല്‍ ഒരു നോട്ടമെറിയുന്നത് അയാളുടെ സഹപ്രവര്‍ത്തകരില്‍ത്തന്നെ പലരും കാത്തിരുന്നു. അവരുടെ ആരാധന അയാള്‍ നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു. ബിസിനസ് കൂടിക്കാഴ്ചകളിലെല്ലാം തന്റേതായ ഒരു കയ്യൊപ്പ് വെക്കാന്‍ അയാള്‍ മിടുക്കനായതിനാല്‍ മേലുദ്യോഗസ്ഥര്‍ക്ക് അയാളോട് വലിയ ഇഷ്ടമായിരുന്നു. പുകഴ്ത്തലുകള്‍ ആസ്വദിച്ചിരുന്ന വിമല്‍ മാധവിന്റെ ഈ ദൗര്‍ബല്യത്തെ ഓഫിസിലെ കീഴുദ്യോഗസ്ഥര്‍, പ്രത്യേകിച്ചും സ്ത്രീകള്‍ മുതലെടുത്തിരുന്നു. അയാളോട് ബന്ധം സ്ഥാപിക്കാന്‍ ഓരോരുത്തരും  പ്രത്യേകിച്ചും സ്ത്രീകള്‍ പരസ്പരം മത്സരിച്ചു. 

സ്ത്രീകളോട് വളരെ അടുത്ത് ഇടപഴകിയിരുന്ന വിമല്‍ സ്വകാര്യ കൂടിക്കാഴ്ചകളില്‍ പോലും സ്ത്രീകളെ തന്റെ കിടപ്പറയിലേക്ക് ക്ഷണിച്ചിരുന്നില്ല. അത് തന്നെയായിരുന്നു സ്ത്രീകള്‍ക്ക് അയാളോടുള്ള വലിയ താല്പര്യവും. പലരും അങ്ങോട്ട് ആവശ്യപ്പെട്ടിട്ട്‌പോലും ഒരു ആലിംഗനത്തിന്റെ അകമ്പടിയോടെ സ്‌നേഹത്തില്‍ പൊതിഞ്ഞ് അവരെ വിലക്കുകയായിരുന്നു പതിവ്. സമൂഹ മാധ്യമങ്ങളില്‍ ജോലിയിലെ നേട്ടങ്ങളെക്കാള്‍ അയാളുടെ ചിത്രങ്ങള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. അയാളുടെ സൗന്ദര്യത്തില്‍ ഇത്തിരി ആത്മവിശ്വാസക്കൂടുതല്‍ ഉണ്ടാക്കിയതും അതിന് കിട്ടിയ പുകഴ്ത്തലുകളായിരുന്നു.  താനാണ് അയാളുമായി കൂടുതല്‍ അടുപ്പമെന്ന് കാണിക്കാന്‍ ഓരോരുത്തരും അയാളുടെ കൂടെ നിന്ന് ചിത്രങ്ങള്‍ എടുക്കാനും വിരുന്നുകളില്‍  പങ്കെടുക്കാനും മത്സരിച്ചു. അതേസമയം തന്നെ അയാളോട് അസൂയയുള്ളവരും കുറവായിരുന്നില്ല. ആ അസൂയയും അയാള്‍ നന്നായി ആസ്വദിച്ചു.. 

പരസ്പരം അസൂയ പൂണ്ട സുഹൃത്തുക്കള്‍ മറ്റുള്ളവരെക്കുറിച്ച് കുറ്റവും കുറവും പങ്ക് വെക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ ഒരു തമാശ പോലെ മുഖപുസ്തകത്തില്‍ വ്യാജ പേരുകളിലും മുഖങ്ങളിലും മറഞ്ഞുനിന്ന് സുഹൃത്തുക്കളോട് സംഭാഷണം നടത്താന്‍ തുടങ്ങിയത്. സംസാരിച്ചു വീഴ്ത്താന്‍ പ്രത്യേക കഴിവുള്ള വിമല്‍ മാധവ് സ്ത്രീകളുടെ പേരില്‍ പുരുഷന്മാരോടും, പുരുഷന്മാരുടെ പേരില്‍  സ്ത്രീകളോടും നിരന്തരം സന്ദേശങ്ങള്‍ കൈമാറികൊണ്ടിരുന്നു. സ്ത്രീകളുടെ പേരില്‍  പുരുഷന്മാരോട് സംസാരിക്കാന്‍ അയാള്‍ക്ക് വലിയ താല്പര്യമായിരുന്നു. വശ്യമായി സന്ദേശങ്ങളയച്ച് പല രഹസ്യങ്ങളും ചോര്‍ത്താന്‍ വിമല്‍ മിടുക്കനായിരുന്നു. ചിലര്‍ കാണണമെന്ന് വാശി പിടിക്കുമ്പോള്‍, നീണ്ടു വെളുത്ത കൈകളിലെ രോമങ്ങള്‍ നീക്കി ചിത്രങ്ങള്‍ അയച്ചു കൊടുക്കും. മുഖത്ത് ചായം തേച്ച് ചുണ്ടുകള്‍ മാത്രമോ കണ്ണുകള്‍ മാത്രമോ ആയി ഒരു പുരുഷന്‍ ആണെന്ന് അറിയാത്ത രീതിയില്‍ മാറ്റം വരുത്തി അയച്ചു കൊടുക്കും. ശബ്ദത്തില്‍ മാറ്റം വരുത്തി സ്ത്രീയെപ്പോലെയാക്കി  വിശ്വസിപ്പിച്ച് അയാള്‍ സഹപ്രവര്‍ത്തകരെപ്പോലും കബളിപ്പിച്ചു.  ബിസിനസ്സ് രഹസ്യങ്ങള്‍ പോലും ചോര്‍ത്തിയെടുക്കാന്‍ അയാള്‍ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.. ആദ്യമാദ്യം രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിലായിരുന്നു ശ്രദ്ധയെങ്കിലും പിന്നീട് വെറുതെ സംസാരിക്കുന്നതില്‍ ആനന്ദം കണ്ടെത്താന്‍ തുടങ്ങി. സ്ത്രീയുടെ പേരില്‍ സംസാരിക്കുമ്പോള്‍ മറുഭാഗത്തെ പുരുഷന്റെ വാക്കുകളിലും ലാളനകളിലും അയാള്‍ അനുഭൂതി കണ്ടെത്തി. അശ്രദ്ധയും ഉറക്കക്കുറവും കാരണം ജോലി സംബന്ധമായ കാര്യങ്ങളില്‍ വീഴ്ച വന്നതും, എപ്പോഴുമുള്ള സൗമ്യതയിലുള്ള മാറ്റങ്ങളുമൊക്കെ ആയപ്പോഴാണ് അമ്മയും അനിയത്തിയും വിവാഹത്തിന് നിര്‍ബന്ധിച്ചത്.. 

അമ്മയുടെയും അനിയത്തിയുടെയും നിര്‍ദ്ദേശപ്രകാരം വിമല്‍ മാധവിന്റെയും  നിവേദയുടെയും വിവാഹം ആര്‍ഭാടമായി നടന്നു. ഡോക്ടറായ നിവേദയും വിമലും കാഴ്ചയില്‍ ആരിലും അസൂയ ഉളവാക്കുന്ന വിധത്തില്‍ ഏറെ ചേര്‍ച്ചയുള്ള ദമ്പതികളായിരുന്നു. ദിവസങ്ങളും ആഴ്ചകളും കടന്നു പോവുമ്പോള്‍ വിമലിന്റെ അനിയത്തിയായ അമലക്കാണ് ഏട്ടനും ഏട്ടത്തിയമ്മക്കും ഇടയില്‍ എന്തോ ഒരു രസമില്ലായ്മ അനുഭവപ്പെട്ടത്. പാതിരാത്രി വരെ ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും മുറിയിലെ വെളിച്ചവും ഒച്ചപ്പാടുകളും അമല ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നേരം വെളുത്താല്‍ രണ്ടുപേരും ഉത്തമ ദമ്പതികള്‍ ആയിരുന്നെങ്കിലും വിമല്‍ വീട്ടിലില്ലാത്ത സമയത്ത് ഏട്ടത്തിയോട് വെറുതെ കുശല രൂപത്തില്‍ അവള്‍ അതിനെക്കുറിച്ച് ചോദിച്ചു.


'നിവേച്ചീ.. ഏട്ടന്‍ പ്രശ്‌നമൊന്നും ഇല്ലല്ലോ? ഒരു പ്രത്യേക സ്വഭാവമാണ്. എന്നാലും എല്ലാവരോടും സ്‌നേഹമാണ്.. പ്രകടിപ്പിക്കാന്‍ അറിയില്ല എന്നേയുള്ളൂ.  ഒരു കുഞ്ഞ് ഒക്കെ ആകുമ്പോള്‍...' 

നിവേദ അവളെ മുഴുവനാക്കാന്‍ സമ്മതിച്ചില്ല. 

'സ്‌നേഹം ഉള്ളില്‍ മാത്രമുണ്ടായാല്‍ കുഞ്ഞ് ഉണ്ടാവില്ല അമലാ.  നിന്റെ ഏട്ടന് എന്തോ പ്രശ്‌നമുണ്ട്. ഒരു ഡോക്ടറായ എനിക്കത് മനസ്സിലാകുന്നുണ്ട്. പക്ഷേ വിമല്‍ മനസ്സിലാക്കുന്നില്ല..' 

തൊണ്ടയിടറി കണ്ണുനിറഞ്ഞ് നിവേദ അത് പറയുമ്പോള്‍ അമല കുറച്ചു നേരം സ്തബ്ധയായി നിന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഏട്ടനും ഏട്ടത്തിക്കും ഒരു കുടുംബജീവിതം സാധ്യമായിട്ടില്ല എന്നറിയുമ്പോള്‍ എങ്ങനെയാണ് ഞെട്ടാതിരിക്കുക..! 

സ്വന്തം ഏട്ടന്‍ ഭാര്യയില്‍ നിന്നകന്ന് പാതിരാത്രിവരെ വെവ്വേറെ പേരുകളില്‍ മുഖപുസ്തകത്തില്‍ ചെലവിടുകയാണെന്ന് അറിഞ്ഞാല്‍ ഒരു അനിയത്തി എങ്ങനെയാണ് സഹിക്കുക..! 

പിറ്റേന്ന് ഏട്ടനെയും ഏട്ടത്തിയെയും അമ്മയെയും ഇരുത്തി അമല കാര്യങ്ങള്‍ സംസാരിച്ചു. നിവേദ കാരണമാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും,  തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും സമര്‍ത്ഥിക്കാന്‍ വിമല്‍ നിവേദയെ പറയാന്‍ പാടില്ലാത്തതൊക്കെ പറഞ്ഞ് ഒരുപാട് ഒച്ചവെച്ച് സംസാരിച്ചു. അമ്മയും അനിയത്തിയും കേള്‍ക്കെ  ലൈംഗികതയോട് അമിത താല്പര്യമുള്ള നിംഫോമാനിയാക് ആണ് നിവേദയെന്ന് വരെ കുറ്റപ്പെടുത്തി. അത് സഹിക്കാന്‍ വയ്യാതെ നിവേദ സ്വന്തം വീട്ടിലേക്ക് പോയി. 

അന്നുമുതല്‍ വിമല്‍ മാധവ് വേറൊരു തലത്തിലേക്ക് പോയി. മദ്യം തലയ്ക്കു പിടിച്ച് സംസാരിക്കുന്നതിനാല്‍ വെവ്വേറെ പേരുകളില്‍ സംസാരിക്കുമ്പോഴും ചിലര്‍ക്ക് ആളെ മനസ്സിലായിത്തുടങ്ങി. ജോലിസ്ഥലത്ത് താന്‍ വിമല്‍ മാധവ് എന്ന വ്യക്തിയാണെന്ന് പോലും മറന്നുള്ള അയാളുടെ സംസാരങ്ങളും ചെയ്തികളും പരാതികളായി വീട്ടിലെത്താന്‍ തുടങ്ങി. വൈകാതെ കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. മാനസിക വിഭ്രാന്തി കാരണം ജോലിയില്‍ നിന്നും നീക്കം ചെയ്തതിന്റെ അപമാനത്തില്‍ നിന്നും രക്ഷയെന്നോണം മുഖപുസ്തകത്തില്‍ ഓരോ വ്യാജ പേരുകളിലേക്കും മാറിമാറി കൂടുമാറ്റം നടത്തി. ഓരോ പേരില്‍ ഇരിക്കുമ്പോഴും തന്നെ ആരൊക്കെയോ പിന്തുടരുന്നുണ്ട് എന്ന തോന്നലില്‍ ഉറക്കവും തീറ്റയും ഒന്നുമില്ലാതെ സ്വയം ഒരുക്കിയ സങ്കല്പ ലോകത്ത് അയാള്‍ നിഴലുകളോട് യുദ്ധം ചെയ്തു. സുന്ദരനായിരുന്ന അയാള്‍ കുഴിഞ്ഞ കണ്ണുകളോടെ ക്ഷീണിച്ച മുഖം കണ്ണാടിയില്‍ നോക്കി അട്ടഹസിച്ചു.. 

ഒടുവില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് അമലയും അമ്മയും അയാളെ ഉറക്കഗുളികള്‍ കൊടുത്ത് മയക്കിയാണ് ഡോക്ടര്‍ ജെയിംസിന്റെ മാനസിക രോഗാശുപത്രിയില്‍ എത്തിച്ചത്.  ആശുപത്രിയുടെ മടുപ്പുകളറിയാത്ത ഒരു മുറിയിലാണ് വിമലിനെ താമസിപ്പിച്ചിരുന്നത്. വിമലിന് തന്റെ ആശയക്കുഴപ്പങ്ങള്‍ ഇറക്കി വയ്ക്കാന്‍ ഒരാളെ ആവശ്യമായിരുന്നതിനാല്‍ ജെയിംസ്‌ഡോക്ടറുമായി പെട്ടെന്ന് ഇണങ്ങി. ദിവസങ്ങള്‍കൊണ്ട്  ബഹളങ്ങളൊക്കെ കുറഞ്ഞെങ്കിലും എപ്പോഴും എന്തോ ആഴമേറിയ ചിന്തയിലായിരുന്നു അയാള്‍. ജെയിംസ്‌ഡോക്ടര്‍ അമ്മയോടും അനിയത്തി അമലയോടും വിമലിന്റെ ജീവിതത്തെപ്പറ്റി ചോദിച്ചറിഞ്ഞു... 

വിമലിന്റെ കുഞ്ഞുപ്രായത്തില്‍ അച്ഛന്‍ മരണപ്പെട്ടതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞ് അമ്മ വീണ്ടും വിവാഹം ചെയ്തപ്പോള്‍ ആ എട്ടുവയസ്സുകാരന്‍ ഇളയച്ഛനോട് അകലം പാലിച്ചു. എന്നാല്‍ അമ്മ  ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അധികസമയവും ഇളയച്ഛന്റെ കൂടെ ഇരിക്കേണ്ടി വന്നു. ആദ്യമൊക്കെ വലിയ ബഹളവും കരച്ചിലും ഒക്കെ ആയിരുന്നെങ്കിലും പിന്നീട് ഇളയച്ഛന്റെ കൂടെയായി തീറ്റയും ഉറക്കവും കറക്കവും എല്ലാം. അമ്മയ്ക്കും അത് വലിയ ആശ്വാസമായിരുന്നു. സ്വന്തമായി മകള്‍ പിറന്നിട്ടും വിമലിനോടായിരുന്നു ഇളയച്ഛന്‍ കൂടുതല്‍ സ്‌നേഹം കാണിച്ചിരുന്നത്. കുഞ്ഞുവിമലിന് അവന്‍ ആഗ്രഹിച്ചതൊക്കെയും മറ്റുള്ളവരെക്കാള്‍ നല്ലത് തന്നെ കിട്ടിയിരുന്നു. അമ്മക്കും അമലക്കും അതില്‍ സന്തോഷവുമായിരുന്നു.. 

ഇളയച്ഛന്റെ മരണശേഷമാണ് വിമല്‍ അന്തര്‍മുഖനാവാന്‍ തുടങ്ങിയത്.  പഠിക്കുവാന്‍ വേണ്ടി മറ്റൊരു നാട്ടില്‍ താമസിക്കേണ്ടി വന്നിട്ടും  ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വരുമായിരുന്നു. ഒന്നുരണ്ടു പ്രാവശ്യം വരാതിരുന്നപ്പോള്‍ ഇളയച്ഛന്‍ നിര്‍ബന്ധിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും വിമലും ഇളയച്ഛനും തമ്മില്‍ മുഷിഞ്ഞു സംസാരിക്കുകയും ചെയ്തു.  അന്ന് രാത്രിയില്‍ വിമലിന്റെ കൂടെ ഉറങ്ങുമ്പോഴാണ് ഇളയച്ഛന്‍ ഹൃദയസ്തംഭനം വന്ന് മരണപ്പെട്ടത്. അതിന് ശേഷം അയാള്‍ സ്വന്തമായൊരു ലോകത്തിലായിരുന്നു. മുഷിഞ്ഞു സംസാരിച്ചതിന് ഒന്ന് മാപ്പ് ചോദിക്കാന്‍ പോലും പറ്റിയില്ലല്ലോ എന്ന പശ്ചാത്താപമാകാം വിമലിനെ തകര്‍ത്തത് എന്നായിരുന്നു അമ്മയും അമലയും അഭിപ്രായപ്പെട്ടത്.. 

പിന്നീട് സമൂഹമാധ്യമങ്ങളില്‍ തന്റെ ചിത്രങ്ങള്‍ തരംഗമുയര്‍ത്തിയത് അയാള്‍ക്ക് സ്വയം സ്‌നേഹിക്കാനും ആസ്വദിക്കാനും ഇടവരുത്തി.  സ്വന്തം രൂപത്തിലുള്ള ആത്മവിശ്വാസവുമായി ഇളയച്ഛന്റെ മരണശേഷം അദ്ദേഹത്തിന്റെ പാതയിലൂടെയാണ് വിമല്‍ തന്റെ ജോലിയില്‍ തിളങ്ങിയതും അറിയപ്പെടുന്ന വ്യക്തി ആയതും. സ്വന്തം വിവാഹത്തോട് വലിയ താല്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും അനിയത്തിയെ നല്ല രീതിയില്‍ വിവാഹം ചെയ്തയച്ചു. അധികം അടുത്ത് ഇടപഴയില്ലെങ്കിലും അമ്മയുടെയും അമലയുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്തിരുന്നു..  

എന്നിട്ടും വിമല്‍ മാധവ് കുടുംബജീവിതത്തില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഡോ. ജെയിംസിന് കണ്ടെത്തേണ്ടിയിരുന്നു. 

അതിന് വേണ്ടി അദ്ദേഹം നിവേദയെ ബന്ധപ്പെട്ടു.  നിവേദയുടെ വെളിപ്പെടുത്തല്‍ വീണ്ടും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. വിമല്‍ ഒരു നല്ല മനുഷ്യനായിരുന്നു. പക്ഷേ ഒരു നല്ല ഭര്‍ത്താവ് ആയിരുന്നില്ല. ഒരിക്കല്‍പോലും ഭാര്യയുമൊത്ത് ശയിക്കാന്‍ അയാള്‍ക്ക് സാധിച്ചിരുന്നില്ല. ഭാര്യയുടെ അടുത്ത് ചെല്ലുമ്പോള്‍ അയാള്‍ക്ക് ഒരു വിറയല്‍ വരും. ദയനീയമായി ഇളയച്ഛന്റെ പേര് പറഞ്ഞ് വേദനയോടെ പിറുപിറുക്കും. പിന്നീട് മിണ്ടാതെ കമിഴ്ന്നുകിടന്ന് കണ്ണീര്‍ വാര്‍ക്കും. ഇതേക്കുറിച്ച് അയാളോട് ഒരുപാട് ചോദിച്ചു നോക്കിയതാണ് നിവേദ. അപ്പോഴൊക്കെയും അയാള്‍ ഭാര്യയെ കുറ്റപ്പെടുത്തുകയും മറ്റു പുരുഷന്മാരോട് ബന്ധപ്പെടുത്തി സംസാരിക്കുകയും ചെയ്തു. മടുത്തുപോയി അവിടെ നിന്നും രക്ഷപ്പെട്ടതാണെന്നാണ് നിരാശയും വേദനയും കലര്‍ന്ന സ്വരത്തില്‍ നിവേദ പറഞ്ഞത്. ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ വിമലിന്റെ മുറിയില്‍ നിവേദയെയും കൂട്ടി ചെന്നപ്പോള്‍ അയാളുടെ കണ്ണിലെ കുറ്റബോധത്തിന്റെ കണികയില്‍ പിടിച്ച് ഡോക്ടര്‍ വിമലിന്റെ മനസ്സിലേക്ക് ഊളിയിട്ടു. അയാള്‍ ഒരു എട്ടുവയസ്സുകാരനില്‍ നിന്നും തന്നെ ഓര്‍ത്തെടുത്തു വിവരിച്ചു... 

അച്ഛന്‍ നഷ്ടപ്പെട്ട അമ്മയുടെ ഒറ്റ മോന്റെ വേദനകളും, എട്ടുവയസ്സില്‍ അമ്മയുടെ സ്‌നേഹം പങ്ക് പറ്റാന്‍ വന്ന ഇളയച്ഛനോടുള്ള പരിഭവവുമെല്ലാം സ്വാഭാവികമായും ഉണ്ടായിരുന്നു. അമ്മ ഗര്‍ഭിണി കൂടി ആയപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടു എന്ന തോന്നലിലേക്ക് ഇളയച്ഛന്‍ ഇടിച്ചുകയറി കസേരയുറപ്പിച്ചു. ബഹളവും കരച്ചിലും ഒക്കെയായിരുന്നെങ്കിലും അധികനേരവും ഇളയച്ഛന്റെ കൂടെ ഇരിക്കേണ്ടി വന്നു. അയാളുടെ അമിതമായ ലാളനകളും ഉറക്കത്തിലെ ഇറുക്കെ പിടിക്കലുകളും എട്ടുവയസ്സുകാരനായ വിമലിനെ വേദനിപ്പിച്ചപ്പോള്‍ ബഹളം വെച്ച് അകലാന്‍ ശ്രമിച്ചു. പക്ഷേ കുഞ്ഞുവിമലിനെ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. പകരം ഉപദേശങ്ങള്‍ കൊണ്ടു നിറച്ചു. കൊല്ലങ്ങളോളം മറ്റൊരാള്‍ തൊടാന്‍ പാടില്ലാത്തിടത്ത് തൊട്ട് വേദനിപ്പിച്ചിട്ടും, ചെയ്തു കൂടാത്തത് ചെയ്യിപ്പിച്ചിട്ടും  അമ്മയെയും അനിയത്തിയേയും ഓര്‍ത്ത് മിണ്ടാതെ സഹിച്ച് സഹിച്ച് അതൊരു സാധാരണ സംഭവമായി തീര്‍ന്നു... 

തുടര്‍പഠനത്തിനായി മറ്റൊരു നാട്ടിലേക്ക് പോയപ്പോഴാണ് വിമല്‍ ശരിക്കും തകര്‍ന്നുപോയത്.  പെണ്‍കുട്ടികള്‍ ആരെങ്കിലും ഒന്ന് പുറത്ത് തട്ടിയാല്‍ പോലും ഇളയച്ഛനെ ഓര്‍മ്മവരും. കൂട്ടുകാരൊക്കെ പ്രണയിച്ച് നടക്കുമ്പോള്‍ ആ വികാരത്തെ ഭയന്ന് അവന്‍ ആരോടും അടുപ്പം കാണിക്കാതെയായി. എങ്ങനെയെങ്കിലും ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടണമെന്ന് വിചാരിച്ച് ഇളയച്ഛനില്‍ നിന്നും അകന്ന് നില്‍ക്കാന്‍ വേണ്ടി വീട്ടില്‍പോക്ക് രണ്ടും മൂന്നും രണ്ടാഴ്ചയിലൊരിക്കല്‍ ആക്കിത്തുടങ്ങി.  അങ്ങനെയൊരു സമയത്താണ് ഇളയച്ഛന്‍ നിര്‍ബന്ധപൂര്‍വ്വം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതും പ്രശ്‌നമുണ്ടായതും. പീഡനത്തില്‍ നിന്നും രക്ഷയില്ലെന്ന് മനസ്സിലായപ്പോള്‍ സഹിക്കവയ്യാതെ എല്ലാം അമ്മയോട് തുറന്നു പറഞ്ഞു ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു കിടന്ന അന്നാണ് ഇളയച്ഛന്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.. അതിനാല്‍ ആ പീഡനകഥ രഹസ്യമായിത്തന്നെ കിടന്നു.. 

ആ ഞെട്ടലില്‍ നിന്നും വിമല്‍ സാധാരണ നിലയിലെത്താന്‍ കുറച്ച് സമയമെടുത്തെങ്കിലും അയാള്‍ മിടുക്കനായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയപ്പോള്‍ തന്റെ സൗന്ദര്യത്തിലും കഴിവിലും ആത്മവിശ്വാസമുണ്ടായി. അപ്പോഴാണ്  വിവാഹം എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന വിറയല്‍ നിന്നത്. അങ്ങനെ വീട്ടുകാരുടെ നിര്‍ദ്ദേശം മാനിച്ച് നിവേദയെ വിവാഹം ചെയ്തു. നല്ല പെണ്‍കുട്ടിയായ നിവേദയെ ആത്മാര്‍ത്ഥമായിത്തന്നെയാണ് സ്‌നേഹിച്ചതെങ്കിലും ഒരു കുടുംബ ജീവിതം സാധ്യമായില്ല. പ്രശ്‌നം തന്റേതാണെന്ന് മറ്റാരും അറിയാതിരിക്കാന്‍ അവളെ കുറ്റപ്പെടുത്തി വേണ്ടാതീനങ്ങള്‍ നിരത്തി. സഹിക്കവയ്യാതെ നിവേദ സ്വന്തം വീട്ടിലേക്ക് പോയി.. 

കൗണ്‍സിലിംഗും മരുന്നുകളും  വിമലിനെ പതുക്കെ യഥാര്‍ത്ഥ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വിമല്‍ മാധവിനെ പിന്തുടര്‍ന്ന് കളയാന്‍ മാത്രം നേരം ആര്‍ക്കുമില്ല എന്ന് അയാള്‍ മനസ്സിലാക്കിത്തുടങ്ങി.  പിന്നീട് വിമലിനെ ഒരു നല്ല ജീവിതത്തിലേക്ക് നയിക്കാന്‍ നിവേദയുടെ സഹായം വേണ്ടിയിരുന്നു.. ചികിത്സ തീരും വരെ മാത്രമുള്ള ഒരു കരാറില്‍ നിവേദയും ജെയിംസ്‌ഡോക്ടറുടെ ചികിത്സയില്‍ പങ്കാളിയായി.. 

ആദ്യമൊക്കെ നിവേദയെ കാണുമ്പോള്‍ വിമല്‍ അസ്വസ്ഥത പ്രകടിപ്പിച്ചു, കാണാത്തതുപോലെ മറ്റെങ്ങോ കണ്ണ് പായിച്ച് ഇരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അതുപോലെ അനുസരിച്ചതിനാല്‍ വിമലിനോട് നിവേദയുടെ പെരുമാറ്റം ഒരു ഡോക്ടര്‍ക്ക് രോഗിയോടുള്ളത് പോലെ കരുണയുള്ളതായിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും നിവേദയെ കാണുമ്പോള്‍ വിമലിന്റെ കണ്ണുകളില്‍ പ്രകാശവും ചുണ്ടില്‍ പുഞ്ചിരിയും വരാന്‍ തുടങ്ങി.  കണ്ണുകളടച്ചു കിടന്നാല്‍ പോലും അവളുടെ സാമീപ്യമറിഞ്ഞ് അയാളുടെ അടിവയറ്റില്‍ നിന്ന് ഒരു ചിത്രശലഭം പറന്നുയര്‍ന്ന് ചുറ്റും സുഗന്ധമുള്ള മഞ്ഞ് പരത്തുന്നത് പോലെ തോന്നിത്തുടങ്ങി.  ജോലിയില്‍ പ്രവേശിക്കുന്നതിനക്കുറിച്ചും ഭാവിയെക്കുറിച്ചും പ്രതീക്ഷയോടെ സംസാരിക്കാന്‍ തുടങ്ങി..  അങ്ങനെ വിമല്‍ ആശുപത്രി വാസം അവസാനിപ്പിച്ച് വീട്ടിലെത്തി... 

ആഴ്ചകളും മാസങ്ങളും കടന്നു പോയി. ഇടയ്ക്കിടെ ഡോക്ടറെ സന്ദര്‍ശിക്കാറുണ്ടെങ്കിലും വിമല്‍ മാധവ് തന്റെ ജോലിയില്‍ പ്രവേശിച്ച് മുമ്പത്തെപ്പോലെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. താന്‍ ആരാണെന്നും മറ്റുള്ളവരെ എവിടെ വെക്കണമെന്നും ഇപ്പോള്‍ അയാള്‍ക്ക് ബോധ്യമുണ്ട്. ഡോക്ടര്‍ മുഖേന നിവേദയോട് തന്റെ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് കാത്തിരിക്കുകയാണ് വിമല്‍.. മുന്‍പൊരിക്കല്‍ വിമലിന്റെ ആവശ്യപ്രകാരം ഡോക്ടര്‍ നിവേദയോട് സംസാരിച്ചതാണ് ഈ വിഷയം. അന്ന് ഡോക്ടര്‍ ശാന്തനായി സംസാരിക്കുന്നതും നിവേദ തലയാട്ടുന്നതും പുഞ്ചിരിക്കുന്നതും നോക്കി കുറച്ചു ദൂരെ അയാളും കാത്തിരുന്നിരുന്നു.. 

അന്ന് നിവേദ സംസാരം മതിയാക്കി യാത്ര പറഞ്ഞു പോയതിന് ശേഷം, ഡോക്ടര്‍ വിമലിന്റെ അടുത്ത് വന്ന് തോളില്‍ തട്ടി പറഞ്ഞു.. 

'കാലങ്ങള്‍ മാറ്റങ്ങളുണ്ടാക്കും.. വേദനകളില്‍ മങ്ങല്‍ ഉണ്ടാവും. ഇപ്പോള്‍ ഒരു മടങ്ങിവരവ് സാധ്യമല്ലെങ്കിലും നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം..' 

ഡോക്ടര്‍ പറഞ്ഞ ആ വാക്കുകളുടെ പ്രതീക്ഷ വിമല്‍ കൈവിട്ടിട്ടില്ല. അന്ന് അതുപറഞ്ഞ് വിമലിനെ കടന്നുപോയ ഡോക്ടറുടെ മനസ്സില്‍ നിവേദ എന്ന ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ മുഴങ്ങിക്കൊണ്ടിരുന്നത് ഇപ്രകാരമായിരുന്നു.. 

'എനിക്ക് വിമലിനെ മറക്കാന്‍ കഴിയില്ല ഡോക്ടര്‍. പക്ഷേ.. നീയൊരു നിംഫോമാനിയാക് ആണ് എന്നൊരു വാചകം എന്റെ തലച്ചോറില്‍ തട്ടിവീണ് ഹൃദയം തുളച്ച് ഇന്നും ഉറക്കം കെടുത്താറുണ്ട് ഡോക്ടര്‍.. നിംഫോമാനിയാക് എന്ന ആ ഒരൊറ്റ വാക്ക് തൊണ്ടയില്‍ ഒരു പുണ്ണായി ഇറക്കാനും തുപ്പാനും വയ്യാതെ ആത്മാഭിമാനത്തില്‍ മുള്ളായി കിടക്കുന്നുണ്ട് ഇപ്പോഴും..  കടലോളം കിട്ടിയാലും മതിവരാത്തവളായി ചിത്രീകരിക്കപ്പെട്ടപ്പോള്‍ മുറിഞ്ഞു പോയിടം ഒന്ന് ആറിക്കിട്ടാതെ, ആ ഒറ്റവാക്കൊന്ന് മറക്കാന്‍ സാധിക്കാതെ വിമല്‍ മാധവിന്റെ ജീവിതത്തിലേക്ക് ഈ നിവേദക്ക് ചെല്ലാനാവില്ല. അയാളെ മനസ്സ് തുറന്നു സ്‌നേഹിക്കാന്‍ സാധിക്കില്ല.. എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും ആത്മവഞ്ചന വയ്യ..'

കണ്ണീരിലൂടെ പുഞ്ചിരിച്ച് നിവേദ അത് പറഞ്ഞപ്പോള്‍ ജയിംസ് ഡോക്ടര്‍ക്കും ഒന്നും പറയാനായില്ല.. 

ഇതൊന്നും അറിയാതെ ഇപ്പോഴും വിമല്‍ മാധവ് കാത്തിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios