Asianet News MalayalamAsianet News Malayalam

ഗോസ്റ്റ് റൈറ്റര്‍,  സാജു ഗംഗാധരന്‍ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സാജു ഗംഗാധരന്‍ എഴുതിയ കഥ

chilla amalayalam short story by Saju Gangadharan
Author
Thiruvananthapuram, First Published Aug 27, 2021, 10:02 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


chilla amalayalam short story by Saju Gangadharan

 

പബ്ലിഷര്‍ തിലകന്‍ മേനോന്റെ വിളി വന്നപ്പോഴാണ് വികാസ് ഞെട്ടിയുണര്‍ന്നത്. അന്നദാതാവാണ്. ഉറക്കപ്പിച്ചില്‍ ചാടിയെഴുന്നേറ്റ് ഫോണ്‍ എടുത്തു. 

'വികാസേ.. താന്‍ എവിടെയാ.. ഞാന്‍ അയച്ച വാട്‌സപ്പ് മെസേജ് കണ്ടില്ലേ...?'

'അയ്യോ ചേട്ടാ.. ഇന്നലെ ഉറങ്ങാന്‍ ലേറ്റായി. കുറച്ചധികം എഴുതാനുണ്ടായിരുന്നു. ഫ്രാന്‍സിസ് സാറിന്റെ ആത്മകഥയുടെ അവസാന ഭാഗത്തെത്തി...'

'എന്നാ.. ഇനി നീ എഴുതണ്ട..' തിലകന്‍ മേനോന്റെെ ശബ്ദം കടുത്തു. 

'ചേട്ടാ അങ്ങനെ പറയല്ലേ.. ഇന്ന് ലാസ്റ്റ് അധ്യായം എഴുതാന്നാ പുള്ളിക്കാരന്‍ പറഞ്ഞത്. ഞാന്‍ അങ്ങോട്ട് പോകാനിരിക്കുകയായിരുന്നു.'

'ആദ്യം നീ ആ മെസേജ് ഒന്നു വായിച്ചെ..'

വികാസ് വെപ്രാളത്തോടെ വാട്‌സപ്പ് തുറന്നു. 

മെസേജ് കണ്ടപ്പോള്‍ ഇടി തട്ടിയതുപോലെയായി. 

'ഡോ. ഫ്രാന്‍സിസ് കുഴിയാനിക്കല്‍ ഇന്നു പുലര്‍ച്ചെ  അന്തരിച്ചു. ഹാര്‍ട്ട് അറ്റാക്കായിരുന്നു..'

തകര്‍ന്ന ഹൃദയത്തിന്റെ ഇമോജി പോലെ വികാസ് കിടക്കയില്‍ കിടന്നു പിടച്ചു.  

'അപ്പോ.. ചേട്ടാ... ഇനി എന്തു ചെയ്യും...? ഒരു അധ്യായം കൂടിയേ തീര്‍ക്കാനുള്ളൂ...'

കുറച്ചു സമയത്തെ നിശ്ശബ്ദതയ്ക്ക് ശേഷം തിലകന്‍ മേനോന്‍ പറഞ്ഞു. 

'നീ ഒരു കാര്യം ചെയ്യ്..നേരെ കുഴിയാനിക്കലിന്റെ വീട്ടിലേക്ക് ചെല്ല്. കോവിഡ് ആയതുകൊണ്ട് വലിയ ആള്‍ക്കൂട്ടമൊന്നും ഉണ്ടാകില്ല. എന്നാലും മന്ത്രിമാരും ബിഷപ്പുമാരും സിനിമാക്കാരും ഒക്കെ വരും. അവരുടെയൊക്കെ ഫോട്ടോ എടുക്ക്. കമന്റുകളും. നമുക്ക് പുസ്തകത്തിന്റെ അനുബന്ധമാക്കാം...'

ഫോണ്‍ വെച്ചു വികാസ് നേരെ ബാത്ത് റൂമിലേക്കോടി. വാര്‍ത്ത കേട്ടതോടെ വയറില്‍ ഒരിളക്കം. 

ആദ്യമായിട്ട് ചെയ്യുന്ന ഒരു വലിയ വര്‍ക്കാ.. അതിന്റെ പൈസ കിട്ടിയിട്ടുവേണം പോക്കോയുടെ പുതിയ വേര്‍ഷന്‍ ഫോണ്‍ വാങ്ങാന്‍ എന്നു കരുതിയിരിക്കുമ്പോഴാ.. 

വലിയ ശബ്ദത്തില്‍ ഒരു നിലവിളി പോലെ വളി പോയതല്ലാതെ വിസര്‍ജ്ജ്യം ഒന്നും വന്നതുമില്ല. മനസിന്റെ വേവലാതികളോട് ശരീരം കൊമ്പുകോര്‍ക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തം. 

ലോക്ക് ഡൌണ്‍ ആണ്. പോക്കറ്റില്‍ നേരത്തെ വര്‍ക്കുചെയ്ത സ്ഥാപനത്തിചന്റ മീഡിയ പാസുണ്ട്. അത് കാണിച്ചു പോലീസിനെ ഒഴിവാക്കാം. ബൈക്ക് സ്റ്റര്‍ട്ടാക്കി നേരെ കുഴിയാനിക്കലിന്റെ വീട്ടിലേക്ക് തിരിച്ചു. 

ഇന്നലെ തൊണ്ണൂറ്റി ഒന്‍പതാം അധ്യായമാണ് കേട്ടെഴുതിയത്. നൂറ് അധ്യായമാണ് പുള്ളിയുടെ സ്വപ്നം. ശതാഭിഷിക്തനായേ താന്‍ ലോകം വിടൂ എന്നാണ് പുള്ളി എപ്പോഴും പറയാറ്. ശരീരത്തെ അതിനുതക്കവണം ഒരുക്കിയെടുക്കുന്ന കുന്ത്രാണ്ടങ്ങളൊക്കെ പുള്ളി വീട്ടില്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. എന്നിട്ടും... 

ബ്ലാക്ക് ആന്‍ഡ് വൈറ്റ് യുഗത്തിലെ വിന്‍േറജ് ഫോട്ടോസ് മുതല്‍ ലേറ്റസ്റ്റ് മാസ്‌കിട്ട ബ്രേക്ക് ദി ചെയിന്‍ ഫോട്ടോ വരെ ഉണ്ടാകും പുസ്തകത്തില്‍. എല്ലാം കൂടി അഞ്ഞൂറോളം പേജ് വരും. വര്‍ണ്ണശബളമായാണ് പ്രിന്റിംഗ്. ആദ്യത്തെ രണ്ടായിരം കോപ്പി പുള്ളി തന്നെ എടുക്കും. തിലകന്‍ മേനോന്‍ കുറച്ചു കാശ് ഉണ്ടാക്കാമെന്ന് കരുതി ഏറ്റെടുത്ത വര്‍ക്കാണ്. 

ഇതിപ്പോ സച്ചിന്‍ ഔട്ടാകുന്നതുപോലെ ആയിപ്പോയി. സെഞ്ച്വറിക്ക് പടിവാതില്‍ക്കല്‍ വെച്ച്... ഒന്നാഞ്ഞുപിടിച്ചിരുന്നെങ്കില്‍ ഒരു ദിവസം നേരത്തെ കേട്ടെഴുതി കഴിഞ്ഞേനെ. കുഴിയാനിക്കലിന്റെ വീടിന് പുറകിലുള്ള പ്രൈവറ്റ് ടെന്നീസ് കോര്‍ട്ടില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനിടെ വികാസ് സ്വയം പഴിച്ചു. 

വീടിന് മുന്നില്‍ ചെറുകിട ആള്‍ത്തിരക്കുണ്ട്. പോലീസ് പരിശോധനയും സാന്നിറ്റൈസര്‍ തൂകലുമൊക്കെ പൂര്‍ത്തിയാക്കി വികാസ് മുറ്റത്തേക്ക് കയറിപ്പറ്റി. തിലകന്‍ മേനോന്‍ ചേട്ടന്‍ പറഞ്ഞത് ശരിയാ. മൂന്നാല് വെടിക്കുള്ള സെലിബ്രിറ്റിക്കിളികള്‍ അവിടെ കൊത്തിപ്പറഞ്ഞു നില്‍ക്കുന്നുണ്ട്. 

മോണോപോഡില്‍ മൊബൈല്‍ ഫിക്‌സ് ചെയ്യുന്നത് കണ്ടിട്ടായിരിക്കാം മേയര്‍ തങ്കം സുന്ദരം നല്ലൊരു ചിരി തന്നു. (കണ്ണിലൂടെ മാത്രം തിരിച്ചറിയപ്പെടേണ്ട വികാര പ്രകടനമാണല്ലോ ഇപ്പോള്‍ ചിരി. മേയറുടെ വിടര്‍ന്ന കണ്ണില്‍ നോക്കിയാണ് വികാസ് അതൊരു നല്ല ചിരിയായിരിക്കുമെന്ന് സങ്കല്‍പ്പിച്ചത്) ആദ്യത്തെ ബൈറ്റ് മേയറുടെ തന്നെ ആകട്ടെ എന്നു തീരുമാനിച്ചു അങ്ങോട്ടേക്ക് നടന്നു. 

മാസ്‌ക് മാറ്റാതെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട്, ശബ്ദത്തില്‍ ഇടര്‍ച്ചയും തളര്‍ച്ചയും കണ്ടെത്തി മേയര്‍ പറഞ്ഞുതുടങ്ങി. 

'എന്താ പറയുക... ലോക് ഡൌണ്‍ ആയിപ്പോയി. ഇല്ലായിരുന്നെങ്കില്‍ ഈ നഗരം കുഴിയാനിക്കലിലേക്ക് ഒഴുകിയേനെ. എന്റെ അച്ഛന്‍ മേയര്‍ ആയിരിക്കുമ്പോഴാണ് ഫ്രാന്‍സിസ് കുഴിയാനിക്കലിന്റെ പിതാവ് ഏലിയാസ് കുഴിയാനിക്കല്‍ ഈ നഗരത്തില്‍ എത്തുന്നത്. അന്നീ നഗരം എന്തായിരുന്നു. കുറച്ചു ഓടുപാകിയ നരച്ച കെട്ടിടങ്ങള്‍. ഞങ്ങള്‍ ഭരണാധികാരികള്‍ നഗരത്തെ തിരശ്ചീനമായി വളര്‍ത്തിയപ്പോള്‍ നഗരത്തെ കുത്തനെ വളര്‍ത്തിയത് കുഴിയാനിക്കല്‍ കമ്പനി ആയിരുന്നില്ലേ. നോക്കൂ ഈ നഗരത്തിലെ ആദ്യത്തെ അംബരചുംബിയായ കെട്ടിടം ആ കാണുന്ന കുഴിയാനിക്കല്‍ ടവര്‍ ആണ്. പണ്ട് കാടുപിടിച്ചു കിടന്ന പ്രദേശമാണതെന്ന് ആരെങ്കിലും പറയുമോ? ഇപ്പൊഴും എന്തൊരു പ്രൗഢിയാണ് ആ കെട്ടിടത്തിന്. വിമാനത്തില്‍ പോകുമ്പോള്‍ ഈ നഗരത്തിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി. എത്രയെത്ര ബില്‍ഡിംഗുകളാണ് കുഴിയാനിക്കല്‍ കമ്പനി കെട്ടിപ്പൊക്കിയത്. അങ്ങനെ നോക്കുമ്പോള്‍ ഏലിയാസ് കുഴിയാനിക്കലും ഫ്രാന്‍സിസ് കുഴിയാനിക്കലുമല്ലേ ഈ നഗരത്തിന്റെ സൃഷ്ടാ... '

തങ്കം സുന്ദരത്തിന് ആ വാചകം പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. ഒരു നിലവിളിയുടെ ഉച്ചസ്ഥായിയിലുള്ള ശബ്ദ തരംഗത്തില്‍ മേയറുടെ കിളിനാദം മുങ്ങിപ്പോയി. അതോടെ എല്ലാവരുടെയും ശ്രദ്ധ അപ്രതീക്ഷിത ശബ്ദത്തിന്റെ പ്രഭവ കേന്ദ്രത്തിലേക്കായി. 

അന്തസ്സും ആഭിജാത്യവും നിറഞ്ഞുതുളുമ്പുന്ന പൊതുദര്‍ശന ചടങ്ങിനെ ആരാണ് പ്രാകൃതമായ നിലവിളികൊണ്ട് മലീമസമാക്കിയത്? 

എല്ലാവരുടെയും നോട്ടത്തിന്റെ ധ്വനി ഇതായിരുന്നു. മന്ത്രസ്ഥായിയില്‍ അവിടെയാകെ ഒഴുകി നടന്നിരുന്ന പ്രാര്‍ത്ഥനാ ഗീതം കരച്ചിലിന്റെ കഠോര മുനയേറ്റ് വിറകൊണ്ടു. 

ആരാണയാള്‍? 

അലങ്കോലമായ മുടിയും ഒതുക്കമില്ലാതെ വളര്‍ന്ന താടിയും ഇരുണ്ട ഗുഹാമുഖത്തിനകത്തെ തീപ്പൊരിപോലെ തിളങ്ങുന്ന കണ്ണുകളും, വികാസിന്റെ ആദ്യ നിരീക്ഷണത്തില്‍ പതിഞ്ഞത് ഇതൊക്കെയാണ്. 

എന്തായാലും ആ ചുറ്റുപാടിന് ഒട്ടും ചേരാത്ത ഒരു അസംസ്‌കൃതന്‍. അപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധയില്‍ അക്കാര്യം പതിഞ്ഞത്. അയാള്‍ മാസ്‌ക് ധരിച്ചിട്ടില്ല. പെട്ടെന്ന് കടന്നല്‍ മൂളക്കം പോലെ ഒരു  മര്‍മ്മരം അവിടെയാകെ പരന്നു. 

മരണാനന്തര ചടങ്ങുകളുടെ ചുമതല നിര്‍വഹിച്ചിരുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ആ മനുഷ്യന്റെ അടുത്തേക്ക് വെപ്രാളപ്പെട്ടു ഓടിച്ചെന്നു. അയാളുടെ കയ്യില്‍ ഫ്രാന്‍സിസ് കുഴിയാനിക്കലിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു കറുത്ത മാസ്‌ക്ക് ഉണ്ടായിരുന്നു. അപരിചിതന്‍ മാസ്‌ക് കൃത്യമായി അണിഞ്ഞു എന്നുറപ്പു വരുത്തിയതിന് ശേഷം കൈകളിലേക്ക് സാനിറ്റൈസര്‍ തൂകി അയാളെ അണുമോചിതനാക്കി ഇവന്റ് എക്‌സിക്യൂട്ടീവ് പിന്തിരിഞ്ഞു. ആ മനുഷ്യന്‍ അപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 

വികാസ് അയാളെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ചിലപ്പോള്‍ ഫ്രാന്‍സിസ് കുഴിയാനിക്കലിന്റെ ആത്മകഥയുടെ നൂറാം അദ്ധ്യായത്തിലെ കേന്ദ്ര കഥാപാത്രം ഇയാള്‍ ആണെങ്കിലോ? തന്നെ കൂടാതെ ഇവന്റ് മാനേജ്‌മെന്റ് ടീം ചുമതലപ്പെടുത്തിയ ഒരാളും മഫ്തി വേഷധാരിയായ ഒരു പോലീസുകാരനും അയാളെ നിരീക്ഷിക്കുന്നുണ്ടെന്ന് വികാസിന് മനസിലായി. 

അധികം വൈകിയില്ല. സ്ഥലം എം എല്‍ എ കൂടിയായ മന്ത്രിയും അനുയായി വൃന്ദവും എത്തി. സാമൂഹ്യ അകലമൊക്കെ ആ താരപ്രഭയില്‍ അലിഞ്ഞില്ലാതായി. ഈ തിരക്കിനിടയില്‍ ആജ്ഞാതമനുഷ്യനില്‍ നിന്നും നോട്ടം തെന്നിമാറിപ്പോകാതിരിക്കാന്‍ വികാസ് ശ്രദ്ധിച്ചിരുന്നു. മന്ത്രിക്ക് പിന്നാലെ പ്രൊഡ്യൂസര്‍ അമീര്‍ അലിക്കൊപ്പം താര സുന്ദരിയും എത്തിയതോടെ കുറച്ചുമുന്‍പ് കേട്ട മനുഷ്യന്റെ നിലവിളി അവിടെക്കൂടിയവരൊക്കെ മറന്നു പോവുകയും ചെയ്തു. 

ഇതിനിടയില്‍ തന്റെ ഫ്രെയിമില്‍ നിന്നും അയാള്‍ തെന്നിപ്പോയതായി വികാസിന് മനസിലായി. വികാസ് മുറ്റത്തുനിന്നും പുറത്തെ പാര്‍ക്കിംഗ് എരിയയിലേക്ക് നടന്നു. 

ചിലപ്പോള്‍  തിരക്കില്‍ നിന്നും ഒതുങ്ങി മാറി അവിടെയെങ്ങാനും നില്‍ക്കുന്നുണ്ടെങ്കിലോ?

പെട്ടെന്നാണ് വികാസിന്റെ മുന്നിലൂടെ പഴയ ബജാജ് ചേതക് സ്‌കൂട്ടറില്‍ അയാള്‍ ഓടിച്ചുപോയത്. ഫ്രാന്‍സിസ് കുഴിയാനിക്കലിന്റെ ജീവിതകഥയുടെ ക്ലൈമാക്‌സ് കയ്യില്‍ നിന്നും വഴുതിപ്പോവുകയാണല്ലോ എന്നു വെപ്രാളപ്പെട്ടു സമയം കളയാതെ ബൈക്ക് സ്റ്റാര്‍ട്ടാക്കി വികാസും അയാളുടെ പിന്നാലെ വെച്ചു പിടിച്ചു. അയാള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഒരു നിശ്ചിത അകലം പാലിച്ചുകൊണ്ടാണ് വികാസ് ബൈക്ക് ഓടിച്ചത്. ലോക്ക് ഡൗണ്‍ ആയതുകൊണ്ട് പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാനാവും ഊടുവഴികളിലൂടെയാണ് അജ്ഞാതന്‍ സ്‌കൂട്ടര്‍ ഓടിച്ചത്. 

പഴയ നഗരത്തിലെ ബ്രാഹ്മണാള്‍ തെരുവും ഓവര്‍ബ്രിഡ്ജിന് കീഴെയുള്ള ചേരിയും കടന്നു നഗരത്തിന്റെ മുഖ്യ മലിനധമനിയായ ആമത്തോടിന്റെ കരയിലൂടെയാണ് വികാസും അയാളുടെ കഥാപാത്രവും ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. മണ്ണ് വാരിത്തിന്നു വിശപ്പടക്കിയ കുട്ടികള്‍ താമസിക്കുന്ന കോളനിയും പിന്നിട്ട് കോടതിസമുച്ചയത്തിന് പിറകിലെ ആളൊഴിഞ്ഞ പറമ്പിനോട് ചേര്‍ന്ന നരച്ച ഒരു ചെറിയ ഓടിട്ട കെട്ടിടത്തിന് മുന്നില്‍ സ്‌കൂട്ടര്‍ ഒതുക്കി അയാള്‍ അകത്തേക്ക് കയറിപ്പോകുന്നത് വികാസ് ദൂരെ നിന്നും വീക്ഷിച്ചു. 

അയാള്‍ അകത്തു കയറി എന്നുറപ്പാക്കിയതിന് ശേഷം വികാസ് മറ്റൊരു വശത്തുകൂടെ ആ വീടിന്റെ കോമ്പൗണ്ടിലേക്ക് കയറി. വീടിന്റെ ചുമരിനോട് ചേര്‍ന്ന് വളര്‍ന്ന് കിടക്കുന്ന ബോഗണ്‍ വില്ലയുടെ മറവില്‍ നിന്നുകൊണ്ടു വികാസ് ജനല്‍ വിടവിലൂടെ അകത്തേക്ക് നോക്കി. അയാള്‍ ഒരു വൈറ്റ് ബോര്‍ഡിന് അഭിമുഖമായി നില്‍ക്കുകയാണ്. മുറിയിലാകെ മങ്ങിയ ഒരു ചുവന്ന പ്രകാശത്തിന്റെ കൃത്രിമ ഛായ. ആകെ മൊത്തം ദൃശ്യത്തിന് ഒരു സൈക്കോ സിനിമയുടെ ആമ്പിയന്‍സ്. 

വെളുപ്പില്‍ കറുത്തതെന്ന് തോന്നിക്കുന്ന പൊട്ടുകള്‍  ഉള്ള ഒരു പൂച്ച ചാടി അയാളുടെ ചുമലില്‍ കയറി ഇരിപ്പായി. അതിന്റെ ദൈര്‍ഘ്യമേറിയ ഒരു മ്യാവൂ വിളി മുറിയിലെ നിശബ്ദതയെ കീറിമുറിച്ച് ജനല്‍ വിടവിലൂടെ വികാസിന്റെ ചെവിയില്‍ ഇഴഞ്ഞു കയറി. പൂച്ചയുടെ നോട്ടം പിറകിലേക്കാണ് എന്നത് വികാസിനെ അത്ഭുതപ്പെടുത്തി. 

വികാസ് വൈറ്റ് ബോര്‍ഡിലേക്ക് സൂക്ഷിച്ചു നോക്കി. ആരുടെയൊക്കെയോ മുഖങ്ങള്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്. ആരാണ് അവരൊക്കെ?  വികാസ് മൊബൈല്‍ ക്യാമറ ഓണാക്കി ബോര്‍ഡിലേക്ക് സൂം ചെയ്തു.  ഫ്രാന്‍സിസ് കുഴിയാനിക്കലിന്റെ ചിത്രമല്ലേ അത്. ഫോട്ടോയ്ക്ക് അടിയില്‍ എന്താണ് എഴുതിയിരിക്കുന്നത്? നാളത്തെ തീയതി ആണല്ലോ...? കഠാരയുടെ ആകാരം പൂണ്ട മാര്‍ക്കര്‍ പേനകൊണ്ട് കുഴിയാനിക്കലിന്റെ മുഖത്ത് അയാള്‍ ഒരു ഗുണന ചിഹ്നം വരച്ചു. എന്നിട്ടയാള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. 

കുഴിയാനിക്കലിന്റെ വീട്ടിലേക്ക് നിലവിളിച്ചെത്തിയ മനുഷ്യനാണ് ഇപ്പോള്‍ ആര്‍ത്തട്ടഹസിക്കുന്നത് എന്നു വികാസിന് വിശ്വസിക്കാനായില്ല. ഒരു മനുഷ്യസ്‌നേഹിയുടെ മരണത്തില്‍ സന്തോഷിക്കുന്ന ഈ പടുപാപി ആരാണ്?

'ഞങ്ങളുടെയൊക്കെ നെഞ്ചത്ത് അവന്റെയൊരു കുഴിയാനിക്കല്‍ ടവര്‍. ഒരു ദിവസം കൂടി വെയിറ്റ് ചെയ്യാമായിരുന്നില്ലേ കഴുവേര്‍ട മോനേ...' അയാള്‍ അലറി. 

എന്താണ് മുന്നില്‍ നടക്കുന്നത്? ആശയകുഴപ്പത്തില്‍ വീണുപോയ വികാസ് തൊട്ടടുത്ത ഫോട്ടോയിലേക്ക് മൊബൈല്‍ ക്യാമറ ചലിപ്പിച്ചു. ങേ.. ഈ അടുത്തകാലത്ത് ദുരൂഹമായി കൊല്ലപ്പെട്ട റിട്ടയര്‍ഡ് ഡിജിപിയുടെ ചിത്രമാണല്ലോ അത്...? അപ്പോള്‍ മറ്റേത്..? സിനിമാ പ്രൊഡ്യൂസര്‍ അമീര്‍ അലി അല്ലേ. അമീര്‍ അലിയെ കുഴിയാനിക്കലിന്റെ വീട്ടില്‍ കണ്ട കാര്യം വികാസ് ഓര്‍ത്തു. അയാള്‍ക്ക് ഗുണന ചിഹ്നം വീണിട്ടില്ല. അതിനര്‍ത്ഥം...? അപ്പോള്‍ ഈ മനുഷ്യന്‍...? 

പൂച്ചയുടെ നോട്ടം താന്‍ നില്‍ക്കുന്ന ജനലിന്റെ ഭാഗത്തേക്ക് ആണെന്ന് മനസിലായതോടെ വികാസ് ഒരു നിമിഷം അവിടെ നിന്നില്ല. കണ്ടം വഴി ഓടുക എന്നു ട്രോളര്‍മാര്‍ പറയാറില്ലേ... അമ്മാതിരി പാച്ചലായിരുന്നു ബൈക്കെടുത്ത്. 

ആകെ ക്ഷീണിച്ചു കണ്ണുതള്ളിയാണ് മുറിയില്‍ എത്തിയത്. മാസ്‌ക് ഊരി വലിച്ചെറിഞ്ഞു ശ്വാസം നന്നായി അകത്തേക്കേടുത്ത് കുറച്ചുസമയം കണ്ണടച്ചിരുന്നു. 

ഫ്രാന്‍സിസ് കുഴിയാനിക്കലിന്റെ ആത്മകഥയിലെ നൂറാം അധ്യായത്തെ കുറിച്ച് ധ്യാനിച്ചു തുടങ്ങി. എഴുതിയേ പറ്റൂ. പോക്കോയുടെ 48 എം പി ക്യാമറയെ ഓര്‍ത്തുള്ള തൃഷ്ണ വികാസിന്റെ ഹൃദയത്തെ വിറകൊള്ളിച്ചു . 

അധ്യായം 100 

ഞാന്‍ അവസാനത്തെ അധ്യായത്തിലേക്ക് കടക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ അധ്യായം എന്റെ ജീവിതത്തിന്റെ അവസാനമൊന്നുമല്ല. ഇനിയും എന്തൊക്കെ നല്ല  കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട് എനിക്ക്. സമൂഹത്തിന്റെ പുരോഗതിയും ജനങ്ങളുടെ നന്മയും ജീവിത ലക്ഷ്യമായി കരുതുന്ന ഈ എളിയവന് എല്ലാം അങ്ങനെ പെട്ടെന്നവസാനിപ്പിച്ചു പോകാന്‍ പറ്റുമോ?

ഇന്ന് എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിവസമായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു ദൗത്യം പൂര്‍ത്തിയാക്കാനുള്ള യാത്രയുടെ ഒരുക്കത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് അയാള്‍ വരുന്നത്. (ആ പാവം മനുഷ്യന്റെ സ്വകാര്യതയെ കരുതി ഞാനിവിടെ പേര് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല.) അയാള്‍ കരയുകയായിരുന്നു. ഞാന്‍ അയാളെ എന്റെ ഓഫീസ് മുറിയിലേക്ക് ആനയിച്ചിരുത്തി. 

അയാള്‍ക്ക് പറയാനുള്ളത് അയാളുടെ മകളുടെ കാര്യമായിരുന്നു. അവള്‍ എം ബി ബി എസ് ഉന്നതമായ റാങ്കോടെ പാസായിരിക്കുന്നു. 'അങ്ങ് കാരുണ്യത്തിന്റെ കൈ നീട്ടി ഇല്ലായിരുന്നെങ്കില്‍...' എന്നു പറഞ്ഞു കണ്ണുനീര്‍ വാര്‍ത്ത് കാലില്‍ വീഴാന്‍ പോയ അയാളെ ഞാന്‍ തടഞ്ഞു. എന്നിട്ട് പറഞ്ഞു,  'ഇതെന്റെ കര്‍മ്മമാണ്...'

ഛേ.. എം ബി ബി എസ് ക്ലീഷേ ആണ്. 

ഫ്രാന്‍സിസ് കുഴിയാനിക്കല്‍ അയാളുടെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ തന്റെ ഒരു വൃക്ക ദാനം ചെയ്തു എന്നൊരു കഥ ആയാലോ... സംഗതി പൊളിക്കും. ഒറ്റ വൃക്കകൊണ്ടാണ് കുഴിയാനിക്കല്‍ ഇത്രയും കാലം ജീവിച്ചതെന്ന സ്‌കൂപ് മീഡിയ ഏറ്റുപിടിച്ചാല്‍ തിലകന്‍ മേനോന്‍ രക്ഷപ്പെട്ടു. കൂടെ ഞാനും. എന്തായാലും രണ്ടുദിവസം കഴിഞ്ഞാല്‍ ശവംതീനി പുഴുക്കള്‍ തിന്നേണ്ട വൃക്കയല്ലേ... അളിയുന്നതിന് മുന്‍പ് ഒരു ക്രെഡിറ്റ് അതിനുമിരിക്കട്ടെ.... 

നൂറാം അധ്യായം ആസ്വദിച്ച് എഴുതുകയാണ് വികാസ്. ഒരു ഗോസ്റ്റ് റൈറ്റര്‍ക്ക് ഇത്രയും ആവിഷ്‌കാര സ്വാതന്ത്ര്യമോ? വികാസ് ഉള്ളില്‍ പൊട്ടിച്ചിരിച്ചു. 

പോക്കറ്റില്‍ കിടന്നു മൊബൈല്‍ വൈബ്രേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വികാസ് എഴുത്ത് നിര്‍ത്തി. ആ രസംകൊല്ലി മേനോനാണ് വിളിക്കുന്നത്. 

'വികാസേ നീ എവിടാ.. നമുക്ക് സെമിത്തേരിയില്‍ നിന്നുള്ള കുറച്ചു കളര്‍ഫുള്‍ പടം വേണം കേട്ടോ...'

'ഞാന്‍ മുറിയിലാ.. അവസാനത്തെ അധ്യായത്തിന്റെ ശവമടക്കിലാണ് തിലകന്‍ ചേട്ടാ ...'

വികാസന്റെ മറുപടിയിലെ ആലങ്കാരിക പ്രയോഗത്തിന്റെ അനൌചിത്യം ആലോചിച്ചിട്ടോ അവന്റെ ഉത്തരവാദിത്തമില്ലായ്മയെ പഴിച്ചിട്ടോ എന്തോ തിലകന്‍ മേനോന്‍ അങ്ങേതലയ്ക്കല്‍ അട്ടഹസിച്ചു, 'ഫക്ക് യു..!'

 

മലയാളത്തിലെ മികച്ച ചെറുകഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. 

Follow Us:
Download App:
  • android
  • ios