ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  പുഷ്പ പിള്ള മഠത്തില്‍ എഴുതിയ ചെറുകഥ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


വിദൂരമായ ഏതെങ്കിലും നാട്ടിന്‍പുറത്തേക്ക് പായുന്നൊരു കെ. എസ് ആര്‍ ടി സി ബസ്. അതില്‍ ഒറ്റയ്‌ക്കൊരു രാത്രിയാത്ര. അവളുടെ ദീര്‍ഘ നാളത്തെ ആഗ്രഹം ആയിരുന്നു അത്. ഒരിക്കലും നടക്കാതെ ബാക്കിയായ അനേകം കാര്യങ്ങളുടെ ബക്കറ്റ് ലിസ്റ്റില്‍ അതെന്നും ഉറങ്ങിക്കിടന്നു. 

അങ്ങനെയിരിക്കെയാണ്, ബക്കറ്റ് ലിസ്റ്റിന്റെ ഗോവണിപ്പടികളിറങ്ങി വന്ന് ഒരാഗ്രഹം അവളുടെ കൈ പിടിച്ചത്. 

''വാ...''-ആഗ്രഹം അവളോട് പറഞ്ഞു. 

അവളൊന്നും മിണ്ടിയില്ല. മടുപ്പിന്റെ ദിനസരിക്കണക്കുകള്‍ മറന്ന് ആഗ്രഹത്തിനു പിന്നാലെ നടന്നു. 

ആഗ്രഹം, നേരെ ബസ് സ്റ്റാന്‍ഡിലേക്കാണ് ചെന്നത്. അവിടെ വിദൂരമായ ഒരു മലയോര ഗ്രാമത്തിലേക്കുള്ള ബസ് അവളെയും കാത്ത് കിടക്കുന്നുണ്ടായിരുന്നു. യാത്രകള്‍ക്കിടെ കൊച്ചുകുട്ടികളെ അമ്മമാര്‍ പിടിക്കുന്നതുപോലെ ആഗ്രഹം അവളുടെ കൈ പിടിച്ച് അതിലേക്ക് കയറ്റി. 

സീറ്റിലിപ്പോള്‍ അവള്‍ തനിച്ചാണ്. വിന്‍ഡോയ്ക്കു പുറത്ത് രാത്രി. തണുത്ത മഴ. സ്വപ്‌നത്തിന് മാത്രമാവുന്ന, അഭൗമമായ നിറങ്ങള്‍ കണ്ണുകളിലാകെ നിറയുന്നതറിഞ്ഞ് അവള്‍ക്ക് കരച്ചില്‍ വന്നു. എന്തിനിനിയും കരയണം എന്നാരോ ഉള്ളില്‍ നിന്നു പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. ബസിലെ അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകള്‍ തിളങ്ങി.

ഗൃഹതുരത്വം തിങ്ങി നിറഞ്ഞ തന്റെ പഴയ ഡയറിക്കുറിപ്പിനെക്കുറിച്ച് അവള്‍ ഓര്‍ത്തു. അതൊക്കെ ആരെങ്കിലും വായിക്കാന്‍ ഇടയായാല്‍ തനിക്കു വട്ടാണെന്ന് കരുതും. 'കിതച്ചും തുമ്മിയും വലിഞ്ഞു നീങ്ങുന്ന ഏതെങ്കിലും ഒരു കെ എസ് ആര്‍ ടി സി ബസില്‍ ഒരു ദൂരയാത്ര പോകണം.. ഒറ്റക്ക്....' ഇങ്ങനെയായിരുന്നു ആ ഡയറിക്കുറിപ്പിന്റെ തുടക്കം. 

വണ്ടി നീങ്ങിയതോടെ, ഓര്‍മ്മയുടെ പുസ്തകം അടച്ചുവെച്ച്, അവള്‍ ജാലകം തുറന്നിട്ടു. മഴയും രാത്രിയും ഓടിവന്ന് അവള്‍ക്കൊപ്പം സീറ്റിലിരുന്നു. തണുത്തപ്പോള്‍ അവള്‍ പതിയെ വിന്‍ഡോയുടെ കടും പച്ച തോരണക്കര്‍ട്ടന്‍ താഴ്ത്തിയിട്ടു. 

ബസിന്റെ തുരുമ്പിച്ചു തുടങ്ങിയ കമ്പിയില്‍ ഇറ്റു നില്‍ക്കുന്ന മഴത്തുള്ളികള്‍ അവള്‍ വിരല്‍ത്തുമ്പില്‍ എടുത്തു. പതിയെ അവളത് കണ്ണിലേക്ക് ചേര്‍ത്തുവെച്ചു. പിന്നെ, സീറ്റില്‍ ചാരിയിരുന്ന് കണ്ണടച്ചു. അടുത്ത കാലത്തൊന്നും അറിഞ്ഞിട്ടില്ലാത്തത്ര സമാധാനത്തോടെ ഉറക്കം അവളുടെ കണ്‍പോളകള്‍ വന്നുതഴുകി. 

ബാലന്‍സ് തെറ്റി തല ഇടയ്ക്കിടെ സീറ്റിലിടിക്കുമ്പോള്‍ മാത്രം അവള്‍ കണ്ണുതുറന്നു. അമ്മയുടെ മടിത്തട്ടില്‍ കിടക്കുന്നത്ര ശാന്തതയോടെ അവള്‍ വീണ്ടുമുറങ്ങി. അങ്ങനെയങ്ങനെ വണ്ടിക്കുലുക്കങ്ങളുടെ താളത്തില്‍ അവളേതോ ലോകത്തിലേക്ക് നടന്നു. 

ഉറക്കത്തില്‍ അവള്‍ ഏതൊക്കെയോ കവലകള്‍ കണ്ടു. അവിടെയാക്കെ ആളെ ഇറക്കി ബസ് വീണ്ടും മുന്നോട്ട് പോയി. അേന്നരം, ഇത്തിരി നേരത്തേക്ക് തുറന്നടഞ്ഞ വാതിലിലൂടെ റോഡരികിലെ തട്ടുകടകളിലെ ചൂട് ഓംലെറ്റിന്റെയും പൊറോട്ടയുടെയും ഗന്ധത്തിനൊപ്പം കുഴഞ്ഞലിഞ്ഞ് അകത്തേക്ക് കയറി സീറ്റുകളിലെ അനേകം മൂക്കുകളില്‍ നങ്കൂരമിട്ടു. 

വഴിയോരത്തെ പെട്ടിക്കടകള്‍ക്ക് മുന്നിലെ ബെഞ്ചില്‍ ആരൊക്കെയോ ബീഡി പുകച്ചു മഴ നോക്കിയിരിക്കുന്നത് അവള്‍ കണ്ടു. പിന്നിലേക്ക് ഓടി മറയുന്ന കൊച്ചു കൊച്ചു വീടുകള്‍ക്കുള്ളില്‍ മങ്ങിയ വെളിച്ചത്തില്‍ മനുഷ്യര്‍ അവരവരുടെ ജീവിതച്ചക്രങ്ങള്‍ക്കകത്ത് കറങ്ങുന്നുണ്ടായിരുന്നു. റോഡരികിലെ അമ്പലങ്ങളിലെ, മഴയില്‍ കുതിര്‍ന്ന ഉത്സവങ്ങള്‍ കഴിഞ്ഞ ആളുകള്‍ നടന്നുനീങ്ങുന്നത് അവള്‍ കണ്ടു. ചെണ്ട മേളവും, പാട്ടും ബസിനൊപ്പം അല്‍പദൂരം ഓടിവന്നു. 


ഏതോ സ്‌റ്റോപ്പില്‍നിന്നും ബലൂണുകള്‍ കയ്യിലേന്തി, നനഞ്ഞ കുട്ടിയുടുപ്പിട്ട് ഒരു പെണ്‍കുട്ടി കയറിവന്നു. അടുത്ത സീറ്റില്‍ വന്നിരുന്ന കുട്ടി ലോകത്തെയാകെ അന്തംവിട്ടു നോക്കുന്നതവള്‍ കണ്ടു. 

ഇടയ്ക്കാരോ ഇറങ്ങിപ്പോയപ്പോള്‍, ജംഗ്ഷനിലെ മീന്‍ കടയിലെ ഉളുമ്പുമണം കലര്‍ന്ന മഴക്കാറ്റ് ബസിലൂടെ ഒന്നു കയറിയിറങ്ങി. കറന്റ് പോയതിനാല്‍ ഇരുട്ടിലായ ഒരു നാടിനെ അവള്‍ വഴിയോര വീടുകളിലെ മണ്ണെണ്ണ വിളക്കുകളുടെ ചിതറിയ വെളിച്ചത്തില്‍ കണ്ടു. ആ പ്രദേശം വെളിച്ചത്ത് എങ്ങനെയാവും എന്നവള്‍ ഒരു കാര്യവുമില്ലാതെ അതിശയിച്ചു.

ഇടയ്‌ക്കെപ്പോഴോ, മണ്ണെണ്ണ വിളക്കിന്റെ കുഞ്ഞു വെട്ടത്തില്‍ ഒരമ്മച്ചിയെ കണ്ടു. അടുക്കള മുറ്റത്തെ ഷെഡ്ഡില്‍ ചക്ക വെട്ടുകയായിരുന്നു മുഷിഞ്ഞ ചട്ടയും മുണ്ടുമുടുത്ത അമ്മച്ചി. അടുത്ത് സ്റ്റൂളില്‍ അപ്പച്ചനിരുന്ന് എന്തോ സംസാരിക്കുന്നു. എന്തോ നാട്ടുകാര്യമായിരിക്കണം. 

കുറേ ചെന്നപ്പോള്‍ ചാണകം മെഴുകിയ കുടിലിന്റെ ഉമ്മറത്ത്, തൂണില്‍ ചാരി മഴയെ നോക്കി നെടുവീര്‍പ്പിടുന്ന ഒരമ്മൂമ്മയെ കണ്ടു. അവര്‍ക്കു മീതെ പിശറന്‍ കാറ്റ് മഴയുടെ പിയാനോ വായിക്കുന്നുണ്ടായിരുന്നു. 

പതിയെ തെരുവുകള്‍ വിജനമാവുന്നത് വിന്‍ഡോയിലൂടെ അവള്‍ കണ്ടു. കടകള്‍ അടഞ്ഞു. വീടുകളില്‍ പതിയെ വിളക്കുകള്‍ കെട്ടു. ആളനക്കം നിലച്ച തെരുവുകളില്‍ അവസാന തുള്ളിയെയും നൃത്തം ചെയ്യിച്ച് മഴ മടങ്ങുമ്പോള്‍ ഏതോ വിഷാദഭാവം അവളെ വന്നുതൊട്ടു. മഴയൊഴിഞ്ഞ തെരുവിലേക്ക് ജാലകം പൂര്‍ണ്ണമായി തുറന്നിട്ടിട്ടും ഇരുട്ടത്ത് അവള്‍ക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. പതിയെ അവള്‍ കണ്ണടച്ച് ഏതോ പഴയ പാട്ട് ഓര്‍മ്മിച്ചു. എണ്‍പതുകളിലെ പാട്ടാണ്. ഏത് സമയത്തും ഓര്‍മ്മയില്‍ വരിക അതാണ്. അതിനു മുമ്പോ ശേഷമോ കാലം ഇല്ലെന്നത് പോലെ. 

എന്തോ ശബ്ദം കേട്ടാണ് അവള്‍ കണ്‍തുറന്നത്. മുന്നിലിപ്പോള്‍ തെരുവുകളുടെ അനക്കമറ്റ നിശ്ശൂന്യതയല്ല. ചിരപരിചിതമായ മുറിയുടെ വെളുത്ത ചുമരുകള്‍. അരികെ കണ്ടുകണ്ട് മടുത്ത വീട്ടുസാധനങ്ങള്‍. അപ്പുറത്തെ മുറിയില്‍, ഉറങ്ങും മുമ്പേ, മക്കള്‍ സംസാരിക്കുന്ന ബഹളം. 

''സാരമില്ല, ഇനിയുമാവാം..''-പൊടുന്നനെ ആരോ അടുത്തിരുന്ന് മന്ത്രിക്കുന്നതവള്‍ കേട്ടു. തിരിഞ്ഞുനോക്കിയപ്പോഴുണ്ട് ആ പരിചിതമായ ചിരി. 

ആഗ്രഹം!

അത് പതിയെ ബക്കറ്റ് ലിസ്റ്റിന്റെ ഗോവണികള്‍ കയറി നിത്യജീവിതത്തിന്റെ മടുപ്പിനാല്‍ മരവിച്ചുപോയ ഒരു കട്ടിലില്‍ കയറിക്കിടന്നു.