Asianet News MalayalamAsianet News Malayalam

പുരാവസ്തു, ടിനോ ഗ്രേസ് തോമസ് എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ടിനോ ഗ്രേസ് തോമസ് എഴുതിയ കഥ

chilla amalayalam short story by Tino Grace Thomas
Author
Thiruvananthapuram, First Published Jul 17, 2021, 7:59 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla amalayalam short story by Tino Grace Thomas

 

തിരിച്ചുവരവിലേയ്ക്ക് അപ്രത്യക്ഷമാകുന്ന ഒരു രാത്രി

എല്‍വിസ് ജോണ്‍ പ്രിസ്‌ലിയുടെ ജീവിതത്തിലേയ്ക്ക് കയറിക്കൂടുവാനുള്ള കുറുക്കുവഴികള്‍ ഒന്നിനുമേലൊന്നായി പരാജയപ്പെട്ടതിനുശേഷം, വഴിതെറ്റി മഴക്കാടിനുള്ളില്‍ കുരുങ്ങിപ്പോയ ഒരു കുട്ടി തനിക്ക് താങ്ങാവുന്നതിനപ്പുറമുള്ള അതിശയങ്ങള്‍ കണ്ട് അന്ധാളിച്ചതുകൊണ്ടുണ്ടായ നിലവിളിയുമായിട്ടാണ് രീവ രവീന്ദ്രന്‍ എന്നെ കാണാന്‍ വന്നത്. കണ്ണിനുമുന്നില്‍ കാഴ്ച നില്‍ക്കുന്ന, തനിക്ക് ഇഷ്ടമുള്ള ഏതൊരു പുരുഷന്റെയും സ്വകാര്യതയിലേയ്ക്ക് ചുരുങ്ങിയ മണിക്കൂറുകള്‍കൊണ്ട് യഥേഷ്ടം കടന്നുചെല്ലുവാനും കുത്തിമറിയുവാനുമുള്ള രീവയുടെ താന്ത്രികവിദ്യകള്‍ യാതൊരുവിധ ദയാദാക്ഷിണ്യങ്ങളുമില്ലാതെ പൊളിഞ്ഞുവീണ ദിവസങ്ങളിലെല്ലാം അവളിങ്ങനെ കരയാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. പുരാവസ്തുവകുപ്പിലെ നീണ്ട പതിനഞ്ചുവര്‍ഷങ്ങള്‍ അതിലും നീണ്ട വിരസതയോടെ ചെലവഴിക്കുകയായിരുന്ന എനിക്ക് അല്പസമയത്തേയ്‌ക്കെങ്കിലും അതൊരു ആശ്വാസമായി. ഏറെനേരം നീണ്ട കരച്ചിലിനും എങ്ങലടിയ്ക്കും അവളെ വിട്ടുകൊടുത്തശേഷം ഞാന്‍ ചോദിച്ചു.

''നിനക്കയാളോട് പ്രേമമൊന്നുമായിരുന്നില്ലല്ലോ''

രീവ എന്നെ തുറിച്ചുനോക്കിയിട്ട് പറഞ്ഞു.

''നീയൊരു മണ്ടിയാണ് സുനിത.. ജീവിതത്തെപ്പറ്റി നിനക്കൊന്നുമറിയില്ല. ആത്മാര്‍ത്ഥമായൊന്ന് ചിരിക്കാന്‍പോലും''

''കൊള്ളാം... കണ്ണില്‍കണ്ട ആണുങ്ങളെ മുഴുവന്‍ കറക്കിയെടുത്ത് അവരുടെ പ്രൈവസിവെച്ച് മൊതലെടുപ്പ് നടത്തുന്നതാണോ നീ പറയുന്ന ജീവിതം''

രീവ കയ്യിലിരുന്ന കര്‍ച്ചീഫെടുത്ത് മൂക്ക് ചീറ്റി കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.

''അതൊരു ചതിയോ മൊതലെടുപ്പോ ആയി തോന്നുന്നുവെങ്കില്‍ എനിക്ക് മറ്റൊന്നും നിന്നോട് പറയാനില്ല.''

മൊബൈല്‍ ഫോണും ബാഗുമെടുത്ത് പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവളെ തടഞ്ഞു.

''നീ പെണങ്ങാതെ.. ഞാന്‍ വെറുതേ പറഞ്ഞതാണ്.. എന്താണേലും നമുക്ക് പരിഹരിക്കാം''

രീവ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തുകൊണ്ട് കൈപ്പിടിയില്‍നിന്നും വഴുതിപ്പോയ മനസ്സിനെ വീണ്ടെടുത്തു. എന്റെ തലമുടിയില്‍ പതിയെ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു. 

''പരിഹരിക്കാനൊന്നുമില്ല സുനിത.. അയാളൊരു നിഗൂഢതയാണ്. ഞാനെന്നല്ല ഒരു പെണ്ണിനും ആ മനുഷ്യന്റെ രഹസ്യ അറകളുടെ പൂട്ടുതകര്‍ത്ത് അകത്തുകയറുവാന്‍ സാധിക്കില്ല.''

രീവയുടെ വാക്കുകളില്‍ എനിക്ക് അത്ഭുതവും നിസ്സഹായതയും തോന്നി. 

''രീവ..... ഇത്രമാത്രം പ്രത്യേകതയുള്ള അതും നിന്നെപ്പോലും അതിശയിപ്പിക്കുമാറ് വ്യത്യസ്തനായ ഏതാണാ ണ് ഈ ഭൂമിയിലൊള്ളത്''

രീവ പുഞ്ചിരിയോടെ തുടര്‍ന്നു.

''നീ സ്‌നേക്ക് ഈലിനെക്കുറിച്ച് കേട്ടിട്ടില്ലേ.. കടലിന്റെ അടിത്തട്ടില്‍ ജന്മംകൊണ്ട് മീനായും ശരീരംകൊണ്ട് പാമ്പായും വിഹരിക്കുന്ന ജീവി''

''എനിക്കറിയാം''

''എന്നാല്‍ അങ്ങനെയൊന്നാണ് അയാള്‍. ഒരുപക്ഷേ നമ്മള്‍ അയാളെ മുഴുവനായി വിഴുങ്ങിയാല്‍ത്തന്നെ അഗ്രം കൂര്‍ത്ത ശക്തിയേറിയ വാലുകൊണ്ട് ശത്രുവിന്റെ ആമാശയം തൊളച്ചുപൊറത്തുവരാന്‍ കഴിവുള്ളവന്‍''

അല്പനേരംകൂടി കരഞ്ഞതിനുശേഷം സമ്പൂര്‍ണ്ണമായ തോല്‍വിയെ, പ്രയാസപ്പെട്ട് ത ന്റെ കണ്ണീരും വിയര്‍പ്പും മൂക്കളയും പതിഞ്ഞ തൂവാലയുടെ കൊഴുപ്പിലേയ്ക്ക് ചേര്‍ത്തൊട്ടിച്ച് രീവ മടങ്ങി. ഒരു പുരുഷനില്‍നിന്നും മറ്റൊരുവനിലേയ്ക്കുള്ള നേര്‍ത്ത ദൂരങ്ങളെമാത്രം അളന്നെടുത്ത അവളുടെ രസവിദ്യയില്‍ ചേരാതെപോയ എല്‍വിസ് ഒട്ടും കാല്പനികമല്ലാതെ എന്റെ ജീവിതത്തിലേയ്ക്ക് ക്രമേണ സഞ്ചാരം തുടങ്ങിയത് അങ്ങനെയാണ്. 

മേലുദ്യോഗസ്ഥരുമായിട്ടുള്ള പലതരം തര്‍ക്കങ്ങള്‍ കാരണം പട്ടണം ഖനനമുള്‍പ്പെടെയുള്ള സുപ്രധാന ഗവേഷണങ്ങളില്‍നിന്നും അവരെന്നെ അകറ്റിനിര്‍ത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. രീവ കാണാന്‍വന്ന് ഒരാഴ്ചയ്ക്കുശേഷം അവളെ കാണാനായി പനമ്പിള്ളിനഗറിലെ അവള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍പോയി. വര്‍ഷങ്ങളായി താന്‍ സമ്പാദിച്ച ബിയര്‍ബോട്ടിലുകളില്‍ സൂക്ഷ്മതയോടെ ചിത്രങ്ങള്‍ തീര്‍ക്കുന്ന തിരക്കിലായിരുന്നു അവളപ്പോള്‍.

''''നിന്റെ യാതൊരു വിവരവുമില്ലല്ലോ''

''എന്തേ... ചത്തെന്ന് വിചാരിച്ചോ''

''നീ ചാവില്ലെന്നുറപ്പല്ലേ... ഞാന്‍ കരുതി...'

ഒരു പതിഞ്ഞ പുഞ്ചിരിയോടെ ഞാനൊന്ന് നിര്‍ത്തി. രീവ ബിയര്‍ബോട്ടിലുകള്‍ ഓരോന്നായി അടുക്കുന്ന തിനിടയില്‍ ചോദിച്ചു.

''പറയെടീ കോപ്പേ...നീയെന്ത് മാങ്ങയാ കൊണച്ചേ...''

''അല്ലാ.... പുതിയേതേലുമൊരുത്തനെ കേറ്റിമേഞ്ഞിട്ട്, അവന്റെ സുഖംപിടിച്ച് കെടപ്പായിരിക്കൂന്ന്''

വലത്തെ കണ്ണിലേയ്ക്ക് വീണ മുടിയിഴകളെ ഇടങ്കൈകൊണ്ട് മാടിവെച്ചിട്ട് അവള്‍ പറഞ്ഞു.

''ഈ കോത്താഴത്തിലെ ഒരുത്തന്‍േറം ചൂട്...്‌നിക്ക് മണിക്കൂറുകള്‍, ഏറിയാലൊരു ദെവസം മാത്രേ നിന്നിട്ടൊള്ളടീ... ചെലവന്മാര് കരഞ്ഞ് നടന്നിട്ടൊണ്ട് പൊറകേ... പക്ഷെ എനിക്ക് വേണ്ടായിര്ന്ന്.. ആങ്ങനെ വേ ണോന്ന് തോന്നിയത് അവനെയാ... ജീവിതത്തിലെനിക്കൊന്ന് തൊടാന്‍പോലും പറ്റാത്ത ഒരുത്തന്‍''

അവളുടെ മുഖമപ്പോള്‍ വിഷാദത്തിന്റെ കാര്‍മേഘങ്ങള്‍ക്കൊണ്ട് നിറഞ്ഞു. അവളുടെ നോട്ടം തുളയ്ക്കുന്ന പൂച്ചക്കണ്ണുകളില്‍ കറുപ്പ് പടര്‍ന്നുകയറി.

''നിനക്കെന്നാത്തിനാടീ അയാളോടിത്ര ദേഷ്യം.. അങ്ങേര് നിന്നെ എന്തോ ചെയ്തിട്ടാ''

രീവ ഒരു കസേര വലിച്ചിട്ട് എന്റെ നേര്‍ക്കിരുന്നു. അവളുടെ മുഖത്ത് തമ്പടിച്ച നൈരാശ്യത്തിനൊപ്പം എന്തെന്നില്ലാത്ത ഒരു ഗൗരവം കനപ്പെട്ടു.

''ദേഷ്യമല്ലെടീ...അവനെന്നെ എന്തേലും ചെയ്താലല്ലേ അതിന്റെ കാര്യമൊള്ളൂ.. പക്ഷേ ലൈഫില്‍ ആദ്യമായിട്ടാ ആണൊരുത്തന്‍ എന്നെ അടപടലം കീറിക്കളഞ്ഞേ. ഇപ്പോ അവന്റെ..''

രീവയൊന്ന് നിര്‍ത്തിയിട്ട് തുടര്‍ന്നു.

''അവന്റെ ചൂരുമാത്രം ശ്വസിച്ച് ജീവിതാവസാനംവരെ കഴിയാനും ഞാനിപ്പോ ഒരുക്കമാ''

അതോടെ ഒരുപാട് കാലമായിട്ട് ഉള്ളില്‍കൊണ്ടുനടന്ന സംശയം ഞാനവളോട് ചോദിച്ചു.

''നിനക്കെന്ത് ആനന്ദമാണ് രീവ ഓരോ പുരുഷന്റെയും സ്വകാര്യതയെടുത്ത് അമ്മാനമാടുമ്പോള്‍ കിട്ടുന്നത്''

''ഞാനാരുടെയും സ്വകാര്യതയെടുത്ത് അമ്മനമാടുന്നില്ല. ഓരോരുത്തരെയും ഖനനം ചെയ്യുകയാണ്. അവരവരുടെ ഭൂപടങ്ങളില്‍നിന്നും അവര്‍ പോലുമറിയാതെ വിലപ്പെട്ട കുറിപ്പുകള്‍, ഓര്‍മ്മകളുടെ വെങ്കലപ്രതിമകള്‍, പ്രണയത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍, അങ്ങനെ പലതും കണ്ടെത്തി എന്റെ മാത്രം മ്യൂസിയത്തില്‍ സംരക്ഷിക്കുകയാണ്. ആത്മാര്‍ത്ഥസുഹൃത്തായ നിനക്കുപോലും അതിന്റെ പത്തിലൊരംശം ഞാന്‍ വെളിവാക്കിയിട്ടില്ല. ഒരാളെയെങ്കിലും നീയൊന്ന് കുഴിച്ചുനോക്കൂ.. അത്രയും സൂക്ഷ്മതയോടെ''

അവള്‍ സംസാരിച്ചുകഴിഞ്ഞപ്പോള്‍ അജ്ഞാതമായ ഒരിടത്തുനിന്നും പൊട്ടിയൊഴുകിയ ജല പ്രവാഹത്തില്‍ എനിക്ക് അകവും പുറവും തണുക്കുവാന്‍ തുടങ്ങി. രീവയോട് യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഒരാണിലേയ്‌ക്കെങ്കിലും ഉറപ്പോടെ കയറിച്ചെല്ലുവാന്‍ മനസ്സ് വെമ്പല്‍കൊണ്ടു. 

എന്തുകൊണ്ടാണ് നാലു കൊല്ലം ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടും നഗരത്തിന്റെ അങ്ങോളമിങ്ങോളം വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ തലപെരുപ്പിച്ചിട്ടും എല്‍വിസ്, രീവയ്ക്ക് ഒരുവിധത്തിലും പിടികൊടുക്കാതിരുന്നത്. അയാളുടെ ജീവിതത്തിന്റെ പുരാതന നഗരങ്ങളിലെവിടെയോ ഒറ്റപ്പെട്ട ഭൂഖണ്ഡത്തിലേയ്ക്ക് കടക്കുവാനുള്ള ഒറ്റ വരിപ്പാലം ജലംകൊണ്ട് ആഴത്തില്‍ മറയ്ക്കപ്പെട്ട നിലയില്‍ കുടികൊള്ളുന്നുണ്ടെന്ന് എനിക്ക് തോന്നി. 

അന്ന് രാത്രയില്‍ ഞാന്‍ രീവയെ വിളിച്ച് എല്‍വിസിനെ പരിചയപ്പെടണമെന്ന് പറഞ്ഞു. അല്പം ഞെട്ടലോടെയാണ് അവളത് കേട്ടതെങ്കിലും വളരെ വേഗത്തില്‍ അതിനുള്ള ഏര്‍പ്പാടുണ്ടാക്കാമെന്നേറ്റു. 

കടുത്തുരുത്തിയില്‍നിന്നും കഷ്ടിച്ച് പത്തുകിലോമീറ്റര്‍ അകലെ അച്ഛന്റെ വകയില്‍നിന്നും ഭഗംതിരിഞ്ഞ് കിട്ടിയ രണ്ടേക്കര്‍ സ്ഥലമുണ്ട്. ഒരിക്കല്‍ രീവയെയും കൂട്ടി ഞാന്‍ അവിടെ പോയിരുന്നു. നഗരത്തിന്റെ തിരക്കുകളില്‍നിന്നൊഴിഞ്ഞ്, അവിടെയുള്ള തറവാട് പൊളിച്ച് പുതിയതൊന്ന് പണിയണമെന്ന് ആഗ്രഹിച്ചിരുന്നു. രീവ അതിനായിട്ട് പല പ്ലാനുകളും ഒരുക്കിയതാണ്. അതൊന്നും എനിക്ക് ബോധിച്ചില്ല. ഇപ്പോള്‍ അവിടെയൊരു വീടുവെയ്ക്കാനുള്ള പ്ലാന്‍ തയ്യാറാക്കണമെന്ന് പറഞ്ഞാണ് അവള്‍ എല്‍വിസിനെ ഫ്‌ളാറ്റിലേയ്ക്ക് ക്ഷണിച്ചത്. ഞാന്‍ ചെല്ലുന്നതിനുമുന്‍പേ എല്‍വിസ് അവിടെയെത്തിയിരുന്നു. ആറടിപ്പൊക്കം തോന്നിക്കുന്ന മുഴുത്ത കണ്ണുകളുള്ള സാമാന്യം മെലിഞ്ഞ് ഇടതിങ്ങിയ നീണ്ട മുടിയും താടിയുമുള്ള രൂപമായിരുന്നു അയാളുടേത്. എപ്പോഴെങ്കിലും കണ്ടുമറന്ന മനുഷ്യരുമായി യാതൊരു സാമ്യവുമില്ലായിരുന്നു അയാള്‍ക്ക്. 

 

.................................................

അയാളുടെ ജീവിതത്തിന്റെ പുരാതന നഗരങ്ങളിലെവിടെയോ ഒറ്റപ്പെട്ട ഭൂഖണ്ഡത്തിലേയ്ക്ക് കടക്കുവാനുള്ള ഒറ്റ വരിപ്പാലം ജലംകൊണ്ട് ആഴത്തില്‍ മറയ്ക്കപ്പെട്ട നിലയില്‍ കുടികൊള്ളുന്നുണ്ടെന്ന് എനിക്ക് തോന്നി. 

chilla amalayalam short story by Tino Grace Thomas

 

''നിന്നെ കാത്തിരിക്കുവായിര്ന്ന്''

രീവ എല്‍വിസിന് എന്നെ പരിചയപ്പെടുത്തി. 

''ഇതാണ് ഞാന്‍ പറഞ്ഞ കക്ഷി, സുനിത. മൈ ബെസ്റ്റി. ഇവള്‍ക്ക് നീ നല്ലൊരു പ്ലാന്‍ വരച്ചുകൊടുക്കണം. ഞാന്‍ കൊറേ നോക്കിയതാ. അവള്‍ക്കൊന്നും മനസ്സിപ്പിടിക്കണില്ലെന്ന്''

തുടര്‍ന്ന് എനിക്ക് കേള്‍ക്കാനായി അവള്‍ പറഞ്ഞു.

''ഞങ്ങളുടെ കമ്പനിയിപ്പോള്‍ ഇവന്റെ തലയിലെ വരകള്‍ക്കനുസരിച്ചാ ചക്രമുരുട്ടുന്നേ. ഇവിടുത്തെ പ്രധാനപ്പെട്ട ബില്‍ഡിങ്‌സിന്റെയൊക്കെ പൊറകില്‍ ഇവനാ. ഈ പീസ് തീര്‍ന്നാല്‍ പിന്നെ പ്രളയമെന്നാ ബോസിന്റെ ഒരിത്''

രീവ പിന്നെയും എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നു. അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല എല്‍വിസ്. എങ്കിലും സംസാരിക്കുന്ന ചുരുങ്ങിയ സമയം പ്രയോഗിക്കുന്ന വാക്കുകള്‍ക്കുമേല്‍ സംഗീതത്തിന്റെ ആവരണം തീര്‍ത്തുകൊണ്ടിരുന്നു. അവന്റെ ശബ്ദത്തിന് അസാമാന്യമായ ആകര്‍ഷണത്വമുണ്ടായിരുന്നു. എല്‍വിസിന്റെ ചുണ്ടുകളുമായി, പുറത്തുപോരുന്ന ഓരോ വാക്കും ലോകാവസാനംവരേയ്ക്കുമുള്ള ഗാഢതയോടെ ചുംബിച്ചുതിര്‍ന്നു.

ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് നാട്ടിലേയ്ക്കുള്ള യാത്ര തീരുമാനിച്ചത്. അതില്‍നിന്നും രീവയെ എങ്ങനെ ഒഴിവാക്കിനിര്‍ത്തണമെന്ന് ആലോചിക്കുമ്പോഴാണ് തനിക്കിണങ്ങുന്ന ചെറിയൊരു നുണകൊണ്ട് ഞാനുണ്ടാവില്ലെന്ന് അവളറിയിച്ചത്. നിരന്തരം സംഭവിച്ച തോല്‍വികളെ അത്രയെളുപ്പത്തില്‍ ഉള്‍ക്കൊള്ളുവാന്‍ അവള്‍ക്ക് സാധിക്കുമായിരുന്നില്ല.

എന്റെ കാറിലാണ് ഞങ്ങള്‍ നാട്ടിലേയ്ക്ക് തിരിച്ചത്. സാവധാനമുള്ള യാത്രയായിരുന്നതിനാല്‍ വെയില്‍ ചാഞ്ഞ് തുടങ്ങിയപ്പോഴാണ് കടുത്തുരുത്തിയിലെത്തിയത്. അച്ഛന്‍ ജനിച്ച മണ്ണും ഞങ്ങള്‍ ജീവിച്ച നാടും എല്‍വിസിന് കാണിച്ചുകൊടുത്തു. അധികം പ്രതികരണങ്ങളൊന്നുമില്ലാതെ പറമ്പും അതിലെ പഴകിദ്രവിച്ച വീടും വിശദമായി ചുറ്റിനടന്ന് കണ്ടശേഷം അയാള്‍ ഒന്നിനുപുറകേയൊന്നായി ഏഴ് പ്ലാനുകള്‍ എന്നോട് പറഞ്ഞു. തന്റെ കൈയ്യിലിരുന്ന ടാബില്‍ സ്റ്റിക്ക് പാഡ്‌കൊണ്ട് അതിവേഗം വരച്ചെടുത്ത അവയെല്ലാംതന്നെ മികവുറ്റവയായിരുന്നു.

''എല്‍വിസിന് ഇതിലേതാണോ ഇഷ്ടം അത് നമുക്ക് പ്രൊസീഡ് ചെയ്യാം''

ഞങ്ങള്‍ സഞ്ചരിച്ച കാര്‍ മാന്‍വെട്ടം കവലതിരിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. എല്‍വിസ് ആശ്ചര്യത്തോടെ  ന്നെ നോക്കി. പിന്നെ തന്റെ സുന്ദരമായ ശബ്ദത്തില്‍ പറഞ്ഞു. 

''എന്റെ ജീവിതത്തില്‍... ഇങ്ങനെയൊന്ന് ആദ്യമായിട്ടാ''

''എന്ത്''

''അല്ലാ, സാധാരണയെല്ലാവരും നമ്മള്‍ കൊടുക്കുന്ന പ്ലാനിലൊന്ന് തെരഞ്ഞെടുക്കും. ചെലരാണെങ്കില്‍ അവരുടെ കുറേ സജഷന്‍സ് പറയും. അതനുസരിച്ച് നമ്മള്‍ മാറ്റിവരയ്ക്കും. എന്നാലും ഇതുപോലൊരു പറച്ചില്‍ സത്യമായും ആദ്യായിട്ടാ''

അത് പറയുമ്പോള്‍ അയാളുടെ മുഖം സന്തോഷംകൊണ്ട് തുടുക്കുന്നത് കാണാമായിരുന്നു. പിന്നീടൊരിക്കല്‍ ഞങ്ങളൊരുമിച്ചുപോയി പറമ്പ് വെട്ടിത്തെളിച്ചു. ജീവിതത്തിലേയ്ക്ക് ഒരു പുരുഷനേയും കയറ്റിവിടുവാനുള്ള യോഗ്യതയില്ലെന്ന് കരുതിയിരുന്ന എന്നിലേയ്ക്ക് എല്‍വിസ് ജോണ്‍ പ്രിസ്‌ലി വളരെ വേഗത്തില്‍ കയറിക്കൂടി. 

കടുത്ത പനിയുള്ള ഒരു പകലില്‍ ഞാന്‍ പൊള്ളിപ്പിടയുന്നതിനിടെ എല്‍വിസ് എന്നെ വിളിച്ചു. സുഖമില്ലെന്നറിഞ്ഞപ്പോള്‍ എറണാകുളത്തെ ട്രാഫിക് ബ്ലോക്കുകളെ എങ്ങനെയൊക്കെയോ മുറിച്ച് ഫ്‌ലാറ്റിലെത്തി. ആശുപത്രിയില്‍ പോകാന്‍ പലതവണ നിര്‍ബന്ധിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് ഞാന്‍ വിലക്കി. ചെറുപ്പം മുതലേ കാര്യമല്ലാത്ത ഒരു രോഗത്തിനും ഡോക്ടറെ സമീപിക്കുന്ന ശീലമുണ്ടായിട്ടില്ല. അവനുണ്ടാക്കിയ ആവിപറക്കുന്ന കടുകടുപ്പന്‍ ചുക്കുകാപ്പിയൂതിയിറക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.

''എല്‍വിസ്, എനിക്കൊരു കഥ പറഞ്ഞുതരാന്‍ പറ്റുമോ''

അയാള്‍ അല്പനേരം നിശ്ശബ്ദനായിനിന്നു. പിന്നെ നെറ്റിയിലേയ്ക്ക് വെള്ളത്തില്‍ മുക്കിയ ഒരു തുണ്ട് തുണി പ തിപ്പിച്ചുതന്നു. 

''സുനിതാ.... ഒരിക്കല്‍പ്പോലും എന്നെ ഖനനം ചെയ്യുവാന്‍ ഒരാളെയും ഞാന്‍ സമ്മതിച്ചിട്ടില്ല. രീവ അതിന് പലതവണ ശ്രമിച്ചതാണ്''

ഞാന്‍ ചൂടുള്ള ദ്രാവകം നിറഞ്ഞ ഗ്ലാസ് മേശപ്പുറത്തുവെച്ചു. പനിയുടെ ക്ഷീണത്തിലേയ്ക്ക് ജൈവികമായി ഇരച്ചെത്തിയ ധൂര്‍ത്തമായ ഉത്സാഹത്തോടെ ചോദിച്ചു.

''സത്യത്തിലെന്താണ് നിങ്ങള്‍ക്കിടയിലുണ്ടായത്''

എല്‍വിസ് എന്റെ നെറ്റിയില്‍ പതിപ്പിച്ച തുണിക്കഷണത്തിന്റെ ചുളിവുകള്‍ നേരെയാക്കിയിട്ട് തുടര്‍ന്നു.

''അവളില്‍ ഞാന്‍ സ്‌നേഹത്തിന്റെ ഉറപ്പുകളൊന്നും കണ്ടിരുന്നില്ല. അവള്‍ക്ക് വേണ്ടിയിരുന്നത് എന്റെ ഭൂതകാലമാണ്. അതിന്റെ കയ്പ്പിലോ മധുരത്തിലോ, ഏതിന്റെ തുടര്‍ച്ചയിലാണ് ഞാന്‍ ജീവിക്കുന്നതെന്നറിയണമായിരുന്നു. അതുകൊണ്ടാണ് ഓരോ തവണയും രീവയുടെ ശ്രമങ്ങളെ ഞാന്‍ പരാജയപ്പെടുത്തിയത്''

സുഖകരമായ നിദ്ര ആശംസിച്ച് വാതില്‍ തുറന്ന് പോകാന്‍ തുടങ്ങുമ്പോള്‍ എല്‍വിസ് ഒന്ന് നിന്നു.

''സുനിതാ..... പനി മാറിയതിനുശേഷം താനെനിക്കൊരു സഹായം ചെയ്യണം. ഒരിടംവരെ നമുക്ക് പോകേണ്ടതുണ്ട്. അന്ന് ഭൂമിയിലെ ഏറ്റവും നിഗൂഢത നിറഞ്ഞ കഥ ഞാന്‍ പറഞ്ഞുതരും'' 

അയാളുടെ ജീവിതത്തിലേയ്ക്ക് കയറിപ്പോകുവാനുള്ള ഒറ്റവരിപ്പാലം ആഴങ്ങളെ വകഞ്ഞ് വെളിപ്പെടുന്നതായി എനിക്ക് അനുഭവപ്പെട്ടു. ദിവസങ്ങള്‍ക്കുശേഷം ദുഃസ്വപ്നങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഞാനുണര്‍ന്നു. എന്റെ പനിക്കിടയ്ക്കുചുറ്റും എല്‍വിസിന്റെ മണം നിറഞ്ഞു. രാത്രികളില്‍ അയാളുടെ ശബ്ദം നക്ഷത്രങ്ങളെപ്പോലെ തിളങ്ങി. മനസ്സിന്റെ അറവാതിലുകള്‍ തുറന്ന് തിട്ടപ്പെടുത്താനാവാത്തത്രയും ചിത്ര ശലഭങ്ങള്‍ പറന്നിറങ്ങി. ആകാശവും ഭൂമിയും അപ്രത്യക്ഷമാവുന്ന നാള്‍വരെയും എല്‍വിസിന്റെ നിറഞ്ഞ കാഴ്ചയില്‍ പതിയാന്‍ ഞാന്‍ ആഗ്രഹിച്ചു.

 

............................................

അയാളുടെ ജീവിതത്തിന്റെ പുരാതന നഗരങ്ങളിലെവിടെയോ ഒറ്റപ്പെട്ട ഭൂഖണ്ഡത്തിലേയ്ക്ക് കടക്കുവാനുള്ള ഒറ്റ വരിപ്പാലം ജലംകൊണ്ട് ആഴത്തില്‍ മറയ്ക്കപ്പെട്ട നിലയില്‍ കുടികൊള്ളുന്നുണ്ടെന്ന് എനിക്ക് തോന്നി. 

chilla amalayalam short story by Tino Grace Thomas

 

ഒരിക്കല്‍ എല്‍വിസ് എന്നെയുംകൂട്ടി ഒരു ഗ്രാമത്തിലേയ്ക്ക് യാത്രതിരിച്ചു. ആ ഗ്രാമത്തിനു ചുറ്റും കടല്‍ അതിന്റെ ഉപ്പുവെള്ളംകൊണ്ട് കവചങ്ങള്‍ തീര്‍ത്തിരുന്നു. ഗ്രാമത്തിലേയ്ക്ക് കടക്കുവാനുള്ള പാലം കയറുമ്പോള്‍ എല്‍വിസിലേയ്ക്കുള്ള ഒറ്റവരിപ്പാലം കഥകളുടെ നിധികുംഭങ്ങളുമായി പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി. മുള്‍പ്പടര്‍പ്പുകള്‍ പടര്‍ന്ന് വികലമായ ഒരു പറമ്പില്‍ ഞങ്ങളുടെ കാര്‍ നിന്നു. എല്‍വിസും ഞാനും വെളിയിലിറങ്ങി.

''ഇതാണ് ഞാന്‍ പിറന്ന മണ്ണ്''

പേടി നിറച്ചുവെച്ച ഭൂമികയെ ചൂണ്ടി എല്‍വിസ് പറഞ്ഞു. പറമ്പിനൊത്ത നടുക്ക് വള്ളിച്ചെടികള്‍കൊണ്ട് നിറഞ്ഞ് നൂറ്റാണ്ടുകള്‍ പഴക്കംചെന്ന ഒരു സസ്യഭവനം കാണാം. ഞാന്‍ ചുറ്റിലും കണ്ണോടിച്ചു. അടുത്തെങ്ങും മനുഷ്യവാസത്തിന്റെ തരിപോലുമില്ല. അയാള്‍ എന്നെയുംകൊണ്ട് വീട്ടിനടുത്തേയ്ക്ക് നടന്നു. അകത്തുനിന്നും അസാമാന്യവലുപ്പത്തിലൊരു പഴുതാര ഇഴഞ്ഞുനീങ്ങി. എന്റെ കാല്‍പ്പാദങ്ങള്‍ക്കിടയിലൂടെ ഭയത്തിന്റെ ചക്രത്തരിപ്പ് പാഞ്ഞോടി.

''എല്‍വിസ് ഇതേതാണ് സ്ഥലം. എനിക്ക് പേടിയാകുന്നു''

എല്‍വിസ് എന്റെ വലത്തെ തോളില്‍ കൈത്തലം അമര്‍ത്തിയിട്ട് പറഞ്ഞു.

''പേടിക്കണ്ട സുനിതാ.. മരണത്തെക്കാള്‍ വലിയ സത്യമില്ല.'' 

അയാള്‍ ഞാനുമായി മുന്നിലുള്ള തകര്‍ന്നടിഞ്ഞ വാതിലിനിടയിലൂടെ വീട്ടിനകത്തേയ്ക്ക് പോയി. ഒരു കൂട്ടം പ്രാണികളുടെ അസഹനീയമായ മൂളലിലേയ്ക്ക് ഞാന്‍ സ്വീകരിക്കപ്പെട്ടു. വീട്ടിനുള്ളിലെ സകല വസ്തുക്കളും തിരിച്ചറിയാന്‍ പറ്റാത്ത വിധം കാലപ്പഴക്കത്തില്‍ ചിതലെടുത്തുപോയിരുന്നു. മാസങ്ങളായി തീര്‍ത്ഥയാത്രയ്ക്ക് പോയിരുന്ന ചെന്നിക്കുത്ത് സാത്വികമായ രൗദ്രഭാവത്തോടെ എന്നില്‍ നാമ്പിടാന്‍ തുടങ്ങി. കടുത്ത വേദനയില്‍ കണ്ണൊന്ന് ചിമ്മി തുറന്നപ്പോള്‍ ഒരു സ്ത്രീരൂപം അതിവേഗം വെട്ടിമാഞ്ഞു. പെട്ടെന്നുള്ള പകപ്പോടെ പുറകോട്ട് നോക്കിയപ്പോള്‍ നഗ്‌നമായ ഒരു നിഴല്‍ നെടുകെ കീറി നിലത്തുവീണു. അകലെ എവിടെയോ വെടി ശബ്ദംപോലൊന്ന് കേട്ട്, ഹൃദയമിടിപ്പ് ആനവണ്ടിയുടെ ചുരം കയറുമ്പോഴുണ്ടായ ആകസ്മികതയോടെ ഒറ്റനിമിഷത്തേയ്ക്ക് സഡന്‍ബ്രേക്കിട്ടു. അടക്കിവെച്ച ഭയം നീളമുള്ള കരച്ചിലായി രൂപാന്തരപ്പെട്ടു. ആ നിമിഷം അയാള്‍ വന്യമായി ചിരിക്കാന്‍ തുടങ്ങി. 

''സുനിത..... നീയൊരു പുരാവസ്തു ഗവേഷകയല്ലേ. ഇതൊന്ന് കുഴിച്ചുനോക്ക്. കണ്ണീരില്‍ പുതഞ്ഞ കഥകള്‍ നിനക്ക് കിട്ടും. ഇപ്പോള്‍ ഇഴഞ്ഞുപോയ പഴുതാരയുടെ മുത്തച്ഛന്റെ ഫോസ്സില്‍, എന്റെ വല്യപ്പന്റെ ചരിത്രരേഖപോലെ കാര്‍ബണൈറ്റ് ചെയ്യപ്പെട്ടത്. കണ്ണുതുറന്ന് നോക്ക്. ഒരുപാട് കഥകളുണ്ടിവിടെ മോക്ഷം കിട്ടാതെ''

''എല്‍വിസ് എനിക്ക് പോണം. ദയവായി ഇവിടെയെന്നെ നിര്‍ത്തരുത്. പ്ലീസ് നമുക്ക് പോകാം''

പേടിയും അപരിചിതത്വവുംകൊണ്ട് ഞാന്‍ വാക്കുകളില്ലാതെ വിക്കിവിക്കി പറഞ്ഞു. അവനെന്റെ തോളില്‍ പതിയെ തട്ടി. കണ്‍പോളകളെ മറികടന്നുവന്ന വെള്ളത്തുള്ളികളെ തുടച്ചുകൊണ്ട് ഞാനുമായി കാറിലേയ്ക്ക് കയറി. പരസ്പരം ഒരക്ഷരംപോലും മിണ്ടാതെ ഞങ്ങള്‍ തിരികെപോന്നു.

ഏതാനും ദിവസങ്ങള്‍ ഒരു ഗര്‍ത്തത്തിനുള്ളില്‍പ്പെട്ടതുപോലെ വഴിയറിയാതെ എനിക്ക് ശ്വാസംമുട്ടി. രീവയെ വിളിക്കാന്‍ പലവട്ടം തുനിഞ്ഞെങ്കിലും ഒടുവിലത് വേണ്ടെന്നുവെച്ചു. എല്‍വിസിന്റെ ഫോണ്‍കോളുകള്‍ ഞാനെടുക്കാതായി. സമയം ദിവസങ്ങളായി പുതുമകളില്ലാതെ നീങ്ങിമാറി. അങ്ങനൊരുനാള്‍ എല്‍വിസ് എന്നെത്തേടി വന്നു. മുഖവുരകളില്ലാതെ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. 

''സുനിതാ.. ഒരു കാര്യം പറയാനാണ് ഞാന്‍ വന്നത്. അത് പറഞ്ഞിട്ട് നിന്നില്‍നിന്നും ഞാന്‍ മടങ്ങും. ദയവായി നീ എന്നെ കേള്‍ക്കണം''

നഷ്ടപ്പെട്ടുപോയ ഉറപ്പുകളെ രണ്ടും കല്പിച്ച് ഞാന്‍ തിരികെപ്പിടിച്ചു.

''പറയൂ എല്‍വിസ്..... കേള്‍ക്കാന്‍ തയ്യാറാണ്''

''നീയൊരു കഥ പറയാന്‍ ആവശ്യപ്പെട്ടിരുന്നില്ലേ. ആരോടും പറയാത്ത, ആരും കേള്‍ക്കാത്ത എല്‍വിസ് ജോണ്‍ പ്രിസ്ലിയുടെ കഥ പറയാനാണ് ഞാന്‍ വന്നത്''

മേശപ്പുറത്തിരുന്ന ജഗ്ഗില്‍നിന്നും ഒരിറക്ക് വെള്ളം കുടിച്ചശേഷം അവന്‍ പറയാന്‍ തുടങ്ങി.

''എന്റെ അപ്പന്‍ റൂഹ കൊല്ലപ്പെടുന്ന ദിവസം വീട്ടില്‍ പതിവില്ലാത്തവിധമുള്ള ഒരുക്കങ്ങള്‍ നടന്നു. അമ്മച്ചി ചന്തയില്‍പ്പോയി പോത്തിറച്ചി വാങ്ങി കുരുമുളകിട്ട് ഉലര്‍ത്തി. അപ്പന് കുരുമുളകിന്റെ രുചി ഒരു ലഹരി യായിരുന്നു. അതിന്റെ അളവ് വ്യത്യാസത്തിനനുസരിച്ച് അമ്മച്ചിയുടെ രക്തം പലതവണ ഞങ്ങളുടെ പെരയ്ക്കകം തെളിച്ച് കിടന്നിട്ടുണ്ട്. വീട് അടിച്ചുവാരി വൃത്തിയാക്കി പുല്‍ത്തൈലംകൊണ്ട് തുടച്ചു. മുറ്റം തൂത്ത് വെടിപ്പാക്കി കായം കലക്കിയ വെള്ളമൊഴിച്ച് ഇഴജന്തുക്കളെ അകറ്റിനിര്‍ത്തി. പുണ്യാളന്റെ രൂപക്കൂട് തെളിച്ച് ഏറെനേരം അമ്മച്ചി കണ്ണുകളടച്ചുനിന്നു. ആകെമൊത്തം പുതുക്കപ്പെട്ട പ്രകാശത്തിലേയ്ക്കാണ് അപ്പന്‍ കയറിവന്നത്. ലോറിക്കാരനായിരുന്ന അപ്പന് അമ്മച്ചിയുടെ പേര് കൈമോശം വന്നിരുന്നു. കാട്ടുപോത്തിന്റെ ശൗര്യത്തില്‍ അമ്മച്ചിയെ ഭോഗിക്കുന്ന രാത്രികളില്‍, ചെലപ്പോഴൊക്കെ പകലുകളിലും, തൊട്ടുമുന്‍പ് നടത്തിയ ഊരുചുറ്റലില്‍ താന്‍ ഭോഗിച്ച സ്ത്രീയുടെ പേര് വിളിക്കപ്പെട്ടു. ഓരോ തവണയും അപ്പന്റെ ആണ്‍പോരിനുള്ളില്‍ അമ്മച്ചിയുടെ പേരുകള്‍ മാറിമാറിവന്നു. സത്യമായും സുനിത, എന്നെപ്പെറ്റെടുത്ത അമ്മച്ചിയുടെ പേര് ഉറപ്പിച്ച് പറയാന്‍ എനിക്കും സാധിക്കുമായിരുന്നില്ല. സ്വന്തമായി പേരുപോലും നഷ്ടപ്പെട്ട ഒരു സ്ത്രീ പുണ്യാളനോട് അത്ഭുതങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നതായി വിളിച്ചറിയിച്ച രാത്രിയില്‍ അമ്മച്ചി അപ്പനെ തുറന്നുപിടിച്ച നഗ്‌നതയിലേയ്ക്ക് പ്രവേശിപ്പിച്ചു. തുറന്നിട്ട വാതിലിനു വെളിയില്‍ ലിംഗചലനങ്ങളില്ലാതെ ഞാനത് നോക്കിനിന്നു. തനിക്ക് സാധ്യമായ എല്ലാ അഭ്യാസപ്രകടനങ്ങള്‍ക്കുമൊടുവില്‍ അപ്പന്‍ അമ്മച്ചിയുടെ മാറിലേയ്ക്ക് തളര്‍ന്നുവീണു. പതിയെ അപ്പന്റെ ശ്വാസഗതി തടസപ്പെടാന്‍ തുടങ്ങി. കണ്ണുകള്‍ ചുവന്ന് ഞരമ്പുകള്‍ പുറത്തേയ്ക്കുന്തി കഴുത്തിലൊരു പിടിത്തം വീണതു പോലെ പിടയാന്‍ തുടങ്ങി. പിടച്ചില്‍ അധികമായപ്പോള്‍ അമ്മച്ചി അപ്പനെ കിടക്കയിലേയ്ക്ക് മറിച്ചിട്ടു. നൂല്‍ബന്ധമില്ലാതെഴുന്നേറ്റ് കട്ടിലില്‍ ചമ്രംപടിഞ്ഞിരുന്നു. ശ്വാസം കിട്ടാതെ പകച്ചുപോയ അപ്പന്റെ ശരീരത്തെ തന്റെ തുടയുടെ വിസ്തൃതിയിലേയ്ക്ക് ചേര്‍ത്തുവെച്ചു. അപ്പന്റെ ലിംഗത്തില്‍ മുറുകെപ്പിടിച്ച് അതുവരെ കേട്ടുപഴകിയ സ്ത്രീനാമങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. തനിക്കറിയാവുന്ന അവസാനത്തെ പേരും വിളിച്ചുചൊല്ലിയശേഷം അപ്പന്റെ നെറ്റിയില്‍ ചുംബിച്ചിട്ട് പറഞ്ഞു. 

''പ്രിയപ്പെട്ടവനെ നിന്റെ അന്നത്തില്‍ ഞാന്‍ മോക്ഷത്തിന്റെ വിഷം കലക്കിയിരിക്കുന്നു. സുഖമായി ഉറങ്ങുക. നിന്നോടൊപ്പം ഞാന്‍ ജീവിക്കുന്നുവെന്നറിക''

ഒരു പിയാത്ത ശില്‍പം സംസാരിക്കുന്നതുപോലെയായിരുന്നു അമ്മച്ചിയുടെ പറച്ചില്‍. വലിയ പിടപ്പോടെ അപ്പന്റെ ദേഹം നിശ്ചലമാകുന്നത് ഞാനറിഞ്ഞു. പെണ്ണെന്ന ഭാരത്തെ ശരീരത്തിന്റെ തടവറയില്‍നിന്നും മോചിപ്പിച്ച ഊറ്റത്തോടെ അമ്മച്ചി എനിക്ക് മുന്നിലൂടെ നടന്നുനീങ്ങി. പിന്നീടൊരിക്കലും ഞാനവരെ കണ്ടിട്ടില്ല സുനിത.. തിരിച്ചുവരവുകളില്ലാത്ത ആ രാത്രിയില്‍ ഞാനും അലിഞ്ഞില്ലാതായിപ്പോയിരിക്കും''

എല്‍വിസ് വിയര്‍ത്തുകുഴഞ്ഞ മനുഷ്യനായി എന്റെ മടിയില്‍ വീണു. അവിശ്വസനീയമായ ചരിത്രം കേള്‍ക്കപ്പെട്ട വിദ്യാര്‍ഥിനിയെപ്പോലെ ഞാന്‍ നനഞ്ഞൊട്ടി. എല്‍വിസിന്റെ തലയില്‍ പതിയെ തലോടിക്കൊണ്ട് മുഖത്ത് കൈകള്‍ ചേര്‍ത്ത് നെറ്റിയില്‍ ചുംബിച്ചു. ഓര്‍മ്മകള്‍കൊണ്ട് ക്ഷീണിച്ചുപോയ എല്‍വിസിന്റെ മുഖം മാറിലേയ്ക്ക് ചേര്‍ത്തുവെച്ചു. ജനാല വിരികളെ വകഞ്ഞ് കട്ടിയേറിയ തണുപ്പ് മുറിയി ലേയ്ക്ക് പ്രവേശിച്ചു. കൈയ്യറ്റത്തുവെച്ച മൊബൈലെടുത്ത് രീവയെ ഡയല്‍ ചെയ്തു. ഏതാനും റിങ്ങിനു ശേഷം രീവ ഫോണെടുത്തു.

''രീവാ''

അഹങ്കാരത്തോടെ ഞാന്‍ വിളിച്ചു. 

''ഒരു വ്യക്തിയിലേയ്ക്ക് കടന്നുചെല്ലാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്താണെന്നറിയുമോ''

മറുതലയ്ക്കല്‍ തികഞ്ഞ നിശബ്ദതമാത്രം.

''അത്... കുറുക്കുവഴികളില്ലാതെ സഞ്ചരിക്കുക എന്നതാണ്''

രീവയുടെ മറുപടിക്ക് കാത്തുനില്‍ക്കാതെ ഞാന്‍ കോള്‍ കട്ട് ചെയ്തു. 

എല്‍വിസിന്റെ മുഖത്ത് ബലമില്ലാത്ത ഒരു ചിരിനിറഞ്ഞു. 

തിരിച്ചുവരവിലേയ്ക്ക് ഒരു രാത്രി പതിയെ അപ്രത്യക്ഷമായി.   

Follow Us:
Download App:
  • android
  • ios