ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

കുടുംബചിത്രങ്ങള്‍

ഫോട്ടോ വേണമായിരുന്നു അച്ഛന്റെ. 

അഞ്ചു മക്കളും പേര കുട്ടികളുമടക്കം എല്ലാവരും ഫോണ്‍ മെമ്മറി പരതി. 
പൂവിന്റെയും പൂമ്പാറ്റയുടെയും ചിത്രങ്ങള്‍. രാത്രിയും പകലും നിലാവും ഒക്കെയുണ്ട് . 
ഏതോ രാജ്യങ്ങളിലെ അറിയാത്തവരുടെ കാഴ്ചകളുമുണ്ട്. 
അഞ്ചും അമ്പതും വീടിനു അപ്പുറത്തുള്ളവരുണ്ട്.

അച്ഛന്റെ നേര്‍ ചിത്രങ്ങള്‍ ഒന്നുമില്ല. 
ചരമ കോളം മുഴുവനാക്കാന്‍ ചിത്രം വേണമെന്നില്ലല്ലോ. 
ഒരു കോളം വാര്‍ത്തയില്‍ ഒതുക്കി എല്ലാവരും ആശ്വസിച്ചു.


കറുത്ത പെണ്‍കുട്ടി   

'ഓരോ പായാരങ്ങള്.. വാലന്റൈന്‍സ് ഡേ....'

വെറുപ്പിന്റെ ഉച്ചസ്ഥായിയില്‍ മനസ്സില്‍ കൂവി കരഞ്ഞു, പിന്‍ ബെഞ്ചിലെ പെണ്‍കുട്ടി.

കറുപ്പിന്റെ തിളക്കത്തില്‍ പിണഞ്ഞു പോയ വിരലുകള്‍ വേര്‍തിരിച്ചു കാണാന്‍ പോലും ആവാത്തവളെന്ന  പറച്ചില്‍ കേട്ട് അവളുടെ ചെവിയടഞ്ഞു പോയിരുന്നു പലപ്പോഴും. 

വളരെ പുരാതനമായൊരു ഇഷ്ടം  അവനും കൂട്ടുകാരും ഫലിതം പോലെ ചിരിച്ചാര്‍ത്തത് കോംപസ് കൊണ്ട് കോറി വരച്ച വരകള്‍ ആയി ഡെസ്‌കില്‍ വലിയ ആഴത്തില്‍ നിറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. 

'എല്ലാ  ദിവസങ്ങളും ആഘോഷങ്ങളും നിറങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ്. അല്ലാതെയുള്ളവര്‍ വെറും കാഴ്ചക്കാര്‍.'

'പഠിച്ചു ജോലി വാങ്ങിയാല്‍ മാത്രമേ നിന്നെ പോലുള്ളവര്‍ക്ക് കല്യാണം പോലും നടക്കുള്ളൂ' എന്ന അമ്മപറച്ചിലുകള്‍ മാത്രം വീട്ടില്‍ നിന്ന് കേള്‍ക്കുന്ന ഒരുവള്‍ വേറെന്തു ചിന്തിക്കാന്‍?.


വിവാഹിത

ചോര്‍ന്നൊലിക്കുന്ന ഒരു കുടയുടെ കീഴില്‍ പെരുമഴ പെയ്യുമ്പോള്‍ നിങ്ങള്‍ എപ്പോഴെങ്കിലും നിന്നിട്ടുണ്ടോ? 

നിങ്ങളുടെ കൈയില്‍ കുടയുണ്ട്. പക്ഷെ നിങ്ങള്‍ അപ്പോഴും നനഞ്ഞൊലിക്കുകയാണ്. 

ഓടി ഇറയത്തു മഴ നനയാതെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് തോന്നും. 

പക്ഷെ ആളുകളെ ഭയന്ന് നിങ്ങള്‍ ആ കുട കീഴില്‍ തന്നെ നില്‍ക്കും. 

എത്ര മേല്‍ നനഞ്ഞൊലിച്ചാലും അവസാനം നിങ്ങള്‍ ഒലിച്ചു പോയാലും ഒരു കുടക്കീഴില്‍ നിന്നാണല്ലോ പോയതെന്ന് ആളുകള്‍ അടക്കം പറയും. 

 

......................................

കൂടുതല്‍ കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

.....................................

 

ഒളിച്ചോടാന്‍ വീടില്ലാത്ത കുട്ടി 

വീട് വാതിലുകള്‍ തുറന്നിട്ടിരിക്കുകയായിരുന്നു. വെളിച്ചം തടഞ്ഞു നിര്‍ത്താന്‍ മറച്ചു വെച്ച പഴയ സാരിയിലും ഒറ്റക്കായ ഓട്ടകള്‍. നിശ്ശബ്ദത അവിടെയാകെ സമ്പന്നതയോടെ നിലനിന്നു. 

അടുക്കളയില്‍ പെറ്റുകിടന്ന പൂച്ച മാത്രം  എഴുനേല്‍ക്കാന്‍ ഭാവമുണ്ടെന്ന  തോന്നല്‍ പോലും കാണിക്കാതെ ഒന്ന് കരഞ്ഞു.  

അച്ഛന്‍ ഒരു തോന്നല്‍ ആയി  മാഞ്ഞ ഒരു പെണ്‍കുട്ടിയും അമ്മയും പാര്‍ത്തിരുന്ന ചുമരുകള്‍ മാത്രമുള്ള ഇടമായിരുന്നു അത്. അച്ഛനില്ലാത്തിടം പലപ്പോഴും അഭിപ്രായങ്ങള്‍ പറയാന്‍ പറ്റാത്തിടം കൂടി ആവും അമ്മക്ക്. അടച്ചുറപ്പുള്ള മുറി,  ഭക്ഷണം വേവുന്ന മണമുള്ള അടുക്കള, ആളു കാണാതെ കുളിക്കാനൊരിടം എന്നത് പോലും അവര്‍ക്കപ്പോള്‍  ആഡംബരമായി തോന്നാം.

ഒരു പ്രാര്‍ത്ഥനയില്‍ കൂടെ ചേരാന്‍, മനസ്സ് കൊണ്ടു കൂടെ നിലക്കാന്‍ ഓരോ ചുവരും കെട്ടി ഉണ്ടാക്കാന്‍ കൂട്ടിരിക്കാന്‍ കഴിയും, എന്റെ അമ്മ മനസ്സിനും.

 

കൂടുതല്‍ കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona